തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതല്‍ ഒരു മാസക്കാലം ഓപ്പറേഷന്‍ ലൈഫിന്‍റെ ഭാഗമായി മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇതിന് പിന്നാലെയാണ് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ സുരക്ഷിത ഭക്ഷണം നല്‍കേണ്ടതാണ്. ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എഫ്എസ്എസ് ആക്‌ട് പ്രകാരം ഭക്ഷ്യ സുരക്ഷാ വകുപ്പും പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യ വകുപ്പും നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന്‍റെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്
മണത്തിലോ രുചിയിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്.
പാഴ്‌സലുകളില്‍ കൃത്യമായി തീയതിയും സമയവും രേഖപ്പെടുത്തണം.
ജിവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
ഭക്ഷ്യ സ്ഥാപനങ്ങള്‍, മത്സ്യ-മാംസ ശാലകള്‍, മാര്‍ക്കറ്റുകള്‍, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ ഉള്‍പ്പെടെ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തും.
വയോജന കേന്ദ്രങ്ങള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ഹോമുകള്‍ എന്നിവിടങ്ങളിലും പരിശോധനകള്‍ നടത്തും.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകര്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനോ ലൈസന്‍സോ ഉണ്ടായിരിക്കണം.
രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.