ന്യൂഡല്‍ഹി: രാജ്യത്താകമാനം 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മൂവായിരത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതൽ കോവിഡ് കേസുകള്‍ കേരളത്തിലാണ്. 24 മണിക്കൂറിനിടെ 64 കൊവിഡ് കേസുകളാണ് കേരളത്തില്‍ വര്‍ധിച്ചത്. രാജ്യത്തെ കോവിഡ് രോഗികളില്‍ 37 ശതമാനവും കേരളത്തിലാണ്.
കേരളത്തില്‍ 1147 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം സിക്കീം ആണ്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് സിക്കിമിന്റെ ഉയര്‍ന്ന പൊതുജനാരോഗ്യ നേട്ടത്തെയാണ് കണക്കാക്കുന്നത്. കോവിഡ് വ്യാപനം കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്ര കഴിഞ്ഞാൽ ഡല്‍ഹിയാണ് അടുത്തത്.
മഹാരാഷ്ട്രയില്‍ 467 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ 375 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിക്കിമില്‍ ഒരാള്‍ക്ക് പോലും കോവിഡ് ബാധയില്ല. ഗുജറാത്തില്‍ 265. കര്‍ണാടക 234, വെസ്റ്റ് ബംഗാള്‍ 205, തമിഴ്‌നാട് 185, ഉത്തര്‍ പ്രദേശ് 117 എന്നിങ്ങനെയാണ് കേസുകള്‍. കൂടാതെ ചെറിയ പ്രദേശങ്ങളായ പോണ്ടിച്ചേരി 41, ഹരിയാന 26 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.