രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ | Covid

കേരളത്തിൽ സജീവ കേസുകൾ 1679, 24 മണിക്കൂറിനുള്ളിൽ 192 പേർക്ക് രോഗം
Covid
Published on

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്. കേരളത്തിൽ 1679 സജീവ കേസുകളാണുള്ളത്. 24 മണിക്കൂറിനുള്ളിൽ 192 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേർ മരിച്ചു. ഇതിൽ രണ്ട് മരണം കേരളത്തിലാണ്. 74 വയസുള്ള സ്ത്രീയും 79 വയസുള്ള പുരുഷനുമാണ് മരിച്ചത്. കർണാടകയിലും പഞ്ചാബിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതൽ കേസുകളുടെ വർധനവുണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണെന്ന് കേന്ദ്രസർക്കാരിൻ്റെ കണക്കുകൾ പറയുന്നു.

ഗുജറാത്തിൽ 615 സജീവ കേസുകളും പശ്ചിമ ബംഗാളിൽ 596 കേസുകളും ഡൽഹിയിൽ 562 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച നാല് പേരും പ്രായം ചെന്നവരാണെന്നും പ്രമേഹം, ഉയർന്ന രക്തസമ്മർദം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുള്ളവരാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളാണെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവാണെന്നാണ് വിലയിരുത്തൽ. ഓക്സിജൻ, ബെഡുകൾ, വെൻ്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം പനി, ശ്വാസസംബന്ധമായ അസുഖം, മറ്റ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ കൊവിഡ് പരിശോധന നിർബന്ധമായും നടത്തണം. റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ആർടിപിസിആർ ചെയ്യണമെന്നും നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗം, കൈകഴുകൽ തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് ടെസ്റ്റിന് ജില്ലകളിലെ ആർടിപിസിആർ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com