

ഒട്ടനവധി ഔഷധഗുണങ്ങളുടെ ഉറവിടമാണ് ചിറ്റരത്ത. ഔഷധനിര്‍മ്മാണത്തിനുവേണ്ടി ധാരാളം ഉപയോഗിക്കുന്ന മരുന്നാണ് ചിറ്റരത്ത. വാദസംബന്ധമായ പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ശമനമുണ്ടാക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദം. ചിറ്റരത്തയുടെ ഭൂകാണ്ഢമാണ് ഔഷധയോഗ്യമായത്.
ആയുർവേദ ഔഷധങ്ങളിൽ പ്രധാനപ്പെട്ട രാസ്നാദി ചൂർണത്തിലെ ചേരുവകളിലൊന്നാണ് ചിറ്റരത്ത. ബാലചികിത്സാരംഗത്ത്, നീര്‍വീഴ്ച, ചുമ, കഫകെട്ട് മൂലമുള്ള നെഞ്ചുവേദന എന്നിവയുടെ ചികിത്സയില്‍ രാസ്നാദി ചൂര്‍ണ്ണം, തേനില്‍ ചാലിച്ച് വൈദ്യവിധിപ്രകാരം ഉപയോഗിക്കാവുന്നതാണ്.
ചിറ്റരത്തയിലെ രാസഘടകങ്ങള്‍ കാംഫറൈഡ്, ഗലാന്‍ ഗിന്‍, ആല്‍പിനിന്‍ എന്നീ മൂന്ന് രാസതത്ത്വങ്ങളും കേന്ദ്രത്തില്‍ ബാഷ്പീകരണസ്വഭാവമുള്ള ഒരു തൈലവും ഉണ്ട്. തൈലത്തിന്‍റെ നിറം ഇളംമഞ്ഞയാണ്. ഈ തൈലത്തില്‍ 48 ശതമാനം മീഥൈല്‍ സിന്നമേറ്റ്, 20-30% സിനിയോള്‍, കര്‍പ്പൂരം, ഡി-പൈനിന്‍ ഇവ അടങ്ങിയിട്ടുണ്ട്.
ഇഞ്ചിക്കൃഷിക്കു അനുയോജ്യമായ സ്ഥലങ്ങളിലെല്ലാം ചിറ്റരത്തയും കൃഷി ചെയ്യാം. സാധാരണ ഔഷധികളില്‍ നിന്ന് വ്യത്യസ്തമായ ഇഷ്ടാനിഷ്ടങ്ങളുള്ള ഔഷധസസ്യമാണ് ചിറ്റരത്ത. ഒരു ചുവട്ടില്‍ തന്നെ വളരെയധികം ചിനപ്പുകള്‍ പൊട്ടി കൂട്ടമായി വളരുന്ന സ്വഭാവമുള്ള സസ്യമാണിത്.