
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഭക്ഷണമാണ് സ്മൂത്തികൾ. കട്ടിയിൽ അരച്ചെടുക്കുന്ന ഇത് പെട്ടന്ന് വയറു നിറയ്ക്കുകയും വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും. കാലറി കുറഞ്ഞതും പോഷണങ്ങൾ നിറഞ്ഞതുമായ ഈ സ്മൂത്തി ആരോഗ്യത്തെ സംരക്ഷിക്കും.
ബീറ്റ്റൂട്ട് സ്മൂത്തി
ബീറ്റ്റൂട്ട് – 1 ചെറുത്, അരിഞ്ഞത്
കാരറ്റ് – മീഡിയം, അരിഞ്ഞത്
വെള്ളരി – 1 അരിഞ്ഞത്
ആപ്പിൾ – 1 അരിഞ്ഞത്
ഇഞ്ചി – 1 ഇഞ്ച്
ഇവയെല്ലാം ഒരുമിച്ച് അരച്ചെടുത്ത് ഉപയോഗിക്കാം.
ഫൈബർ ധാരാളമായുള്ള ബീറ്റ്റൂട്ട് ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി, പൊട്ടാസിയം, എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കാലറി കുറഞ്ഞ കാരറ്റിൽ വൈറ്റമിൻ കെ1, പൊട്ടാസിയം എന്നിവയുണ്ട്. വെള്ളരിയിൽ വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ കാലറി കൂടുകയേയില്ല. ശരീരത്തിൽ ജലാംശം നിലനിർത്താം, വൈറ്റമിനുകളായ എ, കെ, സി എന്നിവയും ധാരാളമായുണ്ട്. ആപ്പിളിൽ ആന്റി ഓക്സിഡന്റുകൾ ഒരുപാടുണ്ട്. വയറു നിറഞ്ഞിരിക്കാൻ അത് സഹായിക്കും. ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യും. ബ്ലോട്ടിങ് കുറച്ച് ശരീരഭാരം കുറയാൻ സഹായിക്കും.