
ശരീരഭാരം കുറയുന്നില്ലേ? ഭക്ഷണക്രമത്തിൽ ഈ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കൂ. ശരീരഭാരം കുറയ്ക്കാൻ സഹായകരമാണ്.
1. മുട്ട
പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് ഉച്ചഭക്ഷണ സമയം വരെ വിശപ്പിനെ നിയന്ത്രിക്കും. മുട്ടകളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. രാവിലെ ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നവർ ദിവസം മുഴുവനും കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂവെന്നാണ് പഠന റിപ്പോർട്ട്.
2. ആപ്പിൾ
ഭക്ഷണത്തിന് ഏകദേശം 30 മിനിറ്റു മുൻപ് ആപ്പിൾ കഴിക്കുന്നതു വളരെ ഗുണം ചെയ്യും. ആപ്പിളിലെ നാരുകളും വെള്ളവും വയർ നിറയ്ക്കാൻ സഹായിക്കും, ഇത് പിന്നീടുള്ള ഭക്ഷണത്തിന്റെ അളവു കുറയ്ക്കും.
3. ഡാർക്ക് ചോക്ലേറ്റ്
മധുരം കഴിക്കാൻ തോന്നുമ്പോൾ ഡാർക്ക് ചോക്ലേറ്റ് കഴിക്കുക. ഡാർക്ക് ചോക്ലേറ്റ് ശരീരത്തിനും മനസ്സിനും നല്ലതാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കാനും ഇതു സഹായിക്കും.
4. ഓട്സ്
മറ്റ് ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകളും പ്രോട്ടീനും ഉയർന്ന അളവിലാണ്. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ ഓട്സ് ഡയറ്റിൽ ഉൾപ്പെടുത്താം.
5. അവക്കാഡോ
പ്രഭാതഭക്ഷണത്തിൽ അല്ലെങ്കിൽ ഉച്ചഭക്ഷണത്തിൽ പകുതി അവോക്കാഡോ ഉൾപ്പെടുത്താം. ഭക്ഷണം കഴിച്ച ഉടനെ വിശപ്പു തോന്നാതിരിക്കാൻ ഇതു സഹായിക്കും.