വ്രതം, വിശ്വാസം, നിഗൂഢത; അഘോരി സന്യാസികൾ | The Aghoris

വ്രതം, വിശ്വാസം, നിഗൂഢത; അഘോരി സന്യാസികൾ | The Aghoris
Published on

അഘോരികൾ, മനുഷ്യ ചാരം ശരീരം മുഴുവൻ പൂശി മനുഷ്യ തലയോട്ടി ഹാരമായി ധരിച്ച് ചുണ്ടുകൾക്കിടയിൽ കഞ്ചാവ് ചുരുട്ടിവലിച്ച ,പച്ച മനുഷ്യ മാംസം ഭക്ഷിച്ച, ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ ( The Aghoris). എന്നിങ്ങനെ അഘോരികൾക്ക് വിശേഷണങ്ങൾ ഏറെയാണ്. മറ്റു സന്യാസിസമൂഹത്തിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ വിചിത്രവും അസാധാരണവുമായ ആചാരങ്ങളാണ്.ഹരിദ്വാര്‍, ഋഷികേശ്, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണപ്പെടുന്ന സന്യാസി സാധുക്കൾ, കാഴ്ച്ക്കാരിൽ വെറുപ്പുളവാക്കുന്നവയാണ് ഇവരുടെ ജീവിത ചര്യകൾ. ഈ സന്യാസി സമൂഹത്തിനു ഏകദേശം 5000 വർഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു.

അഘോരികൾ ശൈവ സാധുക്കളാണ്. എന്നാൽ മറ്റ് ഹിന്ദു സന്യാസികളിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് തീവ്രമായ ചിന്ത അനുഷ്‌ഠാനങ്ങളാണ്. നാശത്തിൻ്റെയും പരിവർത്തനത്തിൻ്റെയും ദേവനായ ശിവനാണ് അഘോരികളുടെ ആരാധനാ മൂർത്തി. ശിവനിൽ ജീവൻ അർപ്പിച്ച്, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും അതിരുകൾ മറികടന്ന് പുനർജന്മ ചക്രത്തിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുന്ന മനുഷ്യരാണ് അഘോരികൾ. ഇതൊക്കെയാണ് ഇവരുടെ അടിസ്ഥാന തത്വമെങ്കിലും ഇതിനൊക്കെ അപ്പുറമാണ് അഘോരികളും അവരുടെ ജീവിതവും.

അഘോരികളുടെ ഉത്ഭവവും ചരിത്രവും തികച്ചും നിഗൂഢതയിൽ മൂടിയിരിക്കുന്നു. മറ്റു മനുഷ്യരുമായി ഒരുതരത്തിലും വൈകാരികമായോ സാംസ്കാരികമായോ ബന്ധം ഇവർ പുലർത്തുന്നില്ല. ഇതുകൊണ്ടു തന്നെ അഘോരികളുടെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. ചില പണ്ഡിതന്മാരുടെ അനുമാനം അനുസരിച്ച് ,ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിൽ ഉയർന്നുവന്ന ഹിന്ദുമതത്തിലെ പുരാതന കാപാലിക, കാലാമുഖ വിഭാഗങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. ഉഗ്ര ദേവതകളെ ആരാധിക്കുന്നവരും, ലഹരി ഉപയോഗിക്കുന്നവരും, ബലികർമങ്ങൾ തുടങ്ങിയ താന്ത്രിക ആചാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ് ഈ വിഭാഗത്തിലെ സന്യാസിമാർ. പതിയെ ഈ രണ്ടു വിഭാഗങ്ങളും ലയിച്ച് അഘോരികൾ ആയിത്തീർന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

ബാബ കീനാറാം ആണ് ഉത്തരേന്ത്യയിൽ കാപാലിക, കാലാമുഖ വിഭാഗങ്ങളെ ലയിപ്പിച്ച് അഘോരി സന്യാസി പാരമ്പര്യത്തിന് തുടക്കം കുറിക്കുന്നത്. ബാബ കീനാറാമിനെ ശൈവമതത്തിലെ അഘോരി വിഭാഗത്തിൻ്റെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. വിവേക്‌സർ, രാംഗീത, രാംരസൽ, ഉൻമുനിരം തുടങ്ങിയ തൻ്റെ കൃതികളിൽ അഘോരികളുടെ തത്വങ്ങളും സമ്പ്രദായങ്ങളും ആദ്യമായി ക്രോഡീകരിച്ചതും ബാബ കീനാറാമാണ്. അഘോരി പാരമ്പര്യത്തിൻ്റെ ആദി-ഗുരു അല്ലെങ്കിൽ ആദ്യ ഗുരുവായി ബാബ കീനാറാമിനെ കണക്കാക്കുന്നു.

ഇരുണ്ട സമ്പ്രദായങ്ങൾ

ധാർമ്മികതയുടെയും പരമ്പരാഗത ഹൈന്ദവ സങ്കൽപ്പങ്ങളെയും വെല്ലുവിളിക്കുന്ന വിവിധ സമ്പ്രദായങ്ങളിൽ ഇവർ ഏർപ്പെടുന്നു. അഘോരികളുടെ ആശയങ്ങളും ആചാരങ്ങളും വളരെ രസകരമായി തോന്നുമെങ്കിലും, ആചാരങ്ങളും പാരമ്പര്യ രീതികളും പലപ്പോഴും വളരെ വെറുപ്പുളവാക്കുന്നു. വാരണാസിയിലെ അഘോരികൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്ന മനുഷ്യരുടെ അഴുകിയ മൃതദേഹങ്ങൾ ശേഖരിക്കുകയും, ഈ മൃതദേഹങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു.

കഞ്ചാവിന്റെ തുടർച്ചയായ ഉപയോക്താക്കളാണ് അഘോരികൾ. മരിജുവാനയുടെ ഉപഭോഗം ആത്മീയ ഏകാഗ്രത വർദ്ധിപ്പിക്കുവാനും ആചാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സഹായിക്കുന്നു എന്ന് അവർ വാദിക്കുന്നു. നിരവധിയാണ് ഇവരുടെ അറപ്പുളവാകുന്ന അനുഷ്ട്ങ്ങൾ ,അത്തരത്തിൽ ഒന്നാണ് ശവ ശരീരങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നത്. ഈ വിചിത്ര ആചാരം കാളി പൂജയുമായി ബന്ധപ്പെട്ടിരിക്കുന്നു.

അഘോരികൾക്ക് ദൈവിക ശക്തിയുള്ളതായി വിശ്വസിക്കപ്പെടുന്നു. രോഗസൗഖ്യം നൽകുവാൻ അവർക്കു കഴിയുമത്രേ. രോഗികളുടെ ശരീരത്തിൽ നിന്ന് അസുഖങ്ങൾ സ്വന്തം ശരീരത്തിലേക്ക് മാറ്റുവാൻ അവർക്ക് കഴിയുമെന്ന് അഘോരികൾ അവകാശപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ശിവൻ അഘോരികളിൽ പ്രീതിപ്പെടുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നെന്ന് അവർ വിശ്വസിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com