
കുംഭകോണം, ക്ഷേത്രങ്ങളുടെ നഗരം, എവിടെ തിരിഞ്ഞാലും ക്ഷേത്രങ്ങൾ മാത്രം, ചെറുതും വലുതുമായി അങ്ങനെ നിരവധിയാണ്. ശീർഷകം പോലെ തന്നെ കുംഭകോണം ക്ഷേത്രങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഏകദേശം 200 ലേറെ ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. പഴക്കം കാരണം ഭാഗികമായും പൂർണ്ണമായും തകർന്നതും ഇവിടെയുണ്ട്.
ശിവന്റെയും വിഷ്ണുവിന്റെയും ആരാധനയ്ക്കായി പ്രത്യേക ക്ഷേത്രങ്ങൾ തന്നെയുണ്ട്. കുംഭകോണത്തിലെ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രത്തെ കുറിച്ച് അറിയാമോ? സാരംഗപാണി വിഷ്ണു ക്ഷേത്രം (SARANGAPANI VISHNU TEMPLE), ആകാശം തൊട്ടു നിൽക്കുന്ന മഹാവിഷ്ണുവിന്റെ ക്ഷേത്രം.
തഞ്ചാവൂർ ജില്ലയിലാണ് ക്ഷേത്രങ്ങളുടെ നഗരമായ കുംഭകോണം സ്ഥിതിചെയ്യുന്നത്. മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു ഈ നഗരം. നാലാം നൂറ്റാണ്ട് മുതൽ ഒമ്പതാം നൂറ്റാണ്ട് വരെ പല്ലവ രാജവംശവും തുടർന്ന് ചോള വംശവും ഇവിടെ ഭരിച്ചിരുന്നു. ഒരു കൊച്ചു നഗരം, നഗരത്തിൽ ഉടനീളം ക്ഷേത്രങ്ങൾ, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങളും ഇവിടെയുണ്ട്. അത്തരത്തിൽ വളരെ പ്രശസ്തമായ ക്ഷേത്രമാണ് സാരംഗപാണി വിഷ്ണു ക്ഷേത്രം.
സാരംഗപാണി ക്ഷേത്രം
വൈഷ്ണവ പാരമ്പര്യത്തിൻ്റെ 108 അഭിമാന ക്ഷേത്രങ്ങളിൽ ഒന്നാണ് സാരംഗപാണി ക്ഷേത്രം. ലക്ഷ്മി ദേവിയുടെ അവതാരമായ ഭാർഗവി ദേവി ജനിച്ച, പഞ്ച ക്ഷേത്രങ്ങളിൽ ഒന്നായി ക്ഷേത്രത്തെ പരിഗണിക്കുന്നു. സാരംഗപാണി എന്ന നാമത്തിൽ മഹാവിഷ്ണുവിനെയാണ് ക്ഷേത്രത്തിൽ ആരാധിക്കുന്നത്. ക്ഷേത്രത്തിൽ ഒരു ദിവസം ആറു പൂജകളാണ് നടക്കാറുള്ളത്.
ഹൈന്ദവ ഐതിഹ്യമനുസരിച്ച്, വിഷ്ണുവിൻ്റെ അവതാരമാണ് സാരംഗപാണി.ഹേമഋഷി എന്ന മുനി പൊട്രാമരൈ കുളത്തിന്റെ തീരത്ത് തപസ്സു ചെയ്യുകയും, ഹേമഋഷിയുടെ തപസ്സിൽ തൃപ്തനായി മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാൽ വിഷ്ണു ദേവൻ ഹേമഋഷിയെ വേണ്ടത്ര ശ്രദ്ധിച്ചില്ല, ഇതിൽ കുപിതനായ മുനി വിഷ്ണുവിൻ്റെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ഇതെല്ലം കണ്ട് കോപിച്ച ലക്ഷ്മി ദേവി വൈകുണ്ഠം വിട്ട് ഭൂമിയിൽ പത്മാവതിയായി വസിക്കുവാൻ ആരംഭിച്ചു. ദേവിയുടെ ദേഷ്യം ഇല്ലാതാക്കുവാൻ വിഷ്ണു ദേവിയെ അനുഗമിക്കുകയും, ഭൂമിയിൽ വച്ച് വിവാഹം കഴിക്കുകയും പാതാള ശ്രീനിവാസനായി ഭൂമിക്കടിയിൽ താമസിക്കുകയും ചെയ്തുവത്രേ. ഹേമഋഷി തന്റെ കർമ്മത്തിൽ ദുഃഖിതനായി മഹാവിഷ്ണുവിനോട് മാപ്പ് പറയുകയും തൻ്റെ മകളായ ലക്ഷ്മി ദേവിയുടെ പുനർജന്മം അഭ്യർത്ഥിക്കുകയും ചെയ്തു. ഹേമഋഷി അടുത്ത ജന്മത്തിൽ തപസ്സു ചെയ്യുകയും,ലക്ഷ്മി ദേവി മകളായി ലഭിക്കുവാൻ വിഷ്ണുവിനോട് വരം ചോദിക്കുകയും, ഒടുവിൽ വിഷ്ണു വരം നൽകുകയും ഉണ്ടായി.
പൊട്രാമരൈ കുളത്തിലെ അനേകം താമര പൂവുകൾക്കിടയിൽ നിന്നും ലക്ഷ്മി ദേവി കോമളവല്ലിയായി ജനിച്ചു. അതിനുശേഷം സ്വർഗ്ഗത്തിൽ നിന്നും വിഷ്ണു അരവാമുധൻ രൂപത്തിൽ ഇവിടെ എത്തുകയും,ഇവിടുത്തെ സോമശ്വരൻ ക്ഷേത്രത്തിൽ താമസിച്ച് വൈകാതെ, ലക്ഷ്മി ദേവിയെ വിവാഹം ചെയ്തു എന്നാണ് പുരാണം.
വിസ്‌മയിപ്പിക്കുന്ന ക്ഷേത്രത്തിന്റെ ശില്പകല
സാരംഗപാണി ക്ഷേത്രം വാസ്തുവിദ്യാ സവിശേഷതകളാൽ ശ്രദ്ധേയമാണ്. പ്രദേശത്തെ ഏറ്റവും വലിയ വിഷ്ണു ക്ഷേത്രം, 173 അടി വലിപ്പമുള്ള ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരമാണ് ഇതിന്റെ ആകർഷണീയമായ സവിശേഷത. 11 നിലകളുള്ള പ്രധാന കവാടത്തിൽ പുരാണ കഥകൾ ചിത്രീകരിക്കുന്ന ശിൽപങ്ങളെ പ്രദർശിപ്പിക്കുന്നു.
സാരംഗപാണിയായി വിഷ്ണു ആകാശത്തു നിന്നും കുതിരകളും ആനകളും ഉള്ള രഥത്തിൽ പ്രതീകപ്പെടുത്തുന്നത്തിന്റെ ആകൃതിയിലുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിൻ്റെ കേന്ദ്രഭാഗം. ക്ഷേത്രത്തിനുള്ളിൽ 100 തൂണുകളുള്ള ഒരു മണ്ഡപമാണ് ശ്രീകോവിലിലേക്ക് നയിക്കുന്നത്. ക്ഷേത്രത്തിനു പുറത്ത്, രാജഗോപുരത്തിന് സമീപം തടികൊണ്ടുള്ള ഘോഷയാത്ര രഥങ്ങൾ നിലയുറപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഗോപുരത്തിനുള്ളിൽ 108 ഭരതനാട്യ കരണങ്ങളുടെ ശിൽപങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ക്ഷേത്രത്തിന് രണ്ട് പ്രവേശന കവാടങ്ങളുണ്ട്. ഉത്തരായന വാസൽ (ജനുവരി 15 മുതൽ ജൂലൈ 15 വരെ തുറന്നിരിക്കുന്നു), ദക്ഷണായന വാസൽ (ജൂലൈ 15 മുതൽ ജനുവരി 15 വരെ തുറന്നിരിക്കും). ഒരു സമയം ഒരു വാതിലിൽ കൂടി മാത്രമാണ് പ്രവേശിക്കാൻ സാധിക്കുക.
മഹാമഹം
കുംഭകോണത്ത് 12 വർഷത്തിലൊരിക്കൽ ആഘോഷിക്കുന്ന ക്ഷേത്രാഘോഷമാണ് മഹാമഹം. മഹാമഹം ദിവസത്തിൽ ഇവിടുത്തെ ക്ഷേത്രക്കുളത്തിൽ മുങ്ങിനിവരുന്നത് വിശുദ്ധമായി കണക്കാക്കുന്നു. ഏറ്റവും അവസാനം ഇവിടെ മഹാമഹം നടന്നത് 2016 ലാണ്. അന്ന് പത്ത് ലക്ഷത്തിലധികം ആളുകളാണ് മഹാമഹത്തിൽ പങ്കെടുക്കുവാനായി എത്തിയത്.