ചരിത്രത്തിൻ്റെയും, നിഗൂഢതയുടെയും, വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിൻ്റെയും ‘ജുനഗർ കോട്ട’ | Junagarh Fort

ചരിത്രത്തിൻ്റെയും, നിഗൂഢതയുടെയും, വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിൻ്റെയും ‘ജുനഗർ കോട്ട’ | Junagarh Fort
Published on

മരുഭൂമിയാൽ ചുറ്റപ്പെട്ട രാജസ്ഥാനെ (Rajasthan) കോട്ടയുടെ നഗരമെന്ന് തന്നെ വിശേഷിപ്പിക്കാം. അവിടുത്തെ ചെറുതും വലുതുമായ ഓരോ കോട്ടകൾക്കും പറയുവാൻ ഏറെ കഥകൾ ഉണ്ടാകും. രജപുത്ര രാജവംശത്തിന്റെ കഥകൾ, മരുഭൂമിയിൽ പൊടിഞ്ഞ ചോരയുടെയും സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതിന്റെയും കഥകൾ. എന്നാൽ കഥകളിൽ മാത്രം ഒതുങ്ങി പോയ ഒരു കോട്ടയുണ്ട് രാജസ്ഥാനിൽ, ജുനഗർ കോട്ട (Junagarh Fort). ചരിത്രത്തിൻ്റെയും നിഗൂഢതയുടെയും വിസ്മയിപ്പിക്കുന്ന സൗന്ദര്യത്തിൻ്റെയും ഒരു നിധിയാണ് ജുനഗർ കോട്ട.

പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കോട്ട, രാജകീയ കഥകൾ മന്ത്രിക്കുന്ന, രാജസ്ഥാനിലെ ബിക്കാനീറിൻ്റെ (Bikaner) ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ജുനഗർ കോട്ട. 1588 നും 1594 നും ഇടയിലാണ് നിർമ്മിക്കപ്പെട്ടത്. എഡി 1571 മുതൽ 1611 വരെ ബിക്കാനീറിലെ ആറാമത്തെ രജപുത്ര ഭരണാധികാരിയായിരുന്ന രാജാ റായ് സിംങിന്റെ പ്രധാനമന്ത്രി കരൺ ചന്ദിന്റെ മേൽനോട്ടത്തിലാണ് കോട്ട സമുച്ചയം നിർമ്മിച്ചത്.

ഈ കോട്ടയെ ചിന്താമണി എന്നാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഭരണകുടുംബം കോട്ടയുടെ പരിധിക്ക് പുറത്തുള്ള ലാൽഗഡ് കൊട്ടാരത്തിലേക്ക് മാറിയപ്പോൾ ജുനഗർ അല്ലെങ്കിൽ "പഴയ കോട്ട" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. രാജസ്ഥാനിലെ ഭൂരിഭാഗം കോട്ടകളും കുന്നിന് മുകളിലാകും ഉണ്ടാവുക, എന്നാൽ കുന്നിൻ മുകളിൽ പണിതിട്ടില്ലാത്ത രാജസ്ഥാനിലെ ചില പ്രധാന കോട്ടകളിൽ ഒന്നാണിത്. ഈ കോട്ടയ്ക്ക് ചുറ്റുമായിരുന്നു ബിക്കാനീർ പട്ടണം വ്യാപിച്ചിരുന്നത്.

വാസ്തുവിദ്യയുടെ മാസ്മരികത

അക്കാലത്തെ സാംസ്കാരിക വിനിമയവും സ്വാധീനവും പ്രതിഫലിപ്പിക്കുന്ന രജപുത്ര, മുഗൾ, ഗുജറാത്തി ശൈലികളുടെ മിശ്രിതമാണ് കോട്ടയുടെ വാസ്തുവിദ്യ. ചുവന്ന മണൽക്കല്ല്, മാർബിൾ, ചുണ്ണാമ്പുകല്ല്, ഗ്രാനൈറ്റ്, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് ജുനഗർ കോട്ട നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കോട്ടയുടെ നിറം ചുവപ്പാണ്. മനോഹരമായി കൊത്തിയെടുത്ത തടി കൊണ്ടുള്ള നിർമ്മിതികൾ. മൊസൈക്ക് ടൈലുകൾ, ഗ്ലാസ് വർക്ക്, ആനക്കൊമ്പ് എന്നിവ കോട്ടയുടെ അലങ്കാര സവിശേഷതകൾ സൃഷ്ടിക്കാൻ ഉപയോഗിച്ചിരിക്കുന്നു.

കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങൾ

ജുനഗർ കോട്ടയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ് കോട്ടയ്ക്കുള്ളിലെ കൊട്ടാരങ്ങൾ. കരൺ മഹൽ, ഫൂൽ മഹൽ, അനുപ് മഹൽ, ചന്ദ്ര മഹൽ, ഗംഗ മഹൽ, ബദൽ മഹൽ, ബിക്കാനേരി ഹവേലി എന്നിങ്ങനെ ഏഴു കൊട്ടാരങ്ങളാണ് കോട്ടയിൽ ഉള്ളത്. ഈ കൊട്ടാരങ്ങൾ ഒരേ കാലയളവിൽ നിർമ്മിച്ചതല്ല. ഓരോ കൊട്ടാരവും നൂറ്റാണ്ടുകളായി വ്യത്യസ്ത ഭരണാധികാരികൾ നിർമ്മിച്ചതാണ്. അതുകൊണ്ടു തന്നെ ഒന്ന് ഒന്നിനോട് വ്യത്യസ്തപ്പെട്ടിരിക്കുന്നു.

കോട്ടയിലെ ഏഴു കവാടങ്ങള്‍

ജുനഗർ കോട്ടയ്ക്ക് ആകർഷകമായ ഏഴ് കവാടങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ സവിശേഷമായ വാസ്തുവിദ്യയും ചരിത്രപരമായ പ്രാധാന്യവുമുണ്ട്. കിഴക്കോട്ട് അഭിമുഖമായുള്ള പ്രധാന കവാടം സൂരജ് പോൾ, സങ്കീർണ്ണമായ കൊത്തുപണികളാൽ അലങ്കരിച്ച ദൗലത്ത് പോൾ, മനോഹരമായി രൂപകൽപ്പന ചെയ്ത ചാന്ദ് പോൾ ഗംഭീരമായ സിംഹ കൊത്തുപണികൾ ഉൾക്കൊള്ളുന്ന സിംഗ് പോൾ, നവാൽ പോൾ, കർജൻ പോൾ, കോട്ടയുടെ ചരിത്രപരമായ വിജയങ്ങളെ അനുസ്മരിപ്പിക്കുന്ന ഫത്തേ പോൾ എന്നിവയാണ് കവാടങ്ങൾ. ഈ കവാടങ്ങൾ കോട്ടയുടെ പ്രതിരോധ ശക്തിയും വാസ്തുവിദ്യാ മഹത്വവും പ്രദർശിപ്പിക്കുന്നു. കോട്ട സ്ഥിതിചെയ്യുന്നത് സമതല പ്രദേശത്ത് ആയതുകൊണ്ടു തന്നെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷ നേടുവാൻ ഈ കവാടങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളായി, സാമ്രാജ്യങ്ങളുടെ ഉയർച്ചയ്ക്കും തകർച്ചയ്ക്കും രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പ്രവാഹത്തിനും, കാലം മറന്നുപോയ രഹസ്യങ്ങളുടെയും സാക്ഷിയായി കോട്ട കാവൽ നിൽക്കുന്നു. ഈ പ്രദേശത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും വാസ്തുവിദ്യയുടെയും സാംസ്കാരിക പൈതൃകത്തിൻ്റെയും തെളിവുകൂടിയാണ് ഈ കോട്ട. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം പര്യവേക്ഷണം ചെയ്യാൻ താൽപ്പര്യമുള്ള ആരും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ജുനഗർ കോട്ട.

Related Stories

No stories found.
Times Kerala
timeskerala.com