
ഭൂമിയിൽ എത്ര ഭൂഖണ്ഡങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് ഉത്തരം ഏഴാണ്. നൂറ്റാണ്ടുകളായി, ലോകത്തിലെ ഭൂഖണ്ഡങ്ങൾ (Continents) നിർവ്വചിക്കപ്പെട്ടിട്ടുള്ളത്, ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, അൻ്റാർട്ടിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിങ്ങനെയാണ്. ഭൂഖണ്ഡങ്ങൾ മൊത്തത്തിൽ ഏഴു തന്നെയാണോ അതോ ഇനി ഭൂമിയുടെ ഏതെങ്കിലും ഒരറ്റത്ത് മറ്റൊരു ഭൂഖണ്ഡം ഉണ്ടോ? ഉണ്ടെങ്കിലോ. പ്രത്യക്ഷത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒളിഞ്ഞു കിടക്കുന്ന ഒരു ഭൂഖണ്ഡം ഉണ്ടെന്ന് തന്നെ പറയുവാൻ സാധിക്കും. മറഞ്ഞിരിക്കുന്ന ഒരു ഭൂപ്രദേശം സമുദ്രത്തിൻ്റെ ഉപരിതലത്തിനടിയിൽ വലിയതോതിൽ മുങ്ങിക്കിടക്കുന്ന ഒന്നുണ്ടെങ്കിൽ അത് എട്ടാമത്തെ ഭൂഖണ്ഡമാകുമോ? 2017- ലാണ് മനുഷ്യ ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത പുറത്തു വരുന്നത് പസഫിക് സമുദ്രത്തിന്റെ ദക്ഷിണ ഭാഗത്തായി സമുദ്രത്തിന്റെ അടിയിൽ സീലാൻഡിയ (Zealandia) എന്നൊരു വൻകരയുണ്ട്. വർഷങ്ങളായി നമ്മൾ പഠിച്ചതിനും പഠിപ്പിച്ചതിനും നേരെ വിപരീതമായിരുന്നു ശാസ്ത്ര ലോകത്തിന്റെ ഈ വെളിപ്പെടുത്തൽ.
ഓസ്‌ട്രേലിയയുടെ കിഴക്കു ഭാഗത്തായാണ് സീലാൻഡിയ സ്ഥിതിചെയ്യുന്നത്. ഓസ്‌ട്രേലിയയോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത് എങ്കിലും സീലാൻഡിയ ഓസ്‌ട്രേലിയയുടെ ഭാഗമല്ല. കേട്ടോ ട്രഫ എന്ന സമുദ്ര കിടങ്ങ് സീലാൻഡിയയെ ഓസ്‌ട്രേലിയയിൽ നിന്നും വേർപ്പെടുത്തുന്നു. ഏകദേശം അഞ്ച് ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആകെയുള്ള വലിപ്പം. ഇന്ത്യയുടെ ഏതാണ്ട് വലിപ്പമുള്ള ഒരു വലിയ ഭൂപ്രദേശമാണ് സീലാൻഡിയ. അതായത് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിനേക്കാൾ വലിപ്പം കൂടുതലാണ് ഈ ചെറു ഭൂഖണ്ഡത്തിന്.
ഭൂമിയുടെ ഉപരിതലം രണ്ടായി തരം തിരിച്ചിട്ടുണ്ട്, ഓഷ്യാനിക് ക്രസ്റ്റ്, കോണ്ടിനെന്റൽ ക്രസ്റ്റ് എന്നിങ്ങനെ. കോണ്ടിനെന്റൽ ക്രസ്റ്റ് ഭൂമിയുടെ അതായത് കരയുടെ ഭാഗമായിരിക്കും, ഓഷ്യാനിക് ക്രസ്റ്റ് സമുദ്രത്തിന്റെയും. സീലാൻഡിയ സമുദ്രത്തിനടിയിലാണ് എങ്കിൽ പോലും ഇത് കോണ്ടിനെന്റൽ ക്രസ്റ്റിന്റെ ഭാഗമാണ്. മിക്ക സമുദ്ര മേഖലകളിൽ നിന്നും,
സീലാൻഡിയയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ വ്യത്യസ്‌തമാണ്, കൂടാതെ സീലാൻഡിയയുടെ ഭൂപ്രദേശം ഓസ്‌ട്രേലിയയിൽ നിന്ന് സമുദ്രത്തിന്റെ ആഴത്തിലുള്ള കിടങ്ങിലൂടെ വേർതിരിക്കപ്പെടുന്നതു കൊണ്ട് തന്നെ സീലാൻഡിയയെ വെറുമൊരു ദ്വീപ് ശൃംഖലയായോ ദ്വീപസമൂഹമായോ മാത്രം കണക്കാക്കുവൻ സാധിക്കുന്നതല്ല.
94% സമുദ്രത്തിലും ബാക്കി 6% ഒരു മലപോലെ തന്നെ സമുദ്ര ഉപരിതലത്തിലും. ന്യൂസിലൻഡും ന്യൂ കാലിഡോണിയയും സമുദ്രനിരപ്പിൽ നിന്ന് ദൃശ്യമാകുന്ന സീലാൻഡിയയുടെ ചെറിയ ഭാഗങ്ങൾ മാത്രമാണ്.
സമുദ്രത്തിൽ മുങ്ങിപ്പോയ സീലാൻഡിയ
നമുക്ക് അറിയാവുന്നതു പോലെ, ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമിയുടെ ഭൂഖണ്ഡങ്ങൾ ഇന്ന് നാം കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ലോറേഷ്യ, ഗോണ്ട്വാന ഇങ്ങനെ രണ്ടു ഭൂഖണ്ഡങ്ങൾ. ഏകദേശം 85 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, സീലാൻഡിയ സൂപ്പർ ഭൂഖണ്ഡമായ ഗോണ്ട്വാനയിൽ നിന്ന് വേർപെടുവാൻ തുടങ്ങി, തുടർന്ന് സീലാൻഡിയയുടെ ഭൂരിഭാഗം കര പ്രദേശവും ടെക്റ്റോണിക് ഷിഫ്റ്റുകൾ കാരണം സമുദ്രത്തിനടിയിൽ മുങ്ങുകയായിരുന്നു. ഗോണ്ട്വാനയിൽ നിന്നും മറ്റു പല വൻകരകളും വേർപ്പെട്ടു
പോയിരുന്നു.എങ്കിലും,വലിപ്പം വളരെ കുറഞ്ഞ സീലാൻഡിയ സമുദ്രത്തിനടിയിൽ മുങ്ങി പോവുകയായിരുന്നു.
പസഫിക് സമുദ്രത്തിലും അതിന്റെ അടിത്തട്ടിലും ഗവേഷകർ നടത്തിയ വിവിധ പഠനങ്ങളോടെയാണ്, സമുദ്രത്തിന് അടിയിൽ ഒളിഞ്ഞിരിക്കുന്ന പുതിയ ഭൂഖണ്ഡത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുവാൻ തുടങ്ങുന്നത്. 2017- ൽ ടെക്ടോണിക്‌സ് എന്ന ജേർണലിൽ ഭൂമിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സീലാൻഡിയയെ എട്ടാമത്തെ ഭൂഖണ്ഡമായി വർഗ്ഗീകരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ഒരു ഭൂപ്രദേശത്തെ ഭൂഖണ്ഡമായി കണക്കാക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ സീലാൻഡിയയെ ഒരു ഭൂഖണ്ഡമായി കണക്കാക്കുവാൻ സാധിക്കുന്നതാണ്. വലിപ്പത്തിന്റെ കാര്യത്തിലാണ് എങ്കിൽ, ഒരു ഭൂഖണ്ഡമായി ഒരു പ്രദേശത്തെ കണക്കാക്കാൻ ആ പ്രദേശത്തിന് എത്ര വലിപ്പം വേണം എന്ന
മാനദണ്ഡം ഒന്നും തന്നെ ഇല്ല. സീലാൻഡിയയാകട്ടെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്‌ട്രേലിയയിൽ നിന്നും ചെറുതും, എന്നാൽ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലന്റിൽ നിന്നും വലിപ്പം കൂടിയതുമാണ്. പക്ഷെ സമുദ്രത്തിൽ തന്നെ മുങ്ങി കിടക്കുന്നതു കൊണ്ട് എങ്ങനെ ഇതിനെ ഭൂഖണ്ഡമായി കണക്കാക്കുമെന്ന് ചോദ്യങ്ങളും ഉയരുന്നുണ്ട്.
സീലാൻഡിയയെ കുറിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആയിരുന്നില്ല ആദ്യ വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നത്. ശാസ്ത്രം അത്ര കണ്ട് പുരോഗമിക്കാത്ത കാലത്തു തന്നെ സമുദ്രത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഭൂഖണ്ഡത്തെ കുറിച്ച് വ്യക്തമാക്കിയ ഒരു ഡച്ച് പരിവേക്ഷകൻ ഉണ്ടായിരുന്നു. 1642-ൽ ഡച്ച് പരിവേക്ഷകനായിരുന്ന ആബേൽ ടാസ്മാന്‍ സമുദ്രത്തിന്റെ അടിയിൽ മറ്റൊരു എട്ടാം ഭൂഖണ്ഡം ഉണ്ടെന്നു ആശയം പ്രകടിപ്പിച്ചിരുന്നു. ആ മറഞ്ഞിരിക്കുന്നത് സീലാൻഡിയയാണ് എന്ന് ആബേലിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. സമുദ്രത്തിനടിയിലെ ആ ഭൂഖണ്ഡത്തിന് 'വലിയ തെക്കൻ ഭൂഖണ്ഡം' എന്ന വിശേഷണവും നൽകി. ആബേലിന്റെ ആശയത്തെ പിന്തുടർന്ന് കൊണ്ട് നിരവധി ശാസ്ത്രജ്ഞർ പഠനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ സീലാൻഡിയയെ കുറിച്ചുള്ള ചർച്ചകൾ അവസാനിച്ചിരുന്നു.
1995-ൽ ഭൗമശാസ്ത്രജ്ഞനായ ബ്രൂസ് ലുയെൻഡിക് ആണ് "സീലാൻഡിയ" എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത്. പതിയെ ശാസ്ത്രത്തിന്റെ വളർച്ചയോടൊപ്പം തന്നെ സീലാൻഡിയയെ കുറിച്ചുള്ള പഠനങ്ങളും വർധിച്ചു.
ശാസ്ത്രത്തിനും മനുഷ്യനും അപ്പുറമാണ് ഭൂമി എന്നതിന്റെ വലിയൊരു ഉദാഹരണം തന്നെയാണ് സീലാൻഡിയ. സീലാൻഡിയയുടെ നിഗൂഢമായ അജ്ഞാത വാസം നമ്മുക്ക് മുന്നിൽ തുറന്നതു പോലെ, ബാക്കി രഹസ്യങ്ങളും വയ്കാതെ തന്നെ ചുരുളഴിയുമായിരിക്കാം. സീലാൻഡിയ ഒരു ദിവസം ഔദ്യോഗികമായി എട്ടാം ഭൂഖണ്ഡമായി അംഗീകരിക്കപ്പെട്ടേക്കാം.