
എത്രതന്നെ വലിയ ഇരുമ്പിൻ കഷണമായാലും ഒരുനാൾ തുരുമ്പെടുക്കുക തന്നെ ചെയ്യും. എന്നാൽ 1600 വർഷത്തിലേറെ പഴക്കമുള്ള ഒരു ഇരുമ്പുസ്തംഭം, ഇത്രയും വർഷത്തെ പഴക്കമുണ്ടായിട്ടും ഈ സ്തംഭത്തിനു തുരുമ്പ് പിടിച്ചിട്ടേയില്ല. തുരുമ്പ് പിടിക്കാത്ത ഇരുമ്പൊ? അത് അത്ഭുതം തന്നെ അല്ലെ?. ഡൽഹിയിലാണ് ഈ അത്ഭുത സ്തംഭം ഉള്ളത്.(Iron Pillar of Delhi)
ഡൽഹിയിലെ കുത്തബ് മിനാർ സമുച്ചയത്തിന് സമീപമാണ് തുരുമ്പ് പിടിക്കാത്ത ഇരുമ്പ് സ്തംഭം സ്ഥിതി ചെയ്യുന്നത്. 1,600 വർഷം പഴക്കമുള്ള ഈ സ്തംഭം, ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ്. സമയം കഴിയുന്തോറും ഇരുമ്പ് ക്രമേണ തുരുമ്പെടുക്കാൻ തുടങ്ങും, പക്ഷേ ഇവിടെ ഇരുമ്പുസ്തംഭത്തിന്റെ ഒരു വശത്തു പോലും തുരുമ്പ് പിടിച്ചിട്ടില്ല എന്നതാണ് വസ്തുത.
ഡൽഹിയിലെ ഈ ഇരുമ്പ് സ്തംഭത്തിന് 7.21 മീറ്റർ ഉയരവും 41-സെൻ്റീമീറ്റർ വ്യാസവുമാണ്. ചന്ദ്രഗുപ്ത രണ്ടാമന്റെ ഭരണ കാലത്താണ് ഇത് നിർമ്മിച്ചത്, ഇപ്പോൾ കുത്തബ് സമുച്ചയത്തിലാണ് ഇത് നിലകൊള്ളുന്നത്. ആറ് ടണ്ണിൽ കൂടുതൽ ഭാരമുള്ള ഈ സ്തംഭം ഉദയഗിരി ഗുഹകൾക്ക് പുറത്ത് മറ്റെവിടെയെങ്കിലും നിർമ്മിക്കപ്പെട്ട കരുതപ്പെടുന്നു, 11-ാം നൂറ്റാണ്ടിൽ അനംഗ്പാൽ തോമറാണ് അതിൻ്റെ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റിയത് എന്ന് കരുതപ്പെടുന്നു.
ഈ സ്തംഭത്തിന്റെ നിർമ്മിതിയെപ്പറ്റി നിരവധി വ്യാഖ്യാനങ്ങൾ നിലനിക്കുണ്ട്. ചന്ദ്രഗുപ്‌ത രണ്ടാമന്റെ ഭരണകാലത്താണ് നിർമിതി ആരംഭിച്ചത് എന്നും, സ്തംഭത്തിലെ ബ്രാഹ്മി ലിപി ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം കുമാരഗുപ്തൻ്റെ ഭരണകാലത്ത് ഹിന്ദു ദൈവമായ വിഷ്ണുവിനെ ആരാധിക്കുന്നതിനായി ഇത് സ്ഥാപിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ചന്ദ്രഗുപ്തൻ II സ്തംഭത്തിൻ്റെ നിർമ്മാണത്തിന് തുടക്കമിട്ടപ്പോൾ, കുമാരഗുപ്ത ഒന്നാമൻ അത് പൂർത്തിയാക്കുകയോ സ്തംഭത്തിൽ മറ്റു നവീകരണങ്ങൾ വരുത്തുകയോ ചെയ്യ്തിരിക്കാം എന്നും പറയപ്പെടുന്നു.
ചന്ദ്രഗുപ്തൻ്റെ ചെറുമകനായ സ്കന്ദഗുപ്തൻ സ്തംഭത്തിന്റെ അവസാന ഘട്ട നിർമ്മാണം പൂർത്തിയാക്കിയാതായി ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇരുമ്പ് സ്തംഭത്തിൻ്റെ പൈതൃകം പുരാതന ഇന്ത്യയിലെ ഗുപ്ത രാജവംശത്തിൻ്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും സാംസ്കാരിക നേട്ടങ്ങളെയും അടിവരയിടുന്നതാണ്.
ഗുപ്ത കാലഘട്ടത്തിൽ (320-550 CE) ഉത്തർപ്രദേശിലെ വിഷ്ണുപാദഗിരിയിലാണ് ഡൽഹിയിലെ ഇരുമ്പ് സ്തംഭം ആദ്യം സ്ഥാപിച്ചത്. 1192 CE-ൽ, തോമർ ഭരണാധികാരിയായിരുന്ന അനംഗ്പാൽ തോമർ, നഗരത്തെ ഒരു പ്രധാന സാംസ്കാരിക, വാസ്തുവിദ്യാ കേന്ദ്രമായി സ്ഥാപിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി സ്തംഭം ഡൽഹിയിലേക്ക് മാറ്റുന്നത്. തോമറിൻ്റെ ഭരണകാലം ഡൽഹിയെഭരണാധികാരി കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ തുടക്കം കുറിച്ചു, ഇരുമ്പ് സ്തംഭം നഗരത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും പൈതൃകത്തിൻ്റെയും പ്രതീകമായി മാറുകയും ചെയ്യ്തു.
സ്തംഭത്തിലെ ലിഖിതങ്ങൾ
പുരാതന ഇന്ത്യൻ എഞ്ചിനീയറിംഗിൻ്റെ സാക്ഷ്യപത്രമായ ഡൽഹിയിലെ ഇരുമ്പ് സ്തംഭത്തിൽ ഇതിന്റെ ചരിത്രത്തെയും പ്രാധാന്യത്തെയും കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന നിരവധി ലിഖിതങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ബ്രാഹ്മി ലിപിയിലും സംസ്‌കൃത ഭാഷയിലുമായി എഴുതിയ പ്രധാന ലിഖിതം വിഷ്ണുവിനായി സമർപ്പിക്കപ്പെട്ടതാണ് ഈ സ്തംഭമെന്നു പറയുന്നു. നർമ്മദാ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള ഉത്തർപ്രദേശിലെ വിഷ്ണുപാദഗിരിയിലാണ് സ്തംഭത്തിന്റെ യഥാർത്ഥമായി നിർമ്മിക്കപ്പെട്ട സ്ഥാനം എന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റു ലിഖിതത്തിൽ ചന്ദ്രഗുപ്തൻ രണ്ടാമൻ്റെ വഹ്‌ലികാസിനെതിരായുള്ള വിജയത്തെയും, സ്കന്ദഗുപ്തൻ്റെ സൈനിക നീക്കങ്ങളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. സ്തംഭത്തിലെ ലിഖിതങ്ങൾ ഗുപ്ത കാലഘട്ടത്തിലാണ് (320-550 CE) സ്തംഭത്തിൻ്റെ നിർമ്മാണമെന്ന് സ്ഥിരീകരിക്കുന്നു.
തുരുമ്പിന്റെ ശാസ്ത്രം
ഇരുമ്പ് അന്തരീക്ഷത്തിലെ ഈർപ്പവുമായി പ്രതിപ്രവർത്തിച്ച് അയൺ ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് തുരുമ്പാണ്. ഈ തുരുമ്പ് ഇരുമ്പിൻ്റെ ഘടനയെ സാവധാനം തിന്നുകയും ഒടുവിൽ അതിനെ പൂർണമായും ഇല്ലാതെയാക്കുന്നു. പക്ഷെ എത്ര മഴയും തണുപ്പും ഉണ്ടായിട്ടും ഈ തൂൺ മാത്രം തുരുമ്പ് ഉണ്ടായതെയില്ല. ഇതിന് പിന്നിലെ രഹസ്യം കണ്ടെത്താൻ പലരും ശ്രമിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ നിഗൂഢത കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പലരും വിശ്വസിച്ചിരുന്നത് ഏതോ നിഗുഢമായ ലോഹം കൊണ്ടാണ് സ്തംഭം നിർമ്മിച്ചിരിക്കുന്നത് എന്നാണ് , എന്നാൽ ചില പഠനങ്ങൾ എന്തുകൊണ്ടാണ് സ്തംഭം തുരുമ്പെടുക്കാത്ത എന്ന് വ്യക്തമാകുന്നു.
2003-ൽ ഈ ഇരുമ്പ് സ്തംഭത്തിനെ കുറിച്ച്, "ഡൽഹിയിലെ ഇരുമ്പ് തൂണിൻ്റെ നാശ പ്രതിരോധം" എന്ന തലക്കെട്ടിൽ പഠനം നടത്തിയിരുന്നു. ഇതേ തുടർന്ന് സ്തംഭത്തിൻ്റെ ശ്രദ്ധേയമായ ഈടുനിൽപ്പും തുരുമ്പിനെതിരായ പ്രതിരോധത്തെ കുറിച്ചും വ്യക്തമായി.
ഡോ. ആർ. ബാലസുബ്രഹ്മണ്യത്തിൻ്റെ നേതൃത്വത്തിൽ, ഗവേഷകർ സ്തംഭത്തിൻ്റെ ഉപരിതലത്തിൽ നിന്നും ഭൂഗർഭത്തിൽ നിന്നുമുള്ള സാമ്പിളുകൾ വിശകലനം ചെയ്തു. തുടർന്ന് ഉയർന്ന തോതിൽ ഫോസ്ഫറസും (0.25%), ചെമ്പ്, സിങ്ക്, സിലിക്കൺ എന്നിവ ഉൾക്കൊള്ളുന്ന ഒരു സവിശേഷ ഘടനയെ സ്തംഭത്തിൽ നിന്നും കണ്ടെത്തി. പഠനത്തിൽ സ്തംഭത്തിന്റെ ഉപരിതലത്തിൽ നേർത്തതും സംരക്ഷിതവുമായ ഓക്സൈഡ് പാളിയെയും (50-100 nm) കണ്ടെത്തി, ഇത് തുരുമ്പിനെ തടയുന്നു. കൂടാതെ സ്തംഭത്തിൽ തുരുമ്പിന്റെ നിരക്ക് പ്രതിവർഷം 0.01 മില്ലിമീറ്ററായി കണക്കാക്കുകയും, അത് പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. സൂക്ഷ്മ ഘടന ഉയർന്ന നിലവാരമുള്ള മെറ്റീരിയലിനെ സൂചിപ്പിക്കുന്നു. കൂടാതെ പുരാതന ഇന്ത്യൻ മെറ്റലർജിക്കൽ വിദ്യ തുരുമ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അസംസ്കൃതപദാര്ഥത്തെ വിജയകരമായി സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതുവരെയും തുരുമ്പിക്കാത്ത സ്തംഭം പുരാതന ഇന്ത്യയിലെ ലോഹത്തൊഴിലാളികളുടെ കഴുവിനെയും ഭരണാധികാരികളുടെ ദീർഘവീക്ഷണത്തെയും പ്രതിഫലിപ്പിക്കുന്നു.