
ഒക്ടോബർ 15, 1917 രാവിലെ ആറുമണിയോടെ ചുണ്ടിൽ ചെറു പുഞ്ചിരികളുമായി അവൾ അവരെ നോക്കി നിന്നു. അവൾക്കു നേരെ കാഞ്ചിവലിക്കുവാനായി നീട്ടിയ തോക്കുകൾ, അവയ്ക്കു മുന്നിൽ ഒട്ടും പതറാതെ തലയുയർത്തി തന്നെ അവൾ നിന്നു. അവസാനം ഓരോ തോക്കുകളിൽ നിന്നും ഒരേസമയം അവളുടെ ജീവൻ ലക്ഷ്യമാക്കി വെടിയുണ്ടകൾ പാഞ്ഞടുത്തു. സ്വന്തം ശരീരത്തിൽ നിന്നും ചോര വാർന്നൊഴുകിയപ്പോൾ പോലും അവളുടെ കണ്ണിൽ താൻ മരിക്കുവാൻ പോവുകയാണ് എന്ന പേടി ഒട്ടും തന്നെ ഇല്ലായിരുന്നു. പതിയെ ആ സ്ത്രീ രൂപം ജീവനറ്റ് മണ്ണിലേക്ക് വീണു. അന്ന് ഫ്രാൻസിലെ ചാറ്റോ ഡി വിൻസെൻസ് മിലിറ്ററി ക്യാമ്പിൽ പൊലിഞ്ഞത് ആരൊക്കെയോ ചേർന്ന് മാദക നിർത്തകിയാക്കി അവസാനം ചാരയെന്ന് മുദ്രകുത്തിയ മാത ഹരി. സൗന്ദര്യത്തിൻ്റെയും ആകർഷകത്വത്തിൻ്റെയും പര്യായം. അതീവ സുന്ദരിയായി ജീവിച്ചിട്ടും നിരാശയിലും ഏകാന്തതെയിലും ജീവിതം അവസാനിച്ച ചാര സുന്ദരിയായിരുന്നു മാത ഹരി(Mata Hari).
ശരിക്കും ആരായിരുന്നു മാത ഹരി ? യൂറോപ്പിലെ സമ്പന്നരുടെ ഉറക്കം കെടുത്തിയ വശ്യമായ സൗന്ദര്യത്തിന്റെ ഉറവിടം, ജർമൻ ഫ്രഞ്ച് പട്ടാളത്തിലെ ഉയർന്ന് ഉദ്യോഗസ്ഥർ മാത ഹരിയുമായി വളരെ അടുത്താണ് ബന്ധം പുലർത്തിയിരുന്നു. സഞ്ചരിക്കുവാൻ യൂറോപ്പയിൽ ഇനി ബാക്കിയൊരിടം പോലും ഉണ്ടായിരുന്നില്ല. അപ്പോൾ മാത ഹരി വെറുമൊരു മാദക നിർത്തകി മാത്രമായിരുന്നോ അതോ ശെരിക്കും അവർ ഒരു ചാരയായിരുന്നോ. മാതയെ കുറിച്ച വ്യക്തമായി ആർക്കും തന്നെ അറിയില്ല എന്നാൽ പ്രചാരണത്തിലുള്ള കഥകളും ഒരുപാടാണ്.
മാത ഹരിയെന്ന മാർഗരേത ഗീർട്രൂയിഡ മക്ലിയോഡ് നെതര്‍ലൻഡ്സിലെ ലീവാര്‍ഡിൽ
1876 ഓഗസ്റ്റ് 7-ന് ആൻ്റ്ജെയുടെയും ആദം സെല്ലിൻ്റെയും മൂത്തമകളായി സമ്പന്ന കുടുംബത്തിൽ ജനിച്ച മാത ഹരിയുടെ ജീവിതത്തിലെ തകർച്ചയുടെ തുടക്കം അവളുടെ വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചിരുന്നു. അവളുടെ പന്ത്രണ്ടാമത്തെ വയസ്സിൽ കടക്കെണിയിൽ അകപ്പെട്ട അവളുടെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചു എവിടേക്കോ പോയി. പിന്നെ അമ്മയെയും സഹോദരങ്ങളെയും നോക്കേണ്ടത് അവളുടെ ഉത്തരവാദിത്വം മായി മാറി. ട്യൂബെർക്കുലോസിസ് പിടിപെട്ട് 'അമ്മ മരിച്ചതോടെ സ്കൂൾ പഠനം പതിനാലാമത്തെ വയസിൽ തന്നെ ഉപേക്ഷിക്കേണ്ടി വരുന്നു. തുടർന്നുള്ള മാത ഹരിയുടെ ജീവിതം അവളുടെ അമ്മാവന്റെ കൂടെയായിരുന്നു. പതിനാറാം വയസ്സിൽ ലെയ്‌ഡിനിലെ സ്കൂളിൽ അദ്ധ്യാപികയായി ജോലിക്കയ്ക്കു ചേർന്നിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ തന്നെ പ്രിൻസിപ്പളുമായുള്ള പ്രണയ ബന്ധത്തെ തുടർന്ന് പുറത്താക്കപ്പെട്ടു. എന്നാൽ അന്ന് ശിക്ഷിക്കപ്പെട്ടത് അവൾ മാത്രമായിരുന്നു.
1894-ൽ ക്യാപ്റ്റൻ റുഡോൾഫ് മക്ലിയോഡിൻ്റെ വധുവിനെ തേടി ഒരു ഡച്ച് പത്രത്തിൽ നൽകിയ പരസ്യത്തോട് മാതാ ഹരി പ്രീതികരിച്ചിരുന്നു. അവൾക്ക് താല്പര്യം ഉള്ളതായി മറുപടി കത്തയച്ചു. തുടർന്ന് അവർ കണ്ടുമുട്ടി, 1895 ജൂലൈ 11 ന് ആംസ്റ്റർഡാമിൽ വച്ച് വിവാഹിതരായി. റുഡോൾഫിന് അന്ന് 39 വയസ്സും മാത ഹരിക്ക് പ്രായം 18 ആയിരുന്നു. റുഡോൾഫിന്റെ പ്രായത്തെ പരിഗണിക്കാതെ വിവാഹത്തിന് തയാറായത് ദാരിദ്ര്യവും കഷ്ട്ടപാടും മാറുമെന്ന് കരുതിയത് കൊണ്ടാകാം.സാഹസികത ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൾ സ്വന്തം ജീവിതത്തിലും ഇത്തരമൊരു തീരുമാനം എടുക്കുവാൻ ഒട്ടും മടിച്ചിരുന്നുമില്ല.
തികഞ്ഞ മദ്യപാനിയായിരുന്നു ഡച്ച് കൊളോണിയൽ സൈനിക ഉദ്യോഗസ്ഥനുമായ റുഡോൾഫ്. നിരന്തരം ഹരിയെ ശാരീരികമായി പീഡിപ്പിച്ചിരുന്നു. അവർക്ക് രണ്ട് കുട്ടികളുണ്ടായി നോർമൻ-ജോൺ, ലൂയിസ് ജീൻ, എന്നിരുന്നാലും, അവരുടെ വിവാഹം ജീവിതത്തിന് അധികം ആയുസുണ്ടായിരുന്നില്ല. റുഡോൾഫിൻ്റെ തുടർച്ചയായ പീഡനങ്ങളാലും മകന്റെ മരണത്തെത്തുടർന്നും, 1902 ഓഗസ്റ്റ് 30-ന് വിവാഹബന്ധം വേർപിരിഞ്ഞു. മകളുടെ കസ്റ്റഡി ലഭിച്ചിരുന്നു എങ്കിലും റുഡോൾഫ് മകളെ വിട്ടുകൊടുത്തിരുന്നില്ല. അതോടെ ജീവിതത്തിൽ തനിച്ചായ മാത ഹരി തകർന്നു പോയിരുന്നു.
എല്ലാം നഷ്ട്ടപ്പെട്ട്, സ്വന്തമായി ഒന്നും ഇല്ലാതിരുന്ന സമയത്താണ് മാത ഹരി പാരിസിൽ എത്തുന്നത്. ആദ്യകാലങ്ങളിൽ നിർത്തകിയായി തുടങ്ങി വളരെ പെട്ടെന്നായിരുന്നു അവരുടെ വളർച്ച. 1903 മുതല്‍ മാര്‍ഗരീറ്റാ പാരിസിലെ നൃത്തപരിപാടികളിൽ സജീവമാകുവാൻ തുടങ്ങി. 1905 മാർച്ച് 13-ന് മ്യൂസി ഗ്യൂമെറ്റിൽ എന്ന മ്യൂസിയത്തിൽ നൃത്തങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ അവളുടെ ജീവിതം തന്നെ മാറുവാൻ തുടങ്ങി. ആ ഒരുരാത്രി കൊണ്ട് പലതും മാറിമറിഞ്ഞു.
ഇന്ത്യൻ നൃത്തത്തിൽ വൈദഗ്ധ്യമുള്ള ഒരു ജാവനീസ് രാജകുമാരിയാണെന്ന് അവകാശപ്പെട്ടായിരുന്നു തുടക്കം. ഇന്ത്യയിലെ ഒരു ക്ഷേത്രത്തിലാണ് തൻ ജനിച്ചതെന്നും, നൃത്തം പഠിച്ചതും ഇന്ത്യയിൽ നിന്നാണ് എന്ന് മാത ഹരി പറഞ്ഞിരുന്നു. തുടർന്ന് മാർഗരേത ഗീർട്രൂയിഡ് മാത ഹരിയെന്ന മാദക നർത്തകിയായി മാറി. മ്യൂസി സ്ഥാപകനായ എമൈൽ എറ്റിയെൻ ഗുയിമെറ്റിൻ്റെ ദീർഘകാല വെപ്പാട്ടിയായി അവൾ മാറിയിരുന്നു. എമൈൽ എറ്റിയെൻ മുഖേന നിരവധി സമ്പന്നരിലേക്ക് മാത ഹരിയുടെ ബന്ധങ്ങളും പിടിപാടുകളും വളർന്നു.
വെറുമൊരു അർദ്ധ നഗ്നയായ നർത്തകി യൂറോപ്പിലെ തന്നെ വളരെ പ്രശസ്തയായി.ഏതൊരു പുരുഷനെയും ആകർഷിക്കുന്ന വശീകരിക്കുന്ന നൃത്തരൂപം, മെയ്യഴകും മുഖഭാവങ്ങളും കൊണ്ട് ഒരു ഭൂഖണ്ഡത്തെ തന്നെ അവളുടെ മായാവലയത്തിൽ ആക്കിയിരുന്നു. പാരിസിൽ മാത ഹരിയെ ഒഴിവാക്കിക്കൊണ്ട് ഒരു വേദികളും ഉണ്ടായിരുന്നില്ല.
സമ്പന്നരുമായുള്ള നിരന്തര ബന്ധങ്ങളും സഞ്ചാരങ്ങളും നർത്തകി എന്നതിൽ നിന്നും ഒരു വേശ്യസ്ത്രീ എന്ന നിലയിലേക്ക് മാറുന്നു. നർത്തത്തിലൂടെയും സമ്പന്നരുമായുള്ള ജീവിതത്തിൽ കോടികൾ സമ്പാദിച്ചിരുന്നു. എന്നാൽ അതൊക്കെയും ധൂര്‍ത്തടിച്ച് പാഴാക്കുകയായിരുന്നു. താമസത്തിനും വസ്ത്രത്തിനും ആഭരണങ്ങൾക്കുമായി മാത്രം. ആദ്യ ഭർത്താവ് രണ്ടാം ഭാര്യയുമായി പിരിഞ്ഞതോടെ മകളുടെ കസ്റ്റഡിയിക്കായി വീണ്ടും അവർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്വന്തായി ഒരു താമസസ്ഥലമോ വരുമാനമോ ഇല്ലത്തിനാൽ വീണ്ടും അവർ പരാജയപ്പെട്ടു.
മാതാ ഹരിയുടെ ചാരവൃത്തി ആരോപണങ്ങൾ (1916-1917)
ഒന്നാം ലോകമഹായുദ്ധസമയത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും രാഷ്ട്രീയക്കാരുമായും മാതാ ഹരിയുടെ ബന്ധം സംശയം ജനിപ്പിച്ചിരുന്നു. ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം മാത ഹരി ജർമ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തുന്നതായി സംശയിച്ചു, നെതർലൻഡ്സിലെ ജർമ്മൻ അംബാസഡറായ ബാരൺ വോൺ ഇൽസ്മാന് രഹസ്യ വിവരങ്ങൾ കൈമാറിയതായി സംശയങ്ങൾ ഉയർന്നിരുന്നു. മാത ഹരിക്കെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ ചാരവൃത്തി, ഫ്രഞ്ച് സൈനിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണം, ജർമ്മൻ ഉദ്യോഗസ്ഥർക്ക് രഹസ്യങ്ങൾ കൈമാറൽ, ജർമ്മൻ ഏജൻ്റുമാരിൽ നിന്ന് വലിയ തുക കൈപ്പറ്റൽ എന്നിവ ഉൾപ്പെട്ടിരുന്നു.
ഇതിനൊക്കെയും കാരണമായത് ഉന്നതരുമായുള്ള ബന്ധങ്ങൾ തന്നെയായിരുന്നു. ഒന്നാംലോക മഹായുദ്ധത്തിന്റെ സമയത്തു പോലും തന്റെ കാമുകന്മാരെ കാണുവാൻ അവൾ നിരന്തരം അതിർത്തികൾ കടന്നു പോയിട്ടുണ്ട്. ജർമനിക്കുവേണ്ടി മാത ഹരി ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നു. ഉന്നതരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പല യുദ്ധവിവരങ്ങളും അവർ ചോർത്തിയിരുന്നു. അങ്ങനെയാണ് 1916-ൽ മാത ഹരിയെ അറസ്റ്റ് ചെയ്യ്തു ജയിലിൽ അടയ്ക്കുകയും ചെയ്യ്തിരുന്നു. താൻ ചാരനാണെന്ന് അവൾ സമ്മതിച്ചിരുന്നു എന്നാൽ അവളുടെ പ്രസ്‌താവന ജർമ്മനി നിഷേധിച്ചതോടെ മാത ഹരിയെ വെറുതെ വിട്ടിരുന്നു.
1917 ജനുവരിയിൽ മേജർ അർനോൾഡ് കല്ലേ ബെർലിനിലേക്ക് അയച്ച റേഡിയോ സന്ദേശങ്ങളിലൂടെ മാതാ ഹരി ഒരു ജർമ്മൻ ചാരനാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഈ സന്ദേശങ്ങൾ മാതാ ഹരിയെ പ്രതിക്കൂട്ടിലാക്കാൻ ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളുണ്ട്. ജർമൻ ഇന്റലിജൻസ് മനഃപൂർവം മാത ഹരിയെ ഒറ്റിയതായും പറയപ്പെടുന്നു. ജർമ്മനിയുടെ ചീഫ് ഇൻ്റലിജൻസ് ഓഫീസർ ജനറൽ വാൾട്ടർ നിക്കോളായ് മാത ഹരി ചോർത്തിയ വിവരങ്ങളിൽ തീർത്തും അതൃപ്തനായിരുന്നു.ഫ്രഞ്ച് രാഷ്ട്രീയക്കാരെയും ജനറൽമാരെയും കുറിച്ചുള്ള കേവലം ഗോസിപ്പുകൾ മാത്രമായിരുന്ന മാതാ ഹരിയുടെ സംഭാവനകൾ. ചിലപ്പോൾ ഇതൊക്കെ കൊണ്ടാകാം വാൾട്ടർ മാത ഹരിയെ ഫ്രഞ്ച് പട്ടാളത്തിന് ഒറ്റിക്കൊടുതത്ത്
1917 ഫെബ്രുവരി 13-ന് പാരീസിലെ ചാംപ്സ് എലിസീസിലെ ഹോട്ടൽ എലിസീ പാലസിലെ അവളുടെ മുറിയിൽ വെച്ച് മാതാ ഹരിയെ അറസ്റ്റ് ചെയ്തു. ജൂലായ് 24-ന് ജർമ്മനിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അവൾ വിചാരണ ചെയ്യപ്പെട്ടു. ഫ്രഞ്ച്, ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗങ്ങൾ അവൾ ജർമ്മനിക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിച്ചെങ്കിലും, അവർക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. അവൾക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലെങ്കിലും. കോടതി അവളെ വധശിക്ഷയ്ക്ക് വിധിച്ചു.
അങ്ങനെ ഒക്ടോബർ 15-ന് വിധിനടപ്പാക്കി. വിധി നടപ്പാക്കുമ്പോള്‍ തന്‍റെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടരുതെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു. നാല്പത്തിയൊന്നാം വയസ്സിൽ മാത ഹരിയെന്ന് മാദക സുന്ദരി മരണപ്പെട്ടു. ഒക്ടോബർ 16-ന് യൂറോപ്പിലെ പമുഖ്യധാരാ പത്രങ്ങളുടെ ചൂടുള്ള വാർത്തയായിരുന്നു അത്. മാത ഹരിയുടെ മരണതിന് ഇത്രവർഷങ്ങൾക്കു ശേഷവും ലോകം ഓർക്കുന്ന ചാര സുന്ദരിയെന്ന് വിശേഷണം അവർക്കു മാത്രം സ്വന്തായിരിക്കുന്നു. ജനനം മുതൽ മരണം വരെ സങ്കിർണത്തനിറഞ്ഞതായിരുന്നു അവരുടെ ജീവിതം. ആരുടെയോ സ്വാർത്ഥതയ്ക്കു വേണ്ടി ജീവിച്ചു മരിച്ച മാർഗരേത എന്ന് മാത ഹരി.