
ഒരു രാത്രി കൊണ്ട് സ്വന്തം ഗ്രാമം തന്നെ ഉപേക്ഷിച്ചു അവിടുത്തെ ജനങ്ങൾ എവിടേക്കോ പോയി മറഞ്ഞു (The haunted tale of Kuldhara). അവർ എവിടേക്കു പോയി എന്തിനുവേണ്ടി പോയി എന്ന് ആർക്കും അറിയില്ല. ഒരുപാട് മനുഷ്യർ നൂറ്റാണ്ടുകളോളം അവിടെ ഒരുമിച്ചു താമസിച്ചു പോന്നിരുന്നു, പെട്ടന്നൊരു പ്രഭാതത്തിൽ അവരെ കുറിച്ച് ഒരുവിവരവും ഇല്ലാതെയാകുന്നു. രജസ്ഥാനിലാണ് അപ്രതീക്ഷിതമായി ഒരു ഗ്രാമം മുഴുവനും പ്രേതാലയം പോലെ ആയിത്തീർന്നത്. സൂര്യനസ്തമിച്ചു കഴിഞ്ഞാൽ പ്രേദേശവാസികൾ പോലും ഭയക്കുന്നു ഈ സ്ഥലത്തേക്ക് പോകുവാൻ. നിഗൂഢതയിലും നിശ്ശബ്ദതയിലും മുഴുകിയിരിക്കുന്ന ഈ ഗ്രമമാണ് കുൽദാര എന്ന പ്രേതങ്ങളുടെ ഗ്രാമം.
രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ നിന്നും പടിഞ്ഞാറ് 17 കിലോമീറ്റർ അകലെയാണ് കുൽധാര ഗ്രാമം സ്ഥിതിചെയ്യുന്നത്. വിശാലമായ ചോളിസ്ഥാൻ മരുഭൂമിയാൽ ചുറ്റപ്പെട്ടിരിക്കുന്നു ഈ ഗ്രാമം പുരാതന കരകൗശലത്തിന്റെയും വാസ്തുവിദ്യയുടെയും മികവിൻ്റെ തെളിവാണ് ഈ ഗ്രാമം. എന്നാൽ ഇത്തരം ഗ്രാമം എങ്ങനെയാണ് നിശബ്ദത്തയിൽ ലയിച്ച ഒറ്റപ്പെട്ട ഗ്രാമമായി മാറിയത്. ഇതിനു പിന്നിൽ നിരവധി കഥകളുണ്ട്.
13- ആം നൂറ്റാണ്ടിൽ പാലി ദേശത്തുനിന്നും കുൽധാരയിലേക് കുടിയേറി പാർത്ത പാലിവാൾ ബ്രാഹ്മണർ ആയിരുന്നു ഗ്രാമത്തിൽ താമസിച്ചിരുന്നത്. കുൽധാര ജയ്‌സാൽമീർ രാജ്യത്തിൻ്റെ ഭരണത്തിൻ കിഴിലായിരുന്നു. സമൃദ്ധിയുടെ നാട്, ഗ്രാമ നിവാസികൾ കൃഷി, വ്യാപാരം, ജ്യോതിഷം എന്നിവയിൽ ഏർപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ജയ്സാൽമീറിലേ തന്നെ ഏറ്റവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഗ്രാമം.
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിൽ പെട്ടെന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിൻ്റെ ചരിത്രം നാടകീയമായ വഴിത്തിരിവായി. പ്രാദേശിക ഐതിഹ്യമനുസരിച്ച്, ഗ്രാമവാസികൾ ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷരായി. വീടുകളിലെ എല്ലാ വസ്തുക്കളും അതുപോലെ ഉപേക്ഷിച്ച്, യാതൊന്നും കൂടെ കൊണ്ടുപോകാതെ അവർ വിദൂരതയിലേക് യാത്രയായി. പെട്ടെന്നുള്ള ഈ വിടവാങ്ങലിന് പിന്നിലെ കാരണം അജ്ഞാതമായി തുടരുകയാണ്. പ്രേത ഗ്രാമമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ഒരുതരത്തിലുമുള്ള മനുഷ്യശരീരത്തിന്റെ ആവശിഷ്ടങ്ങളോ അസ്ഥികൂടങ്ങളോ കണ്ടുകിട്ടിയിട്ടില്ല. 8.25 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന ഗ്രാമത്തിൽ മനുഷ്യർ മാത്രമാണ് ഇല്ലാത്തത്.ഏതോ ശാപത്തിന്റെ ബാക്കിപത്രമെന്ന പോലെ ഇപ്പോഴും നിലനിക്കുന്ന വീടുകൾ,ക്ഷേത്രങ്ങൾ. പലിവാൾ വസ്തുവിദ്യയിൽ നിർമിക്കപ്പെട്ട ഏകദേശം 400 മുതൽ 500 വീടുകൾ , ശിവന്റെയും രാമന്റെയും ക്ഷേത്രങ്ങൾ ഇവയിൽ പലതും പൂർണ്ണമായോ ഭാഗികമായോ നശിക്കുകയും സസ്യജാലങ്ങളാൽ പടർന്നു പിടിക്കുകയും ചെയ്ത നിലയിലും.
രാത്രികാലങ്ങളിൽ ആരും ഈ ഗ്രാമവീഥിയിലൂടെ സഞ്ചരിക്കുവാൻ ഭയക്കുന്നു.പതിഞ്ഞ കാൽപെരുമാറ്റങ്ങൾ, ഉച്ചത്തിലുള്ള ചിരി, ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുന്ന മനുഷ്യരൂപങ്ങൾ. രാത്രിയിൽ അതുവഴി പോകുന്നവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന യക്ഷി രൂപങ്ങൾ .ഇങ്ങനെ കണ്ടതും കാണാത്തതുമായ പല പ്രേതകഥകളും പ്രചാരണത്തിൽ ഉണ്ട്
പലായനത്തിൻ്റെ നിഗുഢമായ കഥകൾ
ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും എന്തുകൊണ്ടായിരിക്കും ഇരുട്ടിന്റെ മറവിൽ ഓടിപ്പോയത് എന്ന് ആർക്കും വ്യക്തമായ വിവരങ്ങൾ ഇല്ല. എന്നാൽ ജയ്സാൽമീറിൽ പ്രചരണത്തിൽ ഉള്ള കഥകൾ നിരവധിയാണ്.19 ആം നൂറ്റാണ്ടിൽ മരുഭൂമി പോലെ വരണ്ടതായി ഗ്രാമം മാറിത്തീർന്നിരുന്നു. വെള്ളത്തിൻ്റെ അഭാവവും സലിം സിംഗ് എന്ന ജയ്സാൽമിർ ദിവാൻ്റെ അതിക്രമങ്ങളും കാരണമാകാം ജനങ്ങൾ ഇവിടം വിട്ടു പോയതെന്നും പറയപ്പെടുന്നു.
1815-ഓടെ, ഗ്രാമത്തിലെ മിക്ക കിണറുകളും വറ്റിവരണ്ടു. 1850 ആയപ്പോഴേക്കും രണ്ട് ആഴമുള്ള കിണറുകളിൽ മാത്രമേ വെള്ളം ഉണ്ടായിരുന്നുള്ളു. രൂക്ഷമായ ജലക്ഷാമം ആകണം കുൽധാര ഉപേക്ഷിച്ചു ജനങ്ങൾ പലായനം ചെയ്യാനുള്ള പ്രധാന കാരണം എന്ന് കരുതപ്പെടുന്നു. അമിത നികുതിയും അടിച്ചമർത്തലും ഗ്രാമവാസികളെ അവരുടെ പലായനത്തിലേക്ക് നയിച്ചു എന്ന് മറ്റുചില കഥകളും നിലനിൽക്കുന്നുണ്ട്. അമിത നികുതിയും ജലക്ഷാമവും ഒരു രാത്രി കൊണ്ട് ഗ്രാമം ഉപേക്ഷിച്ചു പോകുവാനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കുന്നുണ്ട്.
മറ്റൊരു കഥ കൂടി പ്രചാരണത്തിലുണ്ട്, സലിം സിംഗ് എന്ന ക്രൂരനായ ഭരണാധികാരിയിൽ നിന്നും ഗ്രാമ തലവന്റെ മകളെ രക്ഷിക്കുവാനായി ഗ്രാമം മുഴുവൻ ഒളിച്ചോടിയതിന്റെ കഥ. ഗ്രാമത്തലവന്റെ സുന്ദരിയായ മക്കളോടുള്ള രാജാവിൻ്റെ അഭിനിവേശം ഒരു അന്ത്യശാസനത്തിലേക്ക് നയിച്ചിരുന്നു . അവളെ രാജാവിന്റെ സമക്ഷം കൊണ്ടെത്തിക്കുക അല്ലെങ്കിൽ ഗ്രാമം മുഴുവൻ നാശത്തെ അഭിമുഖീകരികെണ്ടിവരുമെന്നുമായിരുന്നു അന്ത്യശാസനം. തങ്ങളുടെ മാനത്തിന്ന് വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച പാലിവാൾ ബ്രാഹ്മണർ അവരുടെ ഭവനങ്ങൾ ഉപേക്ഷിക്കാൻ കൂട്ടായി തീരുമാനിച്ചു, ചുരുങ്ങിയ സാധനങ്ങൾ എടുത്ത് രാത്രിയുടെ മറവിൽ മരുഭൂമിയിലേക്ക് അപ്രത്യക്ഷരായി അവർ. പുറപ്പെടുന്നതിന് മുമ്പ്, അവർ ആ ഗ്രാമത്തെ ശപിച്ചിരുന്നു. കുൽധാര എന്നെന്നേക്കുമായി വിജനമായി തുടരുമെന്നും, പുനരധിവസിക്കാൻ ശ്രമിക്കുന്ന ആർക്കും നിർഭാഗ്യങ്ങൾ നേരിടേണ്ടിവരും എന്നും…സമുദായ ഐക്യദാർഢ്യത്തിൻ്റെയും അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിൻ്റെയും കൂട്ടായ ധീരതയുടെ ശാശ്വത സാക്ഷിയായി ഇന്ന് കുൽധാര നിലകൊള്ളുന്നു.
2017-ൽ നടത്തിയ പഠനത്തിൽ ഭൂകമ്പം കാരണമാകാം കുൽധാരയും സമീപ ഗ്രാമങ്ങളും തകരുവാനുള്ള കാരണമായി കണക്കാകുന്നു. പുരാവസ്തു സർവേകളും ചരിത്ര രേഖകളും കുൽധാരയുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) കുൽധാരയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾ കാരണമായിരിക്കാം ഗ്രാമം ഉപേക്ഷിക്കപ്പെടുന്നതിന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ന്, കുൽധാര ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്, അതിൻ്റെ വിചിത്രവും നിഗുഢവുമായ അന്തരീക്ഷം സന്ദർശകരെ ആകർഷിക്കുന്നു. കുൽധാരയുടെ നിഗൂഢമായ ഭൂതകാലം ഇന്ത്യയുടെ നാടോടിക്കഥകളിൽ പതിഞ്ഞിരിക്കുന്നുവെന്ന് ഉറപ്പാണ് .
നികുതിയോ, ജലക്ഷാമമോ, ശാപമോ ഗ്രാമവാസികളെ ആട്ടിയോടിച്ചത്. എന്തായിരുന്നാലും കുൽധാരയുടെ രഹസ്യങ്ങൾ ആകർഷകമായി തുടരുന്നു, ഇന്ത്യയിലെ ഏറ്റവും കൗതുകകരമായ നിഗൂഢതകളിൽ അതിൻ്റെ സ്ഥാനം ഉറപ്പിക്കുന്നു.