
പല ദേശത്തു നിന്നായി 20 ലേറെ സ്ത്രീകൾ, ഇവർക്കൊക്കെയും പ്രിയപ്പെട്ടവനായിരുന്നു മോഹൻ. ഈ സ്ത്രീകൾക്കൊക്കെയും അയാൾ സ്നേഹവും സമാധാനവും വാഗ്ദാനം ചെയ്തിരുന്നു, ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് സ്വന്തം സ്വത്വത്തെ പോലും വിട്ടെറിഞ്ഞ് അവർ അയാൾക്കൊപ്പം പോകുന്നു. ജീവിതത്തിന്റെ മനോഹര നിമിഷങ്ങൾ സ്വപ്നം കണ്ട ഈ സാധു സ്ത്രീകൾക്ക് മോഹൻ എന്ന കൊടും കുറ്റവാളി പകരം നൽകിയതോ വഞ്ചനയുടെ സയനൈഡ് (Cyanide)ഗുളികകൾ ആയിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ഗുളികകൾ നൽകി അവരുടെ ജീവൻ അപഹരിച്ച്, മനുഷ്യന്റെ തോൽ ധരിച്ച സയനൈഡ് മോഹന്റെ (Cyanide Mohan) സ്നേഹ വഞ്ചനയ്ക്ക് ഇരയായത് 20 സ്ത്രീകൾ. സ്നേഹത്തിന്റെ മറവിൽ മോഹൻ നടത്തിയ ക്രൂര കൊലപാതക പരമ്പരകളുടെ കഥകൾ രക്‌തം മരവിപ്പിക്കുന്നതാണ്.
2007 മെയ് 29, ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിലെ വിശ്രമമുറിയുടെ മുന്നിൽ ജനങ്ങൾ ഓടി കൂടി, വിശ്രമമുറിക്കുള്ളിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു. കണ്ടുനിന്ന ജനം ആകെ വിഭ്രാന്തരായി, മുൻപെങ്ങും ആ സ്ഥലത്ത് അങ്ങനെയൊരു സ്ത്രീയെ ആരും തന്നെ കണ്ടിട്ടില്ല . ആരൊക്കെയോ വിവരം പോലീസിനെ അറിയിച്ചു, സംഭവ സ്ഥലത്ത് പോലീസ് എത്തി മൃതദേഹം അവിടെനിന്നും മാറ്റുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വിഷം ഉള്ളിച്ചെന്നത് കൊണ്ടാണ് എന്ന് തെളിയുന്നു. കാസർഗോഡ് സ്വദേശി 33 കാരിയായ പൂർണ്ണിമയായിരുന്നു കൊല്ലപ്പെട്ടത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ബസ്‍സ്റ്റാൻഡിൽ നിന്ന പലരെയും ചോദ്യം ചെയ്യുന്നുമുണ്ട്. പക്ഷെ പ്രത്യേകിച്ച് ഒരു തുമ്പും അവർക്ക് കണ്ടെത്തുവാൻ ആകുന്നില്ല. ഒടുവിൽ പൂർണ്ണിമയുടേത് ആത്മഹത്യയാണ് എന്ന് ഉറപ്പിച്ച് പോലീസ് കേസ് അവസാനിപ്പിക്കുന്നു. അന്ന് പൂർണ്ണിമയുടെ മരണ വാർത്ത വലിയ ജനശ്രദ്ധയൊന്നും പിടിച്ചുപറ്റിയിട്ടുണ്ടായിരുന്നില്ല.
പൂർണ്ണിമ മരണപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷം സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയും കൊല്ലപ്പെടുന്നു. 2009 ജൂൺ 17 പുലർച്ചെ ബണ്ടുവ താലൂക്കിലെ ബരിമാർ ഗ്രാമത്തിൽ നിന്നും ബീഡി തൊഴിലാളിയായ അനിത മുൾയയെ കാണാതെയാകുന്നു. രണ്ടു ദിവസത്തോളം അനിതയുടെ വീട്ടുകാർ അവൾക്കായി നാടാകെ തിരഞ്ഞു. വർഗീയ കലാപം ഇന്ത്യയിൽ ഉടനീളം പൊട്ടിപ്പുറപ്പെട്ട കാലമായിരുന്നു അത്. അനിതയുടെ തിരോധാനം ലവ് ജിഹാദ് ആണ് എന്ന് പോലും പ്രചരിക്കുവാൻ തുടങ്ങി. ഹിന്ദു മതത്തിലെ സ്ത്രീകളെ അന്യമതത്തിലെ പുരുഷന്മാർ വശീകരിക്കുന്നു എന്ന ആക്ഷേപവും ഈ കാലയളവിൽ ഉയർന്നിരുന്നു. അനിതയുടെ സമുദായത്തിൽ പെടുന്നവർ വലിയ സംഘർഷങ്ങൾ നാടാകെ അഴിച്ചുവിടുന്നു. പ്രാദേശിക വലതുപക്ഷ ഗ്രൂപ്പുകൾ ഉടൻ തന്നെ ഇതിനെതിരെ രംഗത്തെത്തി പോലീസിൽ പരാതിപ്പെടുന്നു. അനിതയുടെ തിരോധാനത്തിൽ ഉടൻ നടപടി ആവശ്യപ്പെട്ട് അവർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പക്ഷെ അനിതയെ കാണാതായ അടുത്ത ദിവസം തന്നെ അനിത മരണപ്പെട്ടിരുന്നു. 160 കിലോമീറ്റർ അകലെയുള്ള ഹസ്സനിലെ ബസ് സ്റ്റേഷനിലെ സ്ത്രീകളുടെ ശുചിമുറിയിൽ വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു അവരുടെ മൃതദേഹം കണ്ടെത്തിയത്.
അനിത മരണപ്പെട്ടു എന്ന വാർത്ത പുറത്തു വന്നതോട് കൂടി സ്ഥിതിഗതി ആകെ മാറുന്നു. അനിതയുടെ തിരോധാനവും മരണവും വർഗീയ കലാപങ്ങളിലേക്ക് വഴുതിമാറാതിരിക്കുവാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ബസ് സ്റ്റാൻഡിന് സമീപം അനിത താമസിച്ചിരുന്ന ലോഡ്ജ് കേനന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുന്നു. കേസിന്റെ ഗതിയെ തന്നെ മാറ്റുന്ന ഒരു സുപ്രധാന തുമ്പ് അവർക്ക് ലഭിക്കുന്നു. അനിതയോടൊപ്പം ലോഡ്ജിൽ ഒരു പുരുഷനുമുണ്ടായിരുന്നു. കണ്ടാൽ നാല്പത് വയസ്സ് തോന്നിപ്പിക്കുന്ന കറുത്ത കട്ടി മീശയുള്ള ഒരു പുരുഷൻ, ഇതായിരുന്നു പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അനിതയെ ശുചിമുറിയിൽ മരണപ്പെട്ടു എന്ന്
ഉറപ്പുവരുത്തിയ ശേഷം ആ പുരുഷൻ ലോഡ്ജിലേക്ക് തിരികെ ഓടി പോകുന്നത് കണ്ടതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകുന്നു.
അനിതയുടെ മരണകാരണം സയ്നൈഡ് ഉള്ളിൽ ചെന്നതാണ് എന്ന് തെളിയുന്നു. തുടർന്ന് പോലീസ് ആ അജ്ഞാത പുരുഷനായുള്ള അന്വേഷണം ഊർജ്ജിതമാക്കി. അനിതയുടെ ഫോണിലെ കോൾ ലിസ്റ്റിൽ പോലീസ് തേടുന്ന ആ പുരുഷൻ ഉണ്ടെന്ന് വ്യക്തമായി. ഒടുവിൽ പോലീസിന്റെ അന്വേഷണം കൊണ്ടെത്തിച്ചത് ദക്ഷിണ കന്നഡയിൽ നിന്നുള്ള ഒരു പ്രൈമറി സ്കൂൾ അധ്യാപികനായിരുന്ന മോഹൻ കുമാറിന്റെ (Mohan Kumar) മുന്നിലായിരുന്നു. 2009 ഒക്ടോബർ 21 ന് മോഹൻ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. അനിതയുടെ കൊലപാതകി എന്ന് സംശയിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത് എന്നാൽ പിന്നീട് മോഹൻ പോലീസിന് മുന്നിൽ നടത്തിയ ഏറ്റുപറച്ചിലാണ് മനുഷ്യ മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചത്.
ആദ്യമൊന്നും മോഹൻ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. അനിതയെ അറിയാമോ എന്ന പോലീസിന്റെ ചോദ്യത്തിന് അറിയില്ല എന്നതായിരുന്നു മോഹന്റെ മറുപടി. പോലീസിന്റെ ചോദ്യങ്ങളിൽ നിന്നും കഴിയുന്ന അത്രയും അയാൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. പക്ഷെ അനിതയുടെ കാൾ ഹിസ്റ്ററി ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നു. പോലീസിന്റെ പക്കൽ ഉണ്ടായിരുന്ന മറ്റൊരു സുപ്രധാന തുമ്പ് 2007 മെയ് 29, ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ മരണപ്പെട്ട പൂർണ്ണിമ ഉൾപ്പെടെ നിരവധി സ്ത്രീകളുമായി മോഹന് ബന്ധമുണ്ടായിരുന്നു എന്നതാണ്. 2004 നും 2009 നും ഇടയിൽ മരണപ്പെട്ട ഒട്ടനവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് സംശയിച്ചിരുന്നു. മോഹൻ തന്നെ എല്ലാ സത്യങ്ങളും തുറന്നു പറയുന്നു. 2004 നും 2009 നും മദ്ധ്യേ ഇയാൾ 20 ലേറെ സ്ത്രീകളെ സയനൈഡ് നൽകി കൊലപ്പെടുത്തിയതായി മോഹൻ തന്നെ വെളിപ്പെടുത്തുന്നു.
നാല് മലയാളികൾ ഉൾപ്പെടെ 20 സ്ത്രീകളെയായിരുന്നു മോഹൻ സയ്നൈഡ് നൽകി കൊലപ്പെടുത്തിയത്. മോഹൻ പോലീസിന് നൽകിയ മൊഴിയിൽ അയാൾ 32 സ്ത്രീകളെ കൊലപ്പെടുത്തിയതായി പറയുന്നു. മോഹൻ നടത്തിയ ഈ വെളിപ്പെടുത്തലിൽ പോലീസുകാർ പോലും ആകെ ഞെട്ടിയിരുന്നു. എന്നാൽ പോലീസിന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മോഹൻ കൊലപ്പെടുത്തിയ സ്ത്രീകളുടെ എണ്ണം 20 ആയി ചുരുങ്ങുന്നു. കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണ് മോഹൻ കൊലപ്പെടുത്തിയ മലയാളികൾ. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂർ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂർ പദുമജലു വിനുത (24), ബണ്ട്വാൾ മിട്ടൂർ ഇഡ്‌കിഡു ഹേമാവതി (24), ബൽത്തങ്ങടി മഡന്ത്യാർ മെഗിനമലാഡി യശോദ (26), ബണ്ട്വാൾ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂർ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂർണിമ (33), അനിത (24) ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടവർ.
20 പേരെയും കൊലപ്പെടുത്തിയത് സമാനമായ രീതിയിൽ. അവിവിവാഹിതരായ സ്ത്രീകളെ സ്നേഹം നടിച്ച് വലയിലാക്കും. വിവാഹ വാഗ്ദാനം നൽകി ഒടുവിൽ അവരെ ഏതെങ്കിലും ഒരിടത്തേക്ക് വിളിച്ചുവരുത്തി താലി കെട്ടുന്നു. തുടർന്ന് ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഇരകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. മോഹൻ വളരെ തന്ത്രപരമായി ഇവരുടെ സ്വർണ്ണങ്ങൾ കൈക്കലാക്കുന്നു. അടുത്ത ദിവസം ഗർഭ നിരോധന ഗുളിക എന്ന വ്യാജേനെ സയ്നൈഡ് ഗുളിക കഴിക്കുവാൻ നൽകുന്നു. ലോഡ്ജ് മുറിയിൽ വച്ച് ഗുളിക കഴിക്കുന്നതിനു പകരം അടുത്തുള്ള പൊതു ശുചിമുറിയിൽ പോകുവാൻ ആവശ്യപ്പെടും. എന്തിനാണ് ഇങ്ങനെ പുറത്തു പോകുന്നത് ലോഡ്‌ജിലെ മുറിയിൽ വച്ച് തന്നെ ഗുളിക കഴിച്ചാൽ പോരെ എന്ന സ്വാഭാവിക ചോദ്യം ഇരകൾ ഉന്നയിക്കുമ്പോൾ, ഗർഭ നിരോധന ഗുളിക കഴിച്ചാൽ ഛർദിൽ ഉണ്ടാകുമെന്ന് പറഞ്ഞു മനസ്സ് മാറ്റിയാണ് ഇവരെ ലോഡ്ജിൽ നിന്നും ശുചിമുറിയിലേക്ക് മോഹൻ പറഞ്ഞു വിടുന്നത്. ഒടുവിൽ മോഹന്റെ വാക്ക് വിശ്വസിച്ച ഇവർ ഗുളിക കഴിക്കുന്നു. മരണത്തിലേക്കുള്ള ചവിട്ട് പടിയാണ് എന്ന് മനസ്സിലാകാത്ത അവർ മോഹന്റെ ചതിയിൽ വീഴുന്നു. ഗുളിക കഴിച്ച് ഏതാനുംനിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇവർ കൊല്ലപ്പെടുന്നു. ഈ അവസരം മുതലെടുത്ത് മോഹൻ ലോഡ്ജിൽ തിരികെ എത്തി എല്ലാ തെളിവുകളും നശിപ്പിക്കുന്നു എന്നിട്ട് സ്ത്രീകളുടെ സ്വർണ്ണവും എടുത്ത് കൊണ്ട് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുന്നു.
സ്ത്രീകളുടെ ഉള്ളിൽ സയ്നൈഡ് ചെന്ന് മരിച്ചത് കൊണ്ട് തന്നെ ആത്മഹത്യ എന്ന് പോലീസും ഓരോ കേസിനെയും മുദ്രകുത്തി. മോഹൻ എന്ന സീരിയൽ കില്ലറുടെ വാർത്ത അടുത്ത ദിവസത്തെ പത്രങ്ങളിലെ പ്രധാന വാർത്താ തലക്കെട്ടായി മാറി. ആ സമയത്ത് പത്രങ്ങൾ തന്നെ മോഹന് നൽകിയ തലക്കെട്ടായിരുന്നു സയ്നൈഡ് മോഹൻ എന്നത്. മോഹന്റെ കേസുകൾ കോടതിയിൽ എത്തുന്നു. കേസുകൾ വാദിക്കുവാൻ മറ്റാരുടെയും സഹായം തേടാതെ അയാൾ തന്നെ കേസുകൾ വാദിക്കുന്നു.
ഒരു മനോരോഗിയുടെ മനസ്സ്..
മോഹന്റെ പെരുമാറ്റം പഠിച്ച വിദഗ്ധർ അയാളെ ഒരു മനോരോഗി എന്നാണ് വിശേഷിപ്പിക്കുന്നത്, തന്റെ പ്രവൃത്തികളിൽ യാതൊരു പശ്ചാത്താപവും അയാൾ പ്രകടിപ്പിച്ചിരുന്നില്ല. കൊലപാതകങ്ങൾക്കുള്ള മോഹന്റെ ഉദ്ദേശ്യങ്ങൾ ഇപ്പോഴും വ്യക്തമല്ല, പക്ഷേ ഇരകളുടെ മേലുള്ള അധികാരവും നിയന്ത്രണവും മോഹൻ അങ്ങേയറ്റം ആസ്വദിച്ചിരുന്നു. മോഹന്റെ കൊലപാതകങ്ങൾ അഭിനിവേശത്തിന്റേയോ വികാരത്തിന്റേയോ പുറത്തായിരുന്നില്ല അയാളുടെ യുക്തിയുടെ കണക്കുകൂട്ടലുകൾ മാത്രമായിരുന്നു അവ. മോഹൻ കുമാർ എന്ന സയ്നൈഡ് മോഹൻ ഒരു സ്കൂൾ അധ്യാപകനായിരുന്നു, കുട്ടികൾക്ക് അറിവ് പകർന്നു നൽകേണ്ട മനുഷ്യൻ തന്നെ നിരവധി പേരുടെ ജീവൻ കവരുന്നു. ചില മാനസിക ആരോഗ്യ വിദക്തർ മോഹന് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യം (Antisocial Personality Disorder) ഉണ്ടാകും എന്നാണ് പറയുന്നത്.20 കേസുകളിൽ 17 എണ്ണത്തിന്റെ വിചാരണ പൂർത്തിയായി വധശിക്ഷ കാത്തു കഴിയുകയാണ് മോഹൻ. തന്നെ വിശ്വസിച്ച് കൂടെ വന്ന സ്ത്രീകളെ നിഷ്കരുണം കൊന്നുകളയുമ്പോൾ അയാൾക്ക് ഒരിക്കൽ പോലും പശ്ചാത്താപം തോന്നിയിട്ടുണ്ടാകുമോ?