
സമ്പന്നമായ സാംസ്കാരികവും മതപരവുമായ ചരിത്രമുറങ്ങുന്ന മണ്ണാണ് എത്യോപ്യയുടേത്. ലോകത്തിലെ വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യാ അത്ഭുതങ്ങളിൽ ചിലത് സ്ഥിതിചെയ്യുന്നതും എത്യോപ്യയിലാണ്. വിശ്വാസവും ഇച്ഛാശക്തിയും ഒരുമിക്കുമ്പോൾ അസാധ്യമായത് സാധ്യമാകുന്നു. അങ്ങനെ സാധ്യമാക്കിയ ഒരു അത്ഭുത സൃഷ്ടിയുണ്ട് ഇവിടെ, ഒറ്റ പാറയിൽ കൊത്തിയുണ്ടാക്കിയ പള്ളികൾ (ROCK HEWN CHURCHES). വിശ്വാസത്തിൽ മുറുകെ പിടിച്ചുകൊണ്ട് പാറയിൽ വിസ്മയം തീർത്ത് എത്യോപ്യയിലെ ഒറ്റക്കൽ വിസ്മയങ്ങളാണ് റോക്ക്-ഹൂൺ പള്ളികൾ.
പർവ്വതങ്ങളുടെയും പാറക്കെട്ടുകളുടെയും ഉറച്ച പാറയിൽ നേരിട്ട് കൊത്തിയെടുത്ത ഈ പുരാതന ഘടനകൾ, നൂറ്റാണ്ടുകൾക്കു മുമ്പ് എത്യോപ്യൻ ക്രിസ്ത്യാനികളുടെ ചാതുര്യത്തെയും സമർപ്പണത്തെയും പ്രതിനിധീകരിക്കുന്നു. എത്യോപ്യയിൽ ഉടനീളം ഒറ്റക്കല്ലിൽ നിർമ്മിക്കപ്പെട്ട ഏകദേശം 200 ഓളം റോക്ക്-ഹൂൺ പള്ളികൾ ഉണ്ട്.
എന്നാൽ ,ഈ പള്ളികളിൽ ഏറ്റവും പ്രശസ്തമായതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചതും ലാലിബെലിലെ പള്ളികളാണ്. ലാലിബെലിൽ മാത്രം ഉള്ളത് 11 റോക്ക്-ഹൂൺ പള്ളികളാണ്. എത്യോപ്യയിലെ അംഹാര മേഖലയിലെ പട്ടണമാണ് ലാലിബെല. ലോകത്ത് ഉടനീളം ഇത്തരം ഒറ്റക്കൽ നിർമ്മാണങ്ങൾ ഉണ്ട്, നമ്മുടെ ഇന്ത്യയിലും ഇത്തരത്തിൽ നിരവധി നിർമ്മിതികൾ ഉണ്ട്. എന്നാൽ ഇവയിൽ നിന്നും റോക്ക് ഹൂൺ പള്ളികളെ വ്യത്യസ്തപ്പെടുത്തുന്നത്, ഈ പള്ളികളുടെ നിർമ്മാണത്തിന് പാറയ്ക്ക് പകരം സിമൻ്റോ കോൺക്രീറ്റോ പോലുള്ള മറ്റ് വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ പള്ളികൾ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്.
റോക്ക്-ഹൂൺ പള്ളികളുടെ ഉത്ഭവം
12, 13 നൂറ്റാണ്ടുകളിൽ ഗബ്രി മെസ്കൽ രാജാവിന്റെ ഭരണ കാലത്താണ് പാറകൾ വെട്ടി പള്ളികൾ നിർമ്മിക്കപ്പെട്ടത്. എഡി നാലാം നൂറ്റാണ്ടിൽ അക്‌സുമൈറ്റ് സാമ്രാജ്യത്തിലെ ഈസാന രാജാവ് ഔദ്യോഗികമായി ക്രിസ്തുമതം സ്വീകരിച്ചതോടെ എത്യോപ്യയിൽ ക്രിസ്തുമതം വ്യാപിക്കുവാൻ തുടങ്ങി. ക്രിസ്തു മതം സ്വീകരിച്ച് ഗബ്രി മെസ്കൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജെറുസലേം സന്ദർശനം നടത്തിയിരുന്നു. ഗബ്രി രാജാവ് തിരികെ എത്യോപ്യയിൽ എത്തുന്നതിനു മുൻപ് ഇസ്ലാമിക പടയോട്ടത്തിൽ ജെറുസലേം കീഴടക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ലോകത്തിലുള്ള എല്ലാ ക്രൈസ്‌തവ വിശ്വാസികൾക്കും വേണ്ടി രാജാവ് "പുതിയ ജെറുസലേം" നിർമ്മിക്കുവാൻ തിരുമാനിക്കുകയായിരുന്നു.രാജാവ് ആഗ്രഹിച്ചത് പോലെ തന്നെ പള്ളികൾ
നിർമ്മിക്കപ്പെട്ടു.ലാലിബെല ഏറ്റവും പ്രശസ്തമായ സ്ഥലമാണെങ്കിലും, പള്ളികൾ പാറയിൽ കൊത്തിയെടുക്കുന്ന സമ്പ്രദായം ഈ പ്രദേശത്ത് മാത്രം ഒതുങ്ങിയിരുന്നില്ല. എത്യോപ്യയിൽ ഉടനീളം, പ്രത്യേകിച്ച് ടിഗ്രേ മേഖലയിൽ, രാജ്യത്തിൻ്റെ മതപരമായ ഭക്തിയും വാസ്തുവിദ്യാ നവീകരണവും പ്രദർശിപ്പിച്ചുകൊണ്ട് മറ്റ് പാറകൾ വെട്ടി പള്ളികൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ പാരമ്പര്യം നൂറുകണക്കിന് വർഷങ്ങളായി തുടർന്നു.എത്യോപ്യയെ, പാറയിൽ കൊത്തിയ പള്ളികൾ കാണാവുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാക്കി മാറ്റി.
പുരാതന വാസ്തുവിദ്യാ വൈദഗ്ധ്യം
അഗ്നിപർവ്വത പാറയിൽ കൊത്തിയെടുത്തതാണ് ലാലിബെലിലെ പതിനൊന്ന് പളളികളും. ആദ്യം ഖനനം ചെയ്യുമ്പോൾ താരതമ്യേന മൃദുവായതും , എന്നാൽ കാലക്രമേണ കഠിനമാകുന്നതാണ് അഗ്നിപർവ്വത പാറകൾ. പള്ളികൾ പാറയുടെ മുകളിൽ നിർമ്മിച്ചതല്ല, മറിച്ച് പൂർണ്ണമായും പാറ തുരന്നാണ് പള്ളികൾ നിർമ്മിച്ചിട്ടുള്ളത്. പള്ളി പണിയുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയതിന് ശേഷം മണ്ണ് മാറ്റി, പാറ തുരന്ന് ജനലും വാതിലും പുറമെ കൊത്തിയെടുക്കുന്നു. പാറകൾ സമചതുര ആകൃതിയിലാണ് കൊത്തിയെടുക്കുന്നത്. പള്ളികളുടെ തറയും പാറയിൽ കൊത്തിയെടുത്തത് തന്നെയാണ്.
ലാലിബെലിലെ 11 പള്ളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒരു വിഭാഗം പള്ളികൾ പട്ടണത്തിൻ്റെ വടക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, തെക്കൻ ഭൂഗർഭ പാതകളാൽ ബന്ധിപ്പിച്ചിരിക്കുന്ന പള്ളികളും. ഈ പള്ളികളിൽ ഏറ്റവും പ്രസിദ്ധമായത് ബെറ്റ് ജോർഗിസ് അഥവാ സെൻ്റ് ജോർജ്ജ് ചർച്ച് ആണ്, ഇത് ഒരു ഗ്രീക്ക് കുരിശിൻ്റെ ആകൃതിയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഈ പള്ളികളിൽ ഓരോന്നും കുരിശുകൾ, ജാലകങ്ങൾ, പ്രാർത്ഥനയ്ക്കുള്ള വിശുദ്ധ ഇടങ്ങൾ എന്നിവ ഉൾപ്പെടെ കൊത്തിയെടുത്തിട്ടുണ്ട്. പള്ളികളുടെ ഘടന വ്യത്യസ്തമാണ്, ചിലത് പരമ്പരാഗത ബസിലിക്ക ശൈലിയിലുള്ള ക്രിസ്ത്യൻ പള്ളികളോട് സാമ്യമുള്ളതാണ്, മറ്റുള്ളവയ്ക്ക് തനതായ എത്യോപ്യൻ ശൈലിയിലും.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,600 മീറ്റർ ഉയരത്തിലാണ് ലാലിബെല നഗരം സ്ഥിതി ചെയ്യുന്നത്. ഈ ഉയരം ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ഈ പ്രദേശത്തിന് തണുത്ത കാലാവസ്ഥ നൽകുന്നു. മാറുന്ന കാലാവസ്ഥയുടെയും കാലപ്പഴക്കത്തിന്റെയും വെല്ലുവിളികൾക്കിടയിലും നൂറ്റാണ്ടുകളായി കേടുകൂടാതെയിരിക്കുന്ന പള്ളികൾ നിലനിക്കുന്നതും ഇതുകൊണ്ടുതന്നെയാണ്. റോക്ക്-ഹൂൺ പള്ളികൾ എത്യോപ്യയുടെ ആഴത്തിലുള്ള ക്രിസ്ത്യൻ വേരുകളുടെയും വിശ്വാസത്തിൻ്റെയും കരകൗശലത്തിൻ്റെയും നീണ്ട ചരിത്രത്തിൻ്റെയും അതുല്യമായ ഒരു സാക്ഷ്യമായി നിലകൊള്ളുന്നു.