This Content Is Only For Subscribers
ജാതി വെറി ഇന്ത്യയെ അടക്കിവാണ കാലം. സവർണ്ണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ തിങ്ങി വസിചിരുന്ന, ജാതിയുടെ പേരിൽ മനുഷ്യരക്തത്തിന് വരെ വിലയിട്ടിരുന്ന ഒരു ഗ്രാമം. അവിടേക്ക് പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയെ തട്ടികൊണ്ടു വരുന്നു. ആ പെൺകുട്ടിയെ മൂന്നാഴ്ചയോളം അവിടെവച്ച് പല തവണ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, നഗ്നായാക്കി ആ ഗ്രാമത്തിലൂടെ അവളെ നടത്തിപ്പിക്കുന്നു. ശേഷം ആ ഗ്രാമം മുഴുവൻ നോക്കി നിൽക്കേ ഗ്രാമത്തിലെ കിണറിൽ നിന്നും വെള്ളം കോരിപ്പിക്കുന്നു. അന്ന് അപമാനവും സങ്കടവും ഉള്ളിൽ ഒതുക്കിയ ആ പെൺകുട്ടി വർഷങ്ങ്ൾക്ക് ശേഷം തിരികെ ആ ഗ്രാമത്തിൽ എത്തുന്നു.
എന്നാൽ, അന്ന് പീഡനങ്ങൾക്ക് ഇരയായ പതിനേഴ് വയസ്സുകാരിയായിട്ടല്ല അവൾ തിരികെ എത്തിയത്. കൈയിൽ തോക്കുമായി എത്തിയവൾ ഗ്രാമത്തിലെ ഓരോ പുരുഷനെയും വീടുകൾക്ക് പുറത്തേക്ക് വിളിച്ചിറക്കി. ശേഷം എവിടെ വച്ചാണോ അവളെ അപമാനിച്ചത് അവിടെക്ക് അവൾ അവരെ എത്തിക്കുന്നു. ശേഷം അതെ കിണറിലേക്ക് അവരെ വെടിവച്ചു വീഴ്ത്തി. അന്ന് ഒറ്റരാത്രി കൊണ്ട് കൊല്ലപ്പെട്ടത്ത് 20 പുരുഷന്മാരായിരുന്നു. അവളെ പീഡിപ്പിച്ചവരെയും അത് കണ്ടു നോക്കിനിന്നവരെയും അവൾ കൊലപ്പെടുത്തി. ഈ കൂട്ടക്കൊല ബെഹ്മായി കൂട്ടക്കൊല (Behmai massacre) എന്ന് അറിയപ്പെട്ടു. ബെഹ്മായി കൂട്ടക്കൊലയോടെ ഇന്ത്യയിൽ ഉടനീളം മുഴങ്ങിയ പേരായിരുന്നു ഫൂലന് ദേവി (Phoolan Devi) എന്നത്.
1963 ഓഗസ്റ്റ് 10 -ന്, ഉത്തർ പ്രദേശിൽ യമുനാ നദിയുടെ തീരത്തുള്ള ഗോർഹാ കാ പുർവാ ഗ്രാമത്തിൽ, ദേവിദീൻ-മൂലാ ദമ്പതികളുടെ മകളായിട്ടാണ് ഫൂലന്റെ ജനനം. മല്ല വംശത്തിലാണ് ജനിച്ചു വളർന്നെതെങ്കിലും തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടായിരുന്നു ആ കുടുംബത്തിന്റേത്. ഫൂലന് ദേവിക നാലു സഹോദരിമാരും ഒരു സഹോദരനുമാണ് ഉണ്ടായിരുന്നത്. ഫൂലന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരൻ ബിഹാരി ലാലും അയാളുടെ മകൻ മൈയ്യ ദീനും കൂടി, ആധാരത്തിൽ കൃത്രിമം കാട്ടി അവരുടെ കുടുംബസ്വത്തൊക്കെ തട്ടിയെടുതിരുന്നു. അതോടെ ഇരു കുടുംബങ്ങളും തമ്മിൽ വഴക്കായി. ഒടുവിൽ ഫൂലന്റെ പിതാവ് എല്ലാം വിട്ടെറിഞ്ഞ് ഗ്രാമത്തിന്റെ അതിർത്തിയിൽ ഒരു കുടിൽ കെട്ടിപാർത്ത് കുടുംബവുമായി താമസമായി.
തന്റെ പിതാവിനെ ചതിച്ചുണ്ടാക്കിയ സ്വത്ത് അനുഭവിക്കുന്ന ആ ചതിയന്റെ കുടുംബത്തോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു ഫൂലന്. ചതിയുടെ കഥ കേട്ട് വളർന്ന ഫൂലന് ദേവി, അവൾക്ക് വെറും പത്തുവയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചതിക്ക് പകരം ചോദിക്കുവാനായി അമ്മാവന്റെ വീട്ടിലേക്ക് പോകുന്നു. എന്നാൽ അവിടെ എത്തിയ ഫൂലന് സ്വത്തിനെ കുറിച്ച് ചോദിക്കുന്നു. എന്നാൽ ഫൂലന്റെ ചോദ്യംചെയ്യലിൽ ക്ഷുഭിതനായ അമ്മാവന്റെ മകൻ മൈയ്യ ദീനുൻ ചുടുകട്ട കൊണ്ട് ഫൂലന്റെ തലയ്ക്ക് അടിക്കുന്നു. അടി കൊണ്ട് അവൾ ബോധം കെട്ടുവീഴുന്നു.
എന്നാൽ കുഞ്ഞു ഫൂലന്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോന്ന പ്രഹരശേഷി ഈ സംഭവത്തിന് ഉണ്ടായിരുന്നു. അവൾക്ക് ഏറ്റ അടിയേക്കാൾ ആ ഗ്രാമത്തിൽ ചർച്ചയായത് പത്തുവയസുകാരിയുടെ തന്റേടമായിരുന്നു. ആ കുഞ്ഞീനെ അഹങ്കാരിയെന്ന് മുദ്ര കുത്തി. അതോടെ, കുടുംബത്തിലും ഗ്രാമത്തിലും ഒരു പ്രശ്നക്കാരി എന്ന് മുദ്രകുത്തപ്പെട്ട ഫൂലനെ, എത്രയും പെട്ടെന്നു തന്നെ കെട്ടിച്ചുവിടാൻ വേണ്ട ചരടുവലികൾ ബന്ധുക്കൾ ആരംഭിച്ചിരുന്നു. അവൾ കുടുംബത്തിന് ചിത്തപ്പേര് ഉണ്ടാകുമെന്ന് വരെ പലരും പറഞ്ഞു. അതോടെ അവളെ കല്യാണം കഴിപ്പിച്ച വിടാനുള്ള തീരുമാനത്തിൽ അവളുടെ മാതാപിതാക്കൾ എത്തിച്ചേരുന്നു. വെറും പതിനൊന്ന് വയസ്സുകാരിയെ നാല്പത്ത് വയസ്സോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നു.
കല്യാണ രാത്രി തന്നെ അവളുടെ ഭർത്താവ് അവളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ആ മനുഷ്യന്റെ രതിവൈകൃതങ്ങൾക്ക് അവൾ ഇരയാകുന്നു. പീഡനങ്ങൾ സഹിക്കാൻ കഴിയാതെ ആ കുഞ്ഞ് ഭർതൃവീട്ടിൽ നിന്നും ഓടി സ്വന്തം വീട്ടിൽ അഭയം പ്രാപിക്കുന്നു. രക്ഷപ്പെട്ട സ്വന്തം ഗ്രാമത്തിൽ എത്തിയ ആ കുഞ്ഞിനെ കാത്തിരുന്നത് വേദനകൾ മാത്രാമായിരുന്നു. പന്ത്രണ്ടുവയസ്സായ കൊച്ചു ഫൂലനെ വേശ്യയെന്ന് വരെ ഗ്രാമവാസികൾ വിളിക്കുന്നു. എന്നാൽ ഇതൊന്നും അവൾ വക വയ്ക്കുന്നില്ല. തന്നാൽ കഴിയുന്നത് പോലെ അവൾ സ്വന്തം കുടുംബത്തിന് വേണ്ടി പണിയെടുത്തു.
അവളെ അപമാനിച്ച അതെ ഗ്രാമത്തിൽ തന്നെ അവൾ വളർന്നു. ആരുടെയും സഹായം ഇല്ലാതെ, സാഹചര്യങ്ങളോട് മല്ലിട്ട് അവൾ വളർന്നു. ശക്തയും സുന്ദരിയുമായി വളർന്ന ഫൂലൻ കാമകണ്ണുകളുടെ ഇരയായിരുന്നു. നോക്ക് കൊണ്ടും വാക്ക് കൊണ്ടും വേട്ടയാടിയവരെ അവൾ കണ്ണുകൊണ്ടും വായകൊണ്ടും മറുപടി നൽകി. പുരുഷൻമാർക്ക് നേരെ തെറി വിളിക്കുന്ന സ്ത്രീയെന്ന പേരുകൂടി അവൾക്ക് ലഭിക്കുന്നു. ഇതിന് അവളുടെ വീട്ടുകാർ കണ്ട പരിഹാരമായിരുന്നു മറ്റൊരു വിവാഹം. എന്നാൽ ഇത്തവണ അവൾ അതിനെ ശക്തമായി എതിർത്തു . എന്നാൽ ഒടുവിൽ സഹിക്കവയ്യാതെ അവൾ നാടുവിടുന്നു.
വർഷങ്ങൾ ഏറെ കടന്നു പോയിട്ടും ഫൂലനോട് അടങ്ങാത്ത് പകയായിരുന്നു അമ്മാവന്റെ മകൻ മൈയ്യ ദീനുന്റെ ഉള്ളിൽ. ഫൂലൻ ഒരു സംഘം കൊള്ളക്കാരെയും കൂട്ടികൊണ്ട് വന്ന് തന്റെ വീട് കൊള്ളയടിച്ചു എന്ന പരാതി പോലീസിന് കൈമാറുന്നു മയ്യാ ദിൻ. ഈ കള്ളക്കേസിൽ പോലീസ് കേസെടുക്കുന്നു. ഫൂലനെ കിട്ടാത്തത് കൊണ്ട് അച്ചനെ അറസ്റ്റ് ചെയ്യുന്നു. ഫൂലൻ പോലീസ് സ്റ്റേഷനിൽ എത്തിയാൽ അച്ഛനെ വെറുതെ വിടാം എന്ന് പോലീസ് അറിയിക്കുന്നു. അതോടെ ഫൂലൻ പോലീസ് സ്റ്റേഷനിൽ എത്തുന്നു. ഫൂലനെ അച്ഛൻ കിടന്ന അതെ സെല്ലിൽ അടച്ചിടുന്നു. കുറ്റം സമ്മതിക്കുവാനായി ലാത്തികൊണ്ട് അവളെ പൊതിരെ തല്ലി. അപ്പോഴും താൻ ചെയ്യാത്ത കുറ്റം ഏറ്റെടുക്കുവാൻ അവൾ തയ്യാറായിരുന്നില്ല.
എത്ര തെല്ലിയിട്ടും ഫൂലൻ കുറ്റം ഏറ്റെടുക്കാത്തത് ഇൻസ്പെക്ടറിൽ വലിയ തോതിലുള്ള അമർശത്തിന് ഇടയാക്കി. അവർ അവളെ മറ്റൊരു സെല്ലിലേക്ക് മാറ്റി. അവിടെ ആ സെല്ലിൽ അവളെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. അവിടെവച്ച് ഒന്നിന് പിറകെ ഒന്നായി പോലീസുകർ അവൾ ബലാത്സംഗം ചെയ്തു. മൂന്ന് ദിവസത്തോളം നീണ്ടു പോയി ഈ പീഡനങ്ങൾ. ശേഷം മൂന്നാം ദിവസം അവളെ അവളുടെ അച്ചൻ ഉണ്ടായിരുന്ന സെല്ലിൽ കൊണ്ട് ചെന്നാക്കി. സ്വന്തം പിതാവിന് മുന്നിൽ അവളെ അവർ നഗ്നയാക്കി നിർത്തി. തന്റെ മകളുടെ ഈ ദയനീയ അവസ്ഥ കാണുവാൻ കഴിയാതെ ആ പിതാവ് കണ്ണുകൾ രണ്ടും അമർത്തിയടച്ചു. ക്രൂരപീഡനങ്ങൾക്ക് ഒടുവിൽ അവൾ കുറ്റം സമ്മതിച്ചു. ഒരു മാസം പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന് വീട്ടിൽ തിരിച്ചെത്തിയത് ജീവനുള്ള ശവമായിട്ടായിരുന്നു.
അവളോട് ഇത്രയൊക്കെ ചെയ്തത് പോരാഞ്ഞ് മൈയ്യ ദിൻ പണം കൊടുത്ത് ഏർപ്പാടാക്കിയ ബാബു സിംഗ് ഗുജ്ജർ എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരന്റെ സംഘം അന്നുരാത്രി തന്നെ ഫൂലനെ തട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ ഫൂലനെ തട്ടിക്കൊണ്ടുപോയി ബാബു സിംഗ് ഗുജ്ജർ തുടർച്ചയായി രണ്ടുമൂന്നു ദിവസത്തോളം അതിക്രൂരമായി അവളെ ബലാത്സംഗം ചെയ്തു. അപ്പോഴാണ് ആ കൊള്ളസംഘത്തിലെ തന്നെ മല്ല വിഭഗത്തിൽപ്പെടുന്ന വിക്രം മല്ലയ്ക്ക് (Vikram Mallah) ഫൂലനോട് വല്ലാത്തൊരു അടുപ്പം തോന്നുന്നത്. ഫൂലനെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്ന ബാബു സിംഗ് ഗുജ്ജറിനെ വിക്രം മല്ല വെടിവച്ചുകൊന്നു.
ഇതേ തുടർന്ന് വിക്രം ഫൂലനെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നു. ഫൂലൻ തന്റെ ഭാര്യയാണ്, അവളെ എല്ലാവരും ബഹുമാനിക്കണം, എന്ന് വിക്രം മല്ല കൊള്ളസങ്കേതത്തിലെ ഓരോത്തർക്കും കർശനമായ താക്കിത് നൽകി. മാനസികമായും ശരീരികമായും തകർന്നു പോയ ഒരു സ്ത്രീയെ തന്റെത് എന്ന് പറഞ്ഞു കൊണ്ട് വിക്രം മല്ല ചേർത്ത് നിർത്തി. നാളിതുവരെ അവൾ നേരിട്ട് പീഡനങ്ങൾക്ക് മേൽ സാന്ത്വനത്തിന്റെ തലോടലുകളായിരുന്നു അത്. പതിനൊന്നാം വയസ്സിൽ ഫൂലനെ ബലാത്സംഗം ചെയ്ത ആദ്യ ഭർത്താവിനെ പൊതിരെ തല്ലുവാനുള്ള അവസരം വിക്രം മല്ല പ്രിയതമയ്ക്ക് ഒരുക്കി കൊടുക്കുന്നു.
എന്നാൽ വിക്രം മല്ലയുടെ കൊള്ളസംഘത്തിൽ തന്നെ അയാൾക്ക് നേരെ പലരും അസ്ത്രങ്ങൾ ഒരുക്കുന്നത് അയാൾ അറിഞ്ഞിരുന്നില്ല. . സവർണ്ണനായ ബാബു ഗുജാറിനെ കൊന്ന് ഒരു അവർണ്ണനായ വിക്രം മല്ല കൊള്ളസംഘം ഭരിക്കുന്നത് അവരുടെ കൂടെത്തന്നെയുണ്ടായിരുന്ന സവർണ്ണർക്ക് രുചിച്ചില്ല. ബ്രാഹ്മണര്‍ക്ക് തൊട്ടുതാഴെ സ്ഥാനമുള്ള താക്കൂര്മാരെ വിക്രം മല്ല ഭരിക്കുന്നത് സഹിക്കാന്‍ കഴിയാതെ ചിന്തയിൽ അയാളെയും കൊലപ്പെടുത്തി. 1980 ഓഗസ്റ്റ് 30, വിക്രം മല്ലയുടെ സംഘത്തിൽതന്നെയുള്ള ശ്രീറാം ലല്ലാറാം എന്നിവരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നു. ഫൂലനെ നെഞ്ചോട് ചേർത്ത് നിർത്തിയ അവളുടെ പ്രിയതമൻ കൊല്ലപ്പെട്ടു, ഒരു നീച ശക്തിയ്യ്ക്കും വിട്ടുകൊടുക്കാതെ എല്ലാവർക്കും എതിരെ പോരാടിയ വിക്രം മല്ലയുടെ മരണം ആ പതിനെഴുകാരിയെ തീർത്തും തളർത്തി കളഞ്ഞു.
ശ്രീറാം ലല്ലാറാം എന്നിവർ ഫൂലനെ ബന്ദിയാക്കി ഠാക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ബെഹ്മായി എന്ന ഗ്രാമത്തിലേക്ക് കൂട്ടിക്കോണ്ടുപോകുന്നു. അവിടെവച്ച് പല തവണ അവൾ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന് തീർത്തും നഗ്നായാക്കി ആ ഗ്രാമത്തിലൂടെ നടത്തിപ്പിക്കുന്നു. ശേഷം ആ ഗ്രാമം മുഴുവൻ നോക്കി നിൽക്കേ ഗ്രാമത്തിലെ കിണറിൽ നിന്നും വെള്ളം കോരിപ്പിക്കുന്നു.
ഒടുവിൽ അവളുടെ സംഘത്തിലെ ഒരു കൂട്ടാളി തന്നെ അവളെ രക്ഷിക്കുന്നു. ഒരുപാട് പോരാട്ടത്തിന് ഒടുവിൽ സ്വന്തമായി ഒരു കൊള്ളസംഘം തന്നെ ഉണ്ടാക്കിയെടുക്കുന്ന. ചമ്പലിലെ കൊള്ളറാണിയായി ഫൂലന് ദേവി കൊല്ലും കൊലയുമായി വളർന്നു. സർക്കാരിനും സവർണ്ണർക്കും അവൾ ഒരു തലവേദയായിരുന്നു എങ്കിൽ ഒരു ഗ്രാമത്തിലെ മനുഷ്യർക്ക് അവൾ ദേവിയായിരുന്നു. തങ്ങളുടെ സങ്കടങ്ങൾ കണ്ട ദേവി.
“എന്റെ പ്രചോദനം സത്യമാണ്, എന്റെ ഏറ്റവും വലിയ നേട്ടം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു എന്നതാണ്, ഞാൻ അതിനെതിരെ നിലകൊണ്ടു എന്നതാണ്.”
1981 ഫെബ്രുവരി ബെഹ്മായി ഗ്രാമം. അന്ന് രാത്രി ആ ഗ്രാമത്തില്‍ നിന്ന് ഉയർന്നത് വെടിയൊച്ചയും നിലവിളിയുമാണ്. ഫൂലന് ദേവിയുടെ സംഘം ഗ്രാമത്തെ തച്ചുതകര്‍ത്തു. അന്ന് അവളുടെ സ്ത്രീത്വത്തെ അപമാനിച്ച ആ ഗ്രാമത്തിലെ 20 പുരുഷന്മാരെ അവൾ വെടിവച്ചു കൊന്നു. വീടുകൾ കൊള്ളയടിച്ചു. ബെഹ്മായി കൂട്ടക്കൊലയുടെ വാർത്ത ഒരു രാത്രി കൊണ്ട് കാട്ടുതീ പോലെ പരന്നു. ഫൂലന് ദേവിയുടെ കുപ്രസിദ്ധി ദേശിയ രാഷ്ട്രീയത്തിൽ വരെ അലയടിച്ചു. ഒടുവിൽ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി ഇതിൽ നേരിട്ട് ഇടപെട്ടു. ഫൂലൻ കിഴടങ്ങിയാൽ മാപ്പ് നൽകാൻ തയ്യാറാണ് എന്നും, എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം അനുഭവിക്കേണ്ടി വരുകയുള്ളു എന്നും ഉറപ്പും നൽകി. അതോടെ ഫൂലൻ കിഴടങ്ങുവാൻ തീരുമാനിക്കുന്നു. തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983 ലാണ് ഫൂലന് ആയുധം വച്ച് കീഴടങ്ങിയത്.
നാടിനെ വിറപ്പിച്ച ഫൂലൻ ദേവി കിഴടങ്ങിയത് അന്നത്തെ പത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ജയിലിലും ഫൂലനെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. അവളുടെ അനുമതിയില്ലാതെ ഗർഭപാത്രം നീക്കം ചെയുന്നു. ഈ ദുഷ്പ്രവൃത്തി ചെയ്ത സർജനോട് ഇതിനെ പറ്റി ചോദിച്ചപ്പോൾ നൽകിയ മറുപടി, അവൾ ഇനി ഒരു ഫൂലൻ ദേവിക്ക് കൂടി ജന്മം നൽകരുത് എന്നായിരുന്നു. എങ്ങനെയൊക്കെ ഉപദ്രവിക്കാമോ അങ്ങനെയൊക്കെയും ആ സ്ത്രീയെ അവർ ഇല്ലാതെയാകുവാൻ ശ്രമിച്ചു. പേടിയായിരുന്നു അവർക്ക്, ആർക്കും കെടുത്താൻ കഴിയാത്ത അഗ്നിയായി അവൾ വളരുമോ എന്ന പേടി. പന്ത്രണ്ട് വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ് ജയിൽ മോചിതയായ ഫൂലൻ സമാജ്വാദി പാർട്ടിയുടെ അംഗമായി. തുടർന്ന് 1996 ൽ മിർസപൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ രാഷ്ട്രീയത്തിലും ഫൂലൻ കരുത്ത് തെളിയിച്ചു. പിന്നീട് 1999 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലെത്തുന്നു. തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്. നാളിതുവരെ അവരെ ശത്രുവായി കണ്ടവർ അവരെ മിത്രമാക്കി. തോക്കും വെടിക്കോപ്പുകളൂം ഏന്തി നടന്ന ഫൂലന് രാഷ്ട്രീയപ്രവർത്തകയായി, സാമൂഹിക പ്രവർത്തകയായി.
പൊടുന്നനെയായിരുന്നു അത് സംഭവിച്ചത്. 2001 ജൂലൈ 2, അതൊരു ബുധനാഴ്ചയായിരുന്നു. ന്യൂഡൽഹിയിലെ 44 അശോക റോഡ്, എം പി മാരുടെ വസതി. മാരുതി കാറിലെത്തിയ മൂന്നംഗസംഘം ഫൂലന് നേർക്ക് പത്തു തവണ വെടിയുതിർത്തു. ലോഹ്യ ആശുപത്രിയിലേക്ക് ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും ഫൂലൻ കൊല്ലപ്പെട്ടിരുന്നു. 37 വയസ്സുള്ളപ്പോൾ എംപിയായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കവെയാണ് അവർ മരണപ്പെടുന്നത്. അന്ന് ഫൂലന്റെ ജീവൻ കവർന്ന കൊലയാളികൾ ജാതിവെറിയുടെ സന്തനങ്ങളായിരുന്നു. ഫൂലൻ കൊല്ലപ്പെട്ട ദിവസങ്ങൾക്കുള്ളിൽ കൊലയാളിയെ പിടികൂടുന്നു. ഷേർ സിംഗ് റാണ എന്ന കൊലയാളി പിടിക്കപ്പെട്ടപ്പോൾ അഭിമാനത്തോടെ പറഞ്ഞത് ” ഉന്നത കുലജാതർക്ക് വേണ്ടി താൻ ഇത് ചെയ്തത്. അത് കൊണ്ട് തനിക്ക് ഒരു കുറ്റബോധവും ഇല്ല”.
“ഒരു ദരിദ്ര കുടുംബത്തിലെ പെൺകുഞ്ഞായി ജനിച്ചതിൽ എനിക്ക് ഖേദമുണ്ട്, അടുത്ത ജന്മത്തിൽ ഒരു പെണ്ണാകുന്നതിനേക്കാൾ ഒരു മൃഗമാകാനാണ് എനിക്ക് ഇഷ്ടം”
ഫൂലൻ എന്ന സാധാരണക്കാരിയെ ചമ്പലിലെ കൊള്ളറാണിയാക്കിയതും, പിന്നീട് രാഷ്ട്രിയക്കാരിയാക്കിയതും അവൾ നേരിട്ട് കൊടിയപീഡനങ്ങളായിരുന്നു. ബാല്യത്തിന്റെ നിഷ്കളങ്കതയും, കൗമാരത്തിന്റെ മനോഹാരിതയും അവളിൽ നിന്നും തട്ടിപ്പറിച്ചത് ജാതിയുടെ മുദ്രകളാണ്. ജാതിയുടെ പേരിൽ ജീവിതത്തിൽ ഉടനീളം വേട്ടയാടപ്പെട്ട, സ്വന്തം മാനത്തിന് പോലും വിലയിട്ട് സമൂഹത്തിന്റെ നേർചിത്രമാണ് ചമ്പല്ക്കാടുകളില് തേരോട്ടം നടത്തിയ ഫൂലൻ ദേവി.
Summary: Phoolan Devi (10 August 1963 – 25 July 2001), famously known as the Bandit Queen, was an Indian dacoit-turned-politician who became a symbol of resistance for the lower castes and an international icon of female empowerment. Born into an impoverished family of the Mallah (boatmen) subcaste in Uttar Pradesh, her life was defined by extreme hardship, including child marriage at age 11 and multiple sexual assaults by upper-caste men.

