This Content Is Only For Subscribers
ചരിത്രത്തിലെ കുപ്രസിദ്ധമായ നിരവധി കൊലപാതകങ്ങളെ പറ്റിയും കൊലയാളികളെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകാം, എന്നാൽ തന്റെ ഇരകളോട് യാതൊരു കരുണയും ഇല്ലാതെ ഒരു സ്ത്രീ കൊലപ്പെടുത്തുന്നു. കൊല്ലപ്പെട്ടതോ അവരുടെ സ്വന്തം മക്കളും ഭർത്താക്കന്മാരും ബന്ധുക്കളും സുഹൃത്തുക്കളും. ഒരു കാലത്ത് ബ്രിട്ടനിലെ ചൂടുള്ള ചർച്ചാ വിഷയമായി മാറിയ മേരി ആൻ കോട്ടൺ (MARY ANN COTTON) എന്ന കുപ്രസിദ്ധ കൊലയാളി, ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ വനിത സീരിയൽ കില്ലർ. ഒന്നിന് പിറകെ ഒന്നായി സ്വന്തം മക്കളെ കൊല്ലുന്നു, ഇങ്ങനെ സ്വന്തം മക്കളെ നിഷ്കരുണം കൊല്ലുവാൻ ലോകത്തിലെ ഏതെങ്കിലും അമ്മയക്ക് സാധിക്കുമോ? ഇല്ല, പക്ഷെ മേരിക്ക് കഴിഞ്ഞു. ഇൻഷുറൻസിനായി സ്വന്തം മക്കളെ പോലും ബാക്കി വയ്ക്കാതെ കൊലപ്പെടുത്തിയ മേരിയെന്ന ഇൻഷുറൻസ് കൊലയാളി (Insurance Killer).
തയ്യൽക്കാരി, അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചിരുന്ന നഴ്സ്, നിരന്തരമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന് സമൂഹത്തിൽ ഏവർക്കും മാതൃക, ഇങ്ങനെയായിരുന്നു മേരിയെ അവൾക്ക് ചുറ്റും ഉള്ളവർ വിശേഷിപ്പിച്ചിരുന്നത്. സാധുവായ സ്ത്രീ, തുടർച്ചയായി ഏതോ രോഗം പിടിപ്പെട്ടു മേരിയുടെ മക്കൾ മരണപ്പെട്ടു. മേരിയുടെ മക്കൾ ഓരോരുത്തരും മരണപ്പെട്ടപ്പോൾ നാട്ടുകാർ പറഞ്ഞതും കരുതിയതും ഇങ്ങനെ തന്നെയായിരുന്നു. മറിച്ചാരും ചിന്തിച്ചിരുന്നില്ല, സത്യമതൊന്നും ആയിരുന്നില്ല. മേരി പുറം ലോകത്തിനു മുന്നിൽ വെറും വഞ്ചനയുടെ മുഖം മൂടി അണിഞ്ഞായിരുന്നു നടപ്പ്, അവളുടെ ചിന്തയും പ്രവർത്തിയും കൊടിയ പാപങ്ങളുടെ വിത്തുകളായിരുന്നു. ആരും കരുതിയിരുന്നില്ല പണത്തിനായി മേരി സ്വന്തം കുടുംബത്തെ തന്നെ ഇല്ലാതാക്കുമെന്ന്.
ആരായിരുന്നു മേരി
മേരി ആൻ കോട്ടൺ 1832 ഒക്ടോബർ 31-ന് ഇംഗ്ലണ്ടിലെ ഡർഹാം കൗണ്ടിയിലെ ലോ മൂർസ്ലിയിൽ ജനിച്ചു. മാർഗരറ്റിന്റെയും മൈക്കൽ റോബ്സന്റെയും മകളായിരുന്നു മേരി. മേരിയുടെ ചെറുപ്പകാലം ദുരിതപൂർണമായിരുന്നു. മേരിയുടെ ,വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛൻ മരണപ്പെട്ടു, തുടർന്ന് അമ്മ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കുന്നു. ഒരു പക്ഷെ മേരിയുടെ ജീവിതം തന്നെ ആകെ മാറ്റി മറിച്ചത് അവളുടെ അച്ഛന്റെ മരണവും അമ്മയുടെ രണ്ടാമത്തെ വിവാഹവും ആയിരിക്കാം. അമ്മയുടെ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിന്റെ എല്ലാ ജോലികളും മേരിയുടെ തലയിലാകുന്നു. ബാല്യത്തിൽ നിന്നും യൗവനത്തിലേക്ക് കടന്ന മേരിക്ക് അവളുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിത മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മേരിക്ക് 16 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അവൾ വീട് വിട്ടിറങ്ങി. ഇംഗ്ലണ്ടിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മിഡിൽസ്ബ്രോയിലേക്ക് താമസം മാറി, അവിടെ തയ്യൽക്കാരിയായി ജോലി ചെയ്യാൻ തുടങ്ങി. സൺഡേ സ്കൂൾ ടീച്ചർ, നഴ്സ്, തയ്യൽക്കാരി എന്നിങ്ങനെ നിരവധി ജോലികൾ മേരി ചെയ്തിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്കു ശേഷം മേരി അവളുടെ രണ്ടാനച്ഛൻറെ വീട്ടിൽ തിരികെ എത്തുന്നു.
മേരിയുടെ ആദ്യ വിവാഹം
1852-ൽ മേരിക്ക് 20 വയസ്സുള്ളപ്പോൾ മിഡിൽസ്ബ്രോയിൽ കണ്ട് പരിചയപ്പെട്ട വില്യം മൗബ്രേയെ വിവാഹം കഴിക്കുന്നു. എന്നാൽ അധിക കാലം അവർക്ക് സന്തോഷമായ കുടുംബജീവിതം നയിക്കുവാൻ സാധിച്ചിരുന്നില്ല. രോഗങ്ങളും മരണവും ആ കുടുംബത്തെ വിടാതെ പിന്തുടർന്നു. മേരിയുടെ മക്കളിൽ പലരും വളരെ ചെറുപ്പത്തിൽ തന്നെ മരണപ്പെടുകയായിരുന്നു. അക്കാലത്ത് രജിസ്ട്രേഷൻ നിർബന്ധമായിരുന്നെങ്കിലും 1874 വരെ നിയമം നടപ്പാക്കാത്തതിനാൽ ഈ മരണങ്ങളൊന്നും രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല. കുട്ടികളിൽ പലരുടെയും മരണ കാരണം ഗ്യാസ്ട്രിക് പനിയായിരുന്നു. തന്റെ മക്കളുടെ മരണം വില്യമിനെ ആകെ തളർത്തി കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് അയാൾ അവശേഷിച്ച മക്കളുടെയും സ്വന്തം പേരിലും ലൈഫ് ഇൻഷുറൻസ് എടുക്കുന്നു. നിർഭാഗ്യം അയാളെയും വേട്ടയാടി 1865- ൽ ഗ്യാസ്ട്രിക് പനി പിടിപ്പെട്ട വില്യം മരണപ്പെട്ടു, കൂടാതെ അവരുടെ മക്കളിൽ ഒരാൾ ഒഴികെ ബാക്കിയുണ്ടായിരുന്ന കുഞ്ഞുങ്ങളും മരണപ്പെട്ടു. മക്കളും ഭർത്താവും മരണപ്പെട്ടതോടെ അവരുടെ പേരിലായിരുന്ന ഇൻഷുറൻസ് തുക മേരിയുടെ കൈകളിലായി.
1873-ൽ മേരിയെ തൂക്കിലേറ്റിയപ്പോൾ, മേരിയുടെ മേൽ ചുമത്തിയിരുന്നത് ഒരേയൊരു കൊലപാതക കുറ്റം മാത്രമായിരുന്നു. എന്നാൽ സത്യം കണ്ടുനിന്നവർക്ക് അറിയാമായിരുന്നു ഒന്നല്ല, പത്തുമല്ല എന്ന്. ഇൻഷുറൻസ് തുകയ്ക്കായി മേരി തന്നെയാണ് അവളുടെ ആദ്യ ഭർത്താവിനെയും കുഞ്ഞുങ്ങളെയും കൊന്നത്. പക്ഷെ അവിടെ അവസാനിച്ചിരുന്നില്ല മേരിയുടെ കഥ, പിന്നെയും അവർ പലരെയും പലപ്പോഴായി വിവാഹം കഴിച്ചു അവരുടേയുമൊക്കെ അവസ്ഥ വില്യത്തിന്റെ പോലെ തന്നെയായിരുന്നു. വില്യത്തിന്റെ മരണത്തിനു പിന്നാലെ സണ്ടർലാൻഡിൽ നഴ്സായി മേരി ജോലിക്ക് പ്രവേശിച്ചു. ഒന്നിന് പിറകെ ഒന്നായി വിവാഹങ്ങൾ, തുടർന്ന് 1865-ൽ അവൾ ജോർജ്ജ് വാർഡ് എന്ന രോഗിയെ വിവാഹം കഴിച്ചു. എന്നിരുന്നാലും, അടുത്ത വർഷം ജോർജ്ജും മരിച്ചു, ജോർജ്ജിന്റെ ഇൻഷുറൻസ് പോളിസിയിലെ തുകയും മേരിക്ക് സ്വന്തമായി. ഭർത്താവ് മരണപ്പെട്ടാൽ ഭാര്യ തന്നെയാകുമല്ലോ ഇൻഷുറൻസിന്റെ അവകാശി.
1866-ൽ ഭാര്യ മരണപ്പെട്ട ജെയിംസ് റോബിൻസൻ്റെ വീട്ടുജോലിക്കാരിയായി മേരി വളരെ പെട്ടന്ന് തന്നെ ജോലി കണ്ടെത്തിയിരുന്നു. മേരി ജോലിക്ക് പ്രവേശിച്ച് ഏതാനം ആഴ്ചകൾക്ക് ഉള്ളിൽ ജെയിംസിന്റെ അഞ്ച് മക്കളിൽ ഒരാൾ ഗ്യാസ്ട്രിക് പനി ബാധിച്ച് മരണപ്പെട്ടു. കുഞ്ഞിന്റെ വേർപാടിൽ ആകെ ദുഃഖിതനായി ജെയിംസ്, ഈ അവസരം മേരി മുതലെടുത്തു. പതിയെ പതിയെ മേരി ജെയിംസുമായി അടുപ്പത്തിലായി. അടുത്ത വർഷം മേരി ആൻ തൻ്റെ രോഗിയായ അമ്മയെ കാണാൻ നാട്ടിൽ പോയിരുന്നു, അവൾ തിരിച്ചെത്തി ഒരാഴ്ച കഴിഞ്ഞതും അവളുടെ അമ്മയും മരണപ്പെട്ടു. മേരിയുടെയും ആദ്യ ഭർത്താവിൽ അവശേഷിച്ച മകൾ മേരിയുടെ അമ്മയുടെ കൂടെയായിരുന്നു താമസം. അമ്മ മരിച്ചതോടെ മേരി മകളെ ജയിംസിന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. 1867 ഏപ്രിലിൽ ജെയിംസിന്റെ രണ്ട് കുട്ടികളും മേരിയുടെ മകളും മരണപ്പെട്ടു.
ഓഗസ്റ്റിൽ, മേരിയും ജെയിംസും വിവാഹിതരായി, ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു, എന്നാൽ ഒരാൾ മാത്രമേ രക്ഷപ്പെട്ടിരുന്നുള്ളൂ. 1869-ൽ മേരി തന്നിൽ നിന്ന് പണം മോഷ്ടിക്കുകയാണെന്ന് ജെയിംസ് കണ്ടെത്തി. ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് മേരിയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകളിൽ ജെയിംസിന് സംശയം തോന്നി. കുട്ടികളുടെ അപ്രതീക്ഷിത മരണവും, മേരി ജെയിംസിൽ നിന്നും പണം മോഷ്ടിക്കുന്നതും എല്ലാം അയാളിൽ സംശയത്തെ വളർത്തി. പതിയെ മേരിയെ ജെയിംസ് ഉപേക്ഷിച്ചു. ഇവിടം കൊണ്ടൊന്നും അവസാനിച്ചിരുന്നില്ല മേരിയുടെ വേട്ടയുടെ കഥ.
1870-ൽ മേരി സുഹൃത്തിന്റെ സഹോദരനായ ഫ്രെഡറിക് കോട്ടണിനെ കണ്ടുമുട്ടുന്നു. ഇരുവരും അടുപ്പത്തിലാകുന്നു. ജെയിംസുമായി വിവാഹ ബന്ധം വേർപ്പെടുത്തത് മേരി ഒട്ടും മടിയില്ലാതെ ഫ്രെഡറിക്കിനെ വിവാഹം കഴിക്കുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ അതേ വർഷം തന്നെ ഫ്രെഡറിക്കിന്റെ സഹോദരിയും ഇളയ കുഞ്ഞും മരണപ്പെട്ടു, തുടർന്ന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫ്രെഡറിക്കും അയാളുടെ രണ്ട് മക്കളും മരണത്തിന് കീഴടങ്ങി.
ഓരോ തവണയും ഒരാൾ മരണപ്പെടുമ്പോൾ ഇൻഷുറൻസ് പേയ്മെന്റുകൾ ലഭിച്ചിരുന്നത് മേരിക്കായിരുന്നു. ഈ കാലയളവിൽ, ജോസഫ് നാട്രാസ്, ജോൺ ക്വിക്ക്-മാനിംഗ് എന്നിവരുമായി അവർക്ക് ബന്ധമുണ്ടായിരുന്നു. ഇവരിൽ നാട്രാസ് 1872-ൽ മരണപ്പെട്ടു. താമസിയാതെ മേരിയുടെ വളർത്തു മകൻ ചാൾസ് കോട്ടൺ മരണപ്പെട്ടു, പോസ്റ്റ്മാർട്ടത്തിൽ ചാൾസ്, നാട്രാസ്, മരണപ്പെട്ട മറ്റു രണ്ട് കുട്ടികളുടെ ശരീരത്തിൽ നിന്നും ആർസെനിക് വിഷം (പാഷാണം) കണ്ടെത്തിയിരുന്നു, ഇത് അന്വേഷണത്തിലേക്കും മേരി ആനിൻറെ കുറ്റകൃത്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതിലേക്കും നയിച്ചു.
എന്നാൽ മേരി അതുവരെ ചെയ്ത എല്ലാ കൊലപാതകങ്ങളും തെളിയിക്കാൻ പറ്റിയില്ലെങ്കിലും, വളർത്തു മകന്റെ മരണം മേരിയിലേക്ക് വിരൽ ചൂണ്ടി. വളർത്തു മകനായ ചാൾസ് കോട്ടൺ മരണപ്പെട്ടപ്പോൾ മേരി ആദ്യം പോയത് ഇൻഷുറൻസ് കമ്പനിയിലേക്കാണ്. അന്വേഷണം ആരംഭിച്ചു, മേരികുറ്റക്കാരിയാണ് എന്ന് തെളിഞ്ഞു. മേരി ജയിലിൽ കഴിയുന്ന വേളയിൽ അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അങ്ങനെ മേരി പ്രസവിച്ചതിൽ ജീവനോടെ അവശേഷിച്ചത് ആ കുഞ്ഞു മാത്രമാണ് എന്ന് പറയപ്പെടുന്നുണ്ട്.
മേരി ആനിന്റെ അന്ത്യം
മേരി ആൻ കോട്ടണിൻ്റെ കൊലപാതക വിചാരണ വിക്ടോറിയൻ കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. നിരപരാധിത്വത്തിൽ അവസാനം വരെ മേരി പ്രതിഷേധിച്ചുവെങ്കിലും കൊലപാതകക്കുറ്റത്തിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലാൻ വിധിച്ചു. മാർച്ച് 24, 1873-ന് ഡർഹാം ഗൗളിൽ മേരി തൂക്കിലേറ്റപ്പെട്ടു. തൂക്കിലേറ്റപ്പെട്ടപ്പോൾ മേരിയ്ക്ക് 40 വയസ്സായിരുന്നു. വധശിക്ഷ നടപ്പാക്കുന്ന സമയത്ത്, ബ്രിട്ടീഷ് ക്രിമിനൽ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ സ്ത്രീകളിൽ ഒരാളായിരുന്നു അവർ. നിരവധി പേരെ വിഷം കൊടുത്ത് കൊന്ന സ്ത്രീയുടെ വധശിക്ഷ കാണാൻ വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു. കൊലപാതക പരമ്പരയുടെ പേരിൽ പരസ്യമായി ബ്രിട്ടനിലെ വധിക്കപ്പെട്ട ആദ്യത്തെ സ്ത്രീകളിൽ ഒരാളായിരുന്നു മേരി.
മേരിയുടെ ജീവിതം നിരവധി സിനിമകൾക്കും നോവലുകൾക്കും വിഷയമായി മാറി. മേരി കൊലപ്പെടുത്തിയവരുടെ കണക്ക് പരിശോധിക്കുകയാണ് എങ്കിൽ, കൊല്ലപ്പെട്ടതിൽ ഏറ്റവും അധികവും അവൾ ജന്മം നൽകിയ സ്വന്തം കുഞ്ഞുങ്ങളായിരുന്നു. മേരിയുടെ മോഡ്സ് ഒപെറേണ്ടി ഒന്നായിരുന്നു, എല്ലാ കൊലപാതകത്തിലും പാഷാണം കൊടുത്തു കൊല്ലുക. ഇരകളുടെ മരണ ശേഷം അവരുടെ ഇൻഷുറൻസ് തുക കൈപ്പറ്റുക. 20 വർഷത്തോളം പണത്തിനായി സ്വന്തം കുടുംബത്തെ തന്നെ കൊന്നു കളഞ്ഞ മേരിയുടെ കഥ ഞെട്ടലോടെ അല്ലാതെ കേൾക്കുവാൻ സാധിക്കില്ല. ഭർത്താക്കന്മാരെ കൊന്നത് കൊണ്ട് തന്നെ മേരിയെ ലോകം ബ്ലാക്ക് വിഡോ (Black Widow) എന്ന് വിളിപ്പേര് നൽകി. പണത്തിനു വേണ്ടി ആർക്കും ആരെയും കൊല്ലുവാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് മേരി എന്ന ഇൻഷുറൻസ് കൊലയാളി.
Summary
Mary Ann Cotton (1832–1873) was a Victorian-era English serial killer believed to have poisoned up to 21 people, including three husbands and 11 of her own children, to collect life insurance payouts.

