മരിയാന ട്രെഞ്ച്; ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന നിഗൂഢത | Mariana Trench

മരിയാന ട്രെഞ്ച്; ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന നിഗൂഢത | Mariana Trench
Published on

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി എവറസ്റ്റ് കൊടുമുടിയാണ് എന്ന് നമ്മൾക്ക് എല്ലാവർക്കും വ്യക്തമായി അറിയാം, എങ്കിൽ പിന്നെ ഈ കൊടുമുടിയെ മൊത്തത്തിൽ വിഴുങ്ങുവാൻ സാധിക്കുന്ന ഒരു വലിയ ഗർത്തം നമ്മുടെ ഭൂമിയിൽ ഉണ്ടെങ്കിലോ. പക്ഷെ ഇത് കരയിലല്ല മറിച്ച് പസഫിക് സമുദ്രത്തിലാണ്, എവറസ്റ്റിനെ വിഴുങ്ങുവാൻ സാധിക്കുന്ന മരിയാന ട്രെഞ്ച് ഉള്ളത്.(Mariana Trench)

മരിയാന ദ്വീപുകൾക്ക് കിഴക്ക് പസഫിക് സമുദ്രത്തിലാണ് മരിയാന ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. ജപ്പാൻ, ഫിലിപ്പീൻസ്, പാപുവന്യൂഗിനിയ എന്നീ രാജ്യങ്ങളുടെ അടുത്തായാണ് മരിയാന ട്രെഞ്ച് സ്ഥിതി ചെയ്യുന്നത്. ചന്ദ്രകലയുടെ രൂപത്തിലുള്ള ഒരു വലിയ കുഴി എന്ന് ഇതിനെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്. വെറുമൊരു സാധാരണ കുഴിയല്ല, ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമാണിത്, സമുദ്രനിരപ്പിൽ നിന്ന് 36,000 അടി താഴ്ചയാണ്‌ മരിയാന ട്രെഞ്ചിനുള്ളത്. ട്രെഞ്ചന്റെ ആഴം പോലെ തന്നെയാണ് അതിൽ ഒളിച്ചിരിക്കുന്ന നിഗൂഢതകളും. ശരിക്കും അവിടെ എന്താണ് ഉള്ളത് ,ആർക്കും വലിയ അറിവില്ല. എന്നാൽ ജപ്പാൻ, ഫിലിപ്പീൻസ്, പാപുവന്യൂഗിനിയ എന്നീ രാജ്യങ്ങൾക്കിടയിൽ 2500 കിലോമീറ്ററിലധികമായി സമുദ്രത്തിനടിയിൽ വ്യാപിച്ചുകിടക്കുന്ന മലനിരകളും മലയിടുക്കുകളും നിറഞ്ഞ മേഖലയാണ് ഇവിടം. സമുദ്രത്തിനടിയിൽ കിലോമീറ്റർ കണക്കിന് വ്യാപിച്ചു കിടക്കുന്ന മലനിരകൾ.

1880-കളുടെ കാലഘട്ടത്തിലാണ് മരിയാന ട്രെഞ്ചിനെ കുറിച്ചു ലോകം അറിയുവാൻ തുടങ്ങിയത്. 1875-ൽ ബ്രിട്ടന്റെ ക്യാപ്റ്റൻ ജോർജ്ജ് നരേസിൻ്റെയും സർവൈവിൽ തോംസണിൻ്റെയും നേതൃത്വത്തിൽ എച്ച്എംഎസ് ചലഞ്ചർ പര്യവേഷണമാണ് മരിയാന ട്രെഞ്ച് ആദ്യമായി കണ്ടെത്തുകയും അളക്കുകയും ചെയ്തത് . എന്നിരുന്നാലും, 1960-ൽ മാത്രമാണ് സമുദ്രത്തിന്റെ അളക്കപ്പെട്ട ഏറ്റവും വലിയ ആഴമായ ചലഞ്ചർ ഡീപ്പിലെ ഏറ്റവും താഴ്ന്ന പ്രദേശത്ത് മനുഷ്യർ എത്തിച്ചേരുന്നത്. 2012-ൽ ആദ്യമായി സോളോ ഡൈവ് നടത്തിയ ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂണും 2019-ൽ രണ്ടുതവണ ചലഞ്ചർ ഡീപ്പിൽ എത്തിയ ആദ്യത്തെ വ്യക്തിയായി മാറിയ വിക്ടർ വെസ്കോവോയും ഉൾപ്പെടെ വിരളിലെണ്ണാവുന്ന ആളുകൾ മാത്രമേ ചലഞ്ചർ ഡീപ്പ് സന്ദർശിച്ചിട്ടുള്ളൂ.

ഭൂമിശാസ്ത്രപരമായ രൂപീകരണം

മരിയാന ട്രെഞ്ചിന്റെ രൂപീകരണത്തെ ചുറ്റിപ്പറ്റി ഐതിഹ്യങ്ങളും കഥകളും നിരവധിയാണ്. എന്നാൽ കഥകൾക്ക് അപ്പുറം ഭൂമിശാസ്ത്ര പരമായി വിവരിക്കുകയാണ് എങ്കിൽ, ഏകാദേശം 17000 കോടി വർഷം മുൻപ് ടെക്ടോണിക് ഭൗമപാളികളായ പസഫിക് പ്ലേറ്റും ഫിലിപ്പീൻ പ്ലേറ്റും ചേർന്നാണ് മരിയാന ട്രെഞ്ച് ഉണ്ടാകുന്നത്. ആദ്യകാലങ്ങളിൽ ട്രെഞ്ചിന്റെ ആഴം നാലു കിലോമീറ്റർ ആണ് എന്നായിരുന്നു പലരും വിശ്വസിച്ചിരുന്നത്, എന്നാൽ സാങ്കേതിക വിദ്യ വളരുവാൻ തുടങ്ങിയതോടെ മരിയാന ട്രെഞ്ചിന്റെ ആഴം അളക്കുവാൻ പല രീതിയിലുള്ള പരിശ്രമങ്ങൾ നടത്തിയിരുന്നു. അങ്ങനെയാണ് 4 കിലോമീറ്റർ അല്ല മറിച്ച് ട്രെഞ്ചിന്റെ ആകെയുള്ള നീളം 11 കിലോമീറ്റർ ആണത്രേ. ട്രെഞ്ചിന്റെ ആഴങ്ങളിലേക്ക് പോകും തോറും മർദ്ദം വർദ്ധിച്ചുകൊണ്ടിരുന്നു.

ആഴങ്ങളിലെ അതിശയം

മരിയാന ട്രെഞ്ചിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന നിഗൂഢതകൾ തേടി പലരും പലവട്ടം പോയിട്ടുണ്ട്. അപ്പോഴൊക്കെയും അവിടെ കണ്ടു എന്ന് പറയപ്പെടുന്ന ജീവികളുടെ കഥകൾ ത്രസിപ്പിക്കുന്നതാണ്. ജപ്പാൻ 1995-ൽ മനുഷ്യനില്ലാത്ത അന്തർവാഹിനി ട്രെഞ്ചിന്റെ ആഴങ്ങളിലേക്ക് അയച്ചു. എന്നാൽ കുറച്ചു കിലോമീറ്റർ താഴേക്ക് ചെന്നപ്പോൾ തന്നെ അന്തർവാഹിനിയുടെ സിഗ്നലുകൾ നഷ്ടപ്പെട്ടിരുന്നു. അന്തർവാഹിനിയെ ട്രെഞ്ചിന്റെ ആഴങ്ങളിൽ നിന്നും പുറത്തെത്തിച്ചപ്പോൾ കണ്ടു നിന്നവർ എല്ലാവരും തന്നെ ഞെട്ടിയിരുന്നു. അന്തർവാഹിനിയിൽ ഏതോ ഒരു വലിയ ജീവി കടിച്ചതിന്റെ പാടുകൾ കണ്ടെത്തി. ഏകദേശം 30 സെന്റിമീറ്റർ ആഴത്തിലുള്ള പാടുകളായിരുന്നു അവ. കടലിലെ വലിയ മീൻ വല്ലതും കടിച്ചതാണോ, അതും അല്ലെങ്കിൽ ഇനി കടലിന്റെ അടിത്തട്ടിൽ മനുഷ്യർക്ക് പിടികൊടുക്കാതെ ഏതെങ്കിലും ഭീമാകാരമായ ജീവികൾ വസിക്കുന്നുണ്ടോ എന്നുവരെയായി ചർച്ചകൾ ഉണ്ടായിരുന്നു.

പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാന ട്രെഞ്ച്, പുതിയ ജീവിവർഗങ്ങളുടെ അനേകം തകർപ്പൻ കണ്ടെത്തലുകൾക്ക് കാരണമായിട്ടുണ്ട്. ആഴക്കടൽ മത്സ്യങ്ങളായ ആംഗ്ലർഫിഷ്, വൈപ്പർഫിഷ്, ഗൾപ്പർ ഈൽ എന്നിവ കണ്ടെത്തിയിട്ടുണ്ട്. സമീപകാല കണ്ടെത്തലുകളിൽ ഗോസ്റ്റ് സ്രാവ്, ഡംബോ ഒക്ടോപസ്, മരിയാന ട്രെഞ്ച് വെൻ്റ് ഈൽ എന്നിവ ഉൾപ്പെടുന്നു. ഈ കണ്ടെത്തലുകൾ ട്രെഞ്ചിൻ്റെ തനതായ ജൈവവൈവിധ്യത്തിനും തുടർപര്യവേക്ഷണത്തിൻ്റെ പ്രാധാന്യത്തിനും അടിവരയിടുന്നു.

ഇനിയും എത്തിച്ചേരുവാൻ കഴിയാത്ത ആഴങ്ങൾ

നിരവധി പര്യവേഷണങ്ങൾ മരിയാന ട്രെഞ്ചിൽ നടത്തിയിട്ടും, ട്രെഞ്ചിൻ്റെ ഏകദേശം 75% ഇരുട്ടിൽ തന്നെയാണ്. 20,000 അടിയിൽ താഴെയുള്ള ഹഡൽ സോൺ ഭൂരിഭാഗവും മാപ്പ് ചെയ്തിട്ടില്ല, ഏറ്റവും താഴ്ന്ന സ്ഥലമായ ചലഞ്ചർ ഡീപ്പിന് ചുറ്റുമുള്ള പ്രദേശങ്ങൾ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ല. കുത്തനെയുള്ള ചരിവുകളും ദുർഘടമായ ഭൂപ്രദേശവും ആഴക്കടൽ സമതലങ്ങളും ഉള്ള ട്രെഞ്ച് ഭിത്തികൾ, മതിലുകൾക്കും ചലഞ്ചർ ഡീപ്പിനും ഇടയിലുള്ള വിശാലമായ പരന്ന പ്രദേശങ്ങളും പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുന്നു.
ആഴം, മർദ്ദം, ഇരുട്ട്, വിദൂര സ്ഥാനം എന്നിവ പര്യവേക്ഷണത്തെ തടസ്സപ്പെടുത്തുന്നു.
ഏകദേശം 800 മീറ്റർ കഴിയുമ്പോൾ തന്നെ സൂര്യപ്രകാശം മങ്ങി ട്രെഞ്ചിന്റെ ആഴങ്ങളിൽ ഇരുട്ടു മൂടുവാൻ തുടങ്ങും, ഈ ഇരുട്ടിൽ പലരും പലതും കണ്ടതായി വാദിക്കുന്നുണ്ട്.

ചലഞ്ചർ ഡീപ്പ്

മനുഷ്യൻ കണ്ടെത്തിയിട്ടുള്ള ഏറ്റവും ആഴം കൂടിയ സ്ഥലമാണ് മരിയാന ട്രെഞ്ചിന്റെ ഭാഗമായ ചലഞ്ചർ ഡീപ്പ്. 35,787 അടി ആഴമുള്ള ഇത് അത്യധികം മർദ്ദവും തണുപ്പുള്ള മേഖലയുമാണ് ഇവിടം. 1960-ൽ ജാക്വസ് പിക്കാർഡും യുഎസ് നേവി ലെഫ്റ്റനൻ്റ് ഡോൺ വാൽഷും 2012-ൽ ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂണും ഉൾപ്പെടെ, ഇവിടം സന്ദർശിച്ചത് വളരെ കുറച്ച് ആളുകൾ മാത്രമാണ്.

മരിയാന ട്രെഞ്ച് അസാധാരണ പ്രകൃതി പ്രതിഭാസമാണ്. നിഗൂഢതയും വിസ്മയവും കൊണ്ട് ഒരുപോലെ മൂടിയിരിക്കുന്നു. അതുല്യമായ ആവാസവ്യവസ്ഥകൾ, പര്യവേക്ഷണം ചെയ്യപ്പെടാത്ത പ്രദേശങ്ങൾ എന്നിവ ശാസ്ത്രജ്ഞരെയും പര്യവേക്ഷകരെയും തത്ത്വചിന്തകരെയും ആകർഷിക്കുന്നു. ശാസ്ത്രം എത്ര തന്നെ വളർന്നാലും മനുഷ്യന് ഭൂമിയുടെ എല്ലാ അറ്റത്തും ചെന്നെത്തുവാൻ സാധിക്കില്ല എന്ന് കാട്ടിത്തരുന്നു മരിയാന ട്രെഞ്ചും അതിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകളും.

Related Stories

No stories found.
Times Kerala
timeskerala.com