
കുട്ടിക്കാലത്ത് നമ്മളിൽ പലരും കേട്ടു വളർന്ന കഥയാണ് ടാർസൻ്റെയും മൗഗ്ലിയുടെയും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന മനുഷ്യർ. കാട്ടിലെ വന്യതയിൽ ഏകാന്തമായി വസിച്ചിരിക്കുന്ന ഇവരുടെ കഥകൾ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. ആധുനിക മനുഷ്യ ലോകവുമായി ഒരു കെട്ടുപാടുകളും ഇല്ലാത്തവർ. കാട്ടിനപ്പുറത്തേക്കുള്ള ലോകം എന്തെന്ന് അറിയാതെ ജീവിച്ച ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ ജീവിച്ച ഒരു മനുഷ്യനുണ്ട്. വിയറ്റ്നാംകാരനായ ഹൊ വാൻ ലാങ്. കാടിന്റെ മകനായി ജീവിച്ചു മരിച്ച മനുഷ്യൻ.(Lang the real life Tarzan)
പതിറ്റാണ്ടുകളായി കാടിനുള്ളിൽ ഒറ്റപ്പെട്ട് ജീവിച്ചത് കൊണ്ട് തന്നെ 'സ്ത്രീകൾ' എന്ന ലിംഗഭേദം ഉണ്ടെന്ന് ലാങിന് അറിയില്ലായിരുന്നു. ആധുനിക ലോകത്തിൻ്റെ ഒച്ചപ്പാടുകളിൽ നിന്നും മാറി കാട്ടിൽ ജീവിച്ച് പിന്നീട് നാഗരികതയുടെ വെളിച്ചത്തിലേക്ക് വന്ന ലാങ്. എന്നാൽ മറ്റുള്ള മനുഷ്യരുമായി അധിക കാലം ഇടപഴകുന്നതിന് മുമ്പ് തന്നെ ലാങ് മരണപ്പെട്ടു. ലാങ് കാട്ടിൽ തനിച്ചായിരുന്നില്ല ലാങിനോടൊപ്പം അവൻ്റെ അച്ഛനും ഉണ്ടായിരുന്നു. കാട്ടിൽ അച്ഛനും മകനും ഒരുമിച്ചു ജീവിച്ചു പക്ഷെ കാട്ടിനു പുറത്ത് മനുഷ്യരുടെ സ്വാഭാവിക ലോകത്തിലേക്ക് തിരികെ എത്തിയതും പതിയെ ഇരുവരുടെയും ജീവൻ തന്നെ നഷ്ട്മായി.
യുദ്ധവും ഒളിച്ചോട്ടവും
വിയറ്റ്നാമിലെ ക്വാങ് ൻഗായ് പ്രവിശ്യയിലാണ് ഹൊ വാൻ ലാങ് ജനിക്കുന്നത്.
വിയറ്റ്നാം യുദ്ധം കൊടുംബിരി കൊണ്ട സമയം, യു എസ് പട്ടാളം വിയറ്റ്നാമിൽ ഉടനീളം മനുഷ്യ വേട്ട നടത്തിയിരുന്ന കാലം. 1970 ൽ ലാങിൻ്റെ ഗ്രാമത്തിൽ യു എസ് യുദ്ധ വിമാനങ്ങൾ ബോംബ് ആക്രമണം നടത്തി. ഇതിൽ ലാങിൻ്റെ പിതാവ് ഹോ വാൻ തെങും ലാങും മാത്രം ജീവനോടെ രക്ഷപ്പെട്ടു. തൻ്റെ ശേഷിച്ച മകൻ്റെ ജീവൻ രക്ഷിക്കുവാനായി ലാങിൻ്റെ പിതാവ് ലാങുമായി ട്രാ ബോങ് കാട്ടിലേക്ക് ഓടിപ്പോയി. സ്വന്തമായി ഉണ്ടായിരുന്നത് എല്ലാം ഇല്ലാതെയായി ആ അച്ഛനും മകനും കാട്ടിൽ തന്നെ താമസിക്കുവാൻ തുടങ്ങിയിരുന്നു.
കാട്ടിലെ ജീവിതം
മരത്തിനു മുകളിൽ ഏറുമാടങ്ങൾ കെട്ടിയായിരുന്നു അവരുടെ താമസം. ചെറു ജീവികളെയും പക്ഷികളെയും വേട്ടയാടിയും അവർ ജീവിതം മുന്നോട്ടു കൊണ്ട് പോയി. യുദ്ധം അവസാനിച്ച യുഎസ് പട്ടാളം രാജ്യം വിട്ടു, എന്നാൽ ലാങിൻ്റെ പിതാവ് കരുതിയിരുന്നത് യുദ്ധം അവസാനിച്ചിട്ടില്ല എന്നായിരുന്നു. 41 വർഷത്തോളം ഇരുവരും കാട്ടിൽനിന്നും പുറത്തു വന്നിട്ടില്ലായിരുന്നു.2013 ൽ ഒരു കൂട്ടം സഞ്ചാരികളാണ് ലാങിനെയും പിതാവിനെയും കണ്ടെത്തിയത്. തുടരെയുള്ള പരിശ്രമത്തിനൊടുവിൽ ഇരുവരെയും അടുത്തുള്ള ഗ്രാമത്തിൽ എത്തിച്ചു. ലാങായിരുന്നു നാട്ടിൽ എത്തിയതിൽ ഏറ്റവും അധികം ബുദ്ധിമുട്ടുകൾ നേരിട്ടത്. 2017- ൽ വാർദ്ധക്യ സഹജമായ രോഗങ്ങൾ കാരണം തെങ് മരണപ്പെട്ടു. പിന്നീട് ലാങ് ഒറ്റയ്ക്കായിരുന്നു.
ലാങും നാഗരികതയും
2013-ൽ കണ്ടെത്തിയതിനുശേഷം, ആധുനിക സമൂഹവുമായി പൊരുത്തപ്പെടാൻ ലാങ് തീർത്തും പാടുപ്പെട്ടിരുന്നു. ദന്തപ്രശ്നങ്ങൾ, കാഴ്ചക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ലാങിന് അഭിമുഖീകരിക്കേണ്ടി വന്നു തുടർന്ന് വൈദ്യചികിത്സയ്ക്ക് വിദേയനാവുകയും ചെയ്തു.നഗര ജീവിതവുമായി ആദ്യമൊക്കെ പൊരുത്തപ്പെടുവാൻ ലാങിന് സാധിച്ചിരുന്നില്ല. എന്നാൽ പതിയെ സാധാരണക്കാരൻ്റെ ജീവിത രീതികൾ ലാങിൽ സ്വാധീനം ചെലുത്തുവാൻ തുടങ്ങിയിരുന്നു. പതിയെ മദ്യത്തിന് അടിമയായി, പുകവലി, വെറ്റില ചവയ്ക്കൽ തുടങ്ങിയ ശീലങ്ങൾ ലാങിൽ വളർന്നു വന്നു.
പതിറ്റാണ്ടുകളുടെ ഒറ്റപ്പെടലിൻ്റെ ആഘാതത്തിൽ നിന്നും ഉടലെടുത്ത അങ്ങേയറ്റം അക്രമണാത്മക പെരുമാറ്റം, ക്രമരഹിതമായ കീഴ്‌വഴക്കങ്ങൾ എന്നിവയാൽ ലാങിൻ്റെ പെരുമാറ്റം ആകെ മാറിയിരുന്നു. 2015-ൽ, നഗര ജീവിതശൈലിയിൽ അമിതഭാരം തോന്നിയ ലാങ് കാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം തിരികെയെത്തിയിരുന്നു. എന്നാൽ നാട്ടിലെ ജീവിതം പതിയെ പതിയെ ലാങിൻ്റെ ജീവൻ അപഹരിച്ചു. നാട്ടിലെ ഭക്ഷണ രീതിയും മദ്യപാനവും ലാങിനെ രോഗിയാക്കി മാറ്റി. 2021-ൽ ലിവർ കാൻസർ ബാധിച്ച ലാങ് മരണപ്പെട്ടു. നാല്പത് വർഷത്തെ കാട്ടിലെ ജീവിതം അവസാനിച്ച ലാങ് എട്ടുവർഷം സാധാരണ ജീവിതം നയിച്ചു,എന്നാൽ അപ്രതീക്ഷിതമായ നഗര ജീവിതം ലാങിനെ സാരമായി ബാധിച്ചിരുന്നു. ഒരുപക്ഷെ കാട്ടിൽ തന്നെ ലാങ് ജീവിതം തുടർന്നിരുന്നു എങ്കിൽ ആ മനുഷ്യൻ ഇപ്പോഴും റിയൽ ലൈഫ് ടാർസനായി വിയറ്റ്നാമിലെ കാട്ടിൽ ഉണ്ടായിരുന്നേനെ.