
കേരളം മറന്നൊരു കപ്പലുണ്ട്. എവിടേക്കോ മറഞ്ഞൊരു കപ്പൽ. കേരളത്തിന്റെ ആദ്യ ചരക്കുകപ്പൽ എംവി കൈരളി അറബി കടലിന്റെ കാണാമറയത് എവിടെയോ മറഞ്ഞിട്ട് 45 വർഷം കഴിഞ്ഞിരിക്കുന്നു (MV Kairali Ship).
1970-കളുടെ തുടക്കത്തിൽ തന്നെ കേരളത്തിലിന്റെ അയൽ സംസ്ഥാനങ്ങൾക്ക് സ്വന്തമായി കപ്പലുകൾ ഉണ്ടായിരുന്ന കാലം. സ്വന്തമായി സംസ്ഥാനത്തിന് ഒരു കപ്പൽ വേണമെന്നത് വളരെ അത്യാവശ്യമാണ് എന്ന ചിന്ത ഉയരുവൻ തുടങ്ങി. ആവശ്യം എന്നതിന് അപ്പുറം കേരളത്തിന്റെ അഭിമാന പ്രശനം എന്ന നിലയിൽ ഇതെത്തി. അവസാനം ഒരു വലിയ തുക കടമായി എടുത്തു കപ്പൽ വാങ്ങാൻ തീരുമാനിച്ചു.
നോർവേയിൽ നിർമ്മിച്ച ഓസ്കാർസൊർഡ് (Oscarsord) 5.81 കോടിക്ക് കേരളം സ്വന്തമാക്കി, എംവി കൈരളി എന്ന് പേരും നൽകി. കേരള ഷിപ്പിംഗ് കോർപറേഷൻ രൂപികരിച്ച, കോർപറേഷന്റെ മേൽനോട്ടത്തിലായിരുന്നു കപ്പലിന്റെ എല്ലാവിധ പ്രവർത്തനങ്ങളും. 1976 മുതല്‍ 1979 വരെ മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തു ഉടനീളം നീങ്ങി.
1979 ജൂൺ 30ന് മർമ്മഗോവയിൽ നിന്നും 20,538 ടൺ ഇരുമ്പയിരുമായി കിഴക്കന്‍ ജർമനിയിലെ റോസ്റ്റക് തുറമുഖത്തേക്കായിരുന്നു കൈരളിയുടെ അവസാന യാത്ര. 23 മലയാളികൾ ഉൾപ്പെടെ 51 പേരുണ്ടായിരുന്നു കപ്പലിൽ. മരിയദാസ് ജോസഫ് ക്യാപ്റ്റനും അബി മത്തായി ചീഫ് എന്‍ജിനീയറും ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ കൈരളിയെ കാണാതെയായി.
ജൂലായ് മൂന്നിന് രാത്രി എട്ട് മണിക്ക് ശേഷം കപ്പലില്‍നിന്ന് റേഡിയോ സന്ദേശങ്ങളൊന്നും ലഭിക്കാതെയായി. എന്‍ജിന്‍ മുറിയില്‍ ബോയ്‌ലര്‍ ഫീഡ് പൈപ്പ് പൊട്ടിയെന്നും റിപ്പയര്‍ ചെയ്‌തെന്നുമാണ് ക്യാപ്റ്റന്‍ കപ്പലില്‍ നിന്ന് അയച്ച അവസാന സന്ദേശം. ജൂലൈ എട്ടിന് ആഫ്രിക്കന്‍ തീരമായ ജിബൂത്തിയില്‍ നിന്നായിരുന്നു കൈരളിയില്‍ ഇന്ധനം നിറക്കേണ്ടിയിരുന്നത്. എന്നാൽ ജൂലൈ പതിനൊന്നായിട്ടും കൈരളി തീരത്തെത്തിയിട്ടില്ലെന്ന് ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെയാണ് കപ്പല്‍ മുങ്ങിയതായി കേരള ഷിപ്പിങ് കോര്‍പ്പറേഷന്‍ തിരിച്ചറിയുന്നത്.
1979 ജൂലൈ 16-ന് ആരംഭിച്ച തിരച്ചിൽ ശ്രമത്തിൽ കാലതാമസം നേരിട്ടിരുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും പ്രദേശത്ത് നിരീക്ഷണ വിമാനങ്ങൾ ഉപയോഗിച്ച് തിരച്ചിലുകൾ നടത്തുകയും ചെയ്തു. കൈരളി അവസാന സന്ദേശം അയച്ച പ്രദേശത്ത് നിന്ന് നിരവധി സൂപ്പര്‍സോണിക്ക് വിമാനങ്ങളും യുദ്ധകപ്പലുകളുമുപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല.ദിവസങ്ങളോളം തിരഞ്ഞിട്ടും കപ്പലോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. പിന്നെ പതിയെ തിരച്ചിൽ പൂർണമായും നിർത്തിവച്ചു. ഇന്ത്യൻ നേവിയും ലണ്ടനിലെ ലോയ്ഡ്സും നടത്തിയ അന്വേഷണത്തിൽ മർഗോവിൽ നിന്ന് 500 മൈൽ അകലെ വച്ചാണ് കൈരളിയെ കാണാതായത് എന്ന് വ്യക്തമായി.
കപ്പലിൽ അനുവദനീയമായതിൽ കൂടുതൽ ഇരുമ്പയിര് കയറ്റിയിരുന്നുവെന്ന ആരോപണവും അന്ന് ഉയർന്നിട്ടുണ്ടായിരുന്നു. കപ്പലുമായുള്ള വാർത്താവിനിമയ ബന്ധം വേർപെട്ടത് ഷിപ്പിങ് കോർപറേഷൻ അറിയുന്നത് കപ്പൽ കാണാതെയായതിനും ദിവസങ്ങൾക്കു ശേഷം മാത്രമാണ്. ഇത് തിരച്ചിൽ വൈകുവാൻ കാരണമായെന്ന ആരോപണവും ഉയർന്നിരുന്നു. കൈരളി കാണാതെപോയതിൽ കേരള സർക്കാരിന് വലിയ സാമ്പത്തിക നഷ്ട്ടങ്ങൾ ഒന്നും ഉണ്ടാക്കിയില്ല, മറിച്ച 6.4 കോടി രൂപ സ്ർക്കാറിനു ഇൻഷുറൻസ് തുകയായി ലഭിച്ചു. നഷ്ടമുണ്ടായത് ഉറ്റവരെ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ട കുടുംബങ്ങൾക്ക് മാത്രമായിരുന്നു.
ഒരു കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യർ മുഴുവൻ എവിടേക്കു പോയി? കപ്പൽ കടലിൽ മുങ്ങിയതാണ് എങ്കിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ എവിടെ? കപ്പലിൽ ചിലപ്പോൾ കടൽക്കൊള്ളക്കാർ കടത്തിക്കൊണ്ടു പോയതാകാം എന്നും പറയുന്നവരുണ്ട്. എവിടേക്കു മറഞ്ഞതാകാം എംവി കൈരളി ഒരുപക്ഷെ അറബിക്കടലിൻ്റെ അഗാധമായ ഇരുട്ടിൽ മറഞ്ഞിരിക്കുകായാകാം.