
കാഞ്ചീപുരം (Kanchipuram), സമ്പന്നമായ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും അവിശ്വസനീയമായ വാസ്തുവിദ്യയുടെയും ഒരു കലവറ. 2,000 വർഷത്തിലേറെ പഴക്കമുള്ള ഈ പുരാതന നഗരം ഹിന്ദുക്കളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും മനുഷ്യൻ്റെ വൈദഗ്ധ്യത്തിൻ്റെ ചാതുര്യമാണ്. പുരാതന കാലം മുതൽ വ്യാപാരത്തിനും സാംസ്കാരിക വിനിമയത്തിന്റെയും സുപ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. കാഞ്ചീപൂരത്തെ കുറിച്ച കേൾക്കാത്തവരയായി അധികമാരും ഉണ്ടാകില്ല. പട്ടിന്റെ മഹാനഗരം, പുണ്യ ക്ഷേത്രങ്ങളുടെ മണ്ണ്, ശാസ്ത്രത്തിനും അപ്പുറം മനുഷ്യന്റെ ബുദ്ധിവൈഭവം തിളങ്ങിയ നഗരം അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് കാഞ്ചീപുരത്തിന്.
തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും 70 കിലോമീറ്റർ അകലെയാണ് കാഞ്ചീപുരം സ്ഥിതിചെയ്യുന്നത്. പാലാർ നദി തീരത്തോട് ചേർന്നുള്ള ഈ നഗരത്തിന് പറയുവാൻ ഒരായിരം കഥകളുണ്ട്.
കാഞ്ചീപുരത്തിൻ്റെ വളർച്ചയ്ക്ക് അടിത്തറയിട്ടത് പല്ലവ രാജവംശമാണ്. മൂന്നാം നൂറ്റാണ്ടിനും ഒൻപതാം നൂറ്റാണ്ടിനും ഇടയിലാണ് നഗരത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത്. കലയുടെയും വാസ്തുവിദ്യയുടെയും സംരക്ഷണത്തിന് പേരുകേട്ട പല്ലവർ വംശമാണ് കാഞ്ചീപുരത്തെ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നത്. ചോള, വിജയനഗര സാമ്രാജ്യങ്ങളും ഉൾപ്പെടെയുള്ള രാജവംശങ്ങൾ നഗരത്തിൻ്റെ പൈതൃകത്തെ കൂടുതൽ സമ്പന്നമാക്കിതീർത്തു. ഈ രാജവംശങ്ങളുടെ മികവുറ്റ ഭരണം കാഞ്ചീപുരത്തെ ഇന്ത്യയുടെ ചരിത്രത്തിൻ്റെ അമൂല്യമായ ഭാഗമാക്കി മാറ്റി.
ആയിരം ക്ഷേത്രങ്ങളുടെ നഗരം
പുരാതന ഇന്ത്യൻ വാസ്തുശില്പികളുടെ വൈദഗ്ധ്യം പ്രകടമാക്കുന്ന, ആകർഷണീയമായ ക്ഷേത്രങ്ങളുടെ ഒരു നിര തന്നെ കാഞ്ചീപുരത്തിനുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച കൈലാസനാഥർ ക്ഷേത്രം പല്ലവ വാസ്തുവിദ്യയുടെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്. കാഞ്ചീപുരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നായി കൈലാസനാഥർ ക്ഷേത്തെ കണക്കാക്കുന്നു. അതിൻ്റെ സങ്കീർണ്ണമായ കൊത്തുപണികൾ, ശിൽപങ്ങൾ, അലങ്കാരങ്ങൾ എന്നിവ പുരാതന കരകൗശല വിദ്യയുടെ അവിശ്വസീനയമായ സൗന്ദര്യം വെളിപ്പെടുത്തുന്നു. ഏകാംബരേശ്വരർ, വൈകുണ്ഠ പെരുമാൾ, കാമാക്ഷി അമ്മൻ എന്നിവയും നഗരത്തിൻ്റെ സമ്പന്നമായ ആത്മീയ പൈതൃകത്തിൻ്റെ തെളിവുകളാണ്. ദ്രാവിഡ, പല്ലവ, വിജയനഗര ശൈലികൾ സമന്വയിപ്പിച്ചുകൊണ്ട് ഈ ക്ഷേത്രങ്ങൾ നഗരത്തിൻ്റെ വാസ്തുവിദ്യാ വൈദഗ്ദ്ധ്യം പ്രദർശിപ്പിക്കുന്നു.
കാഞ്ചീപുരത്തിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം. ഭാരതത്തിലെ സതീദേവിയുടെ പ്രധാന ശക്തിപീഠങ്ങളിൽ ഒന്നാണിത്. അഞ്ച് ഏക്കറിൽ സ്ഥാപിക്കപ്പെട്ട ഈ പല്ലവരാജവംശ കലത്താണ് നിർമ്മിക്കപ്പെട്ടത്. ചില ക്ഷേത്രങ്ങളിൽ ആയിരത്തോളം തൂണുകളും ഉണ്ട്.
പട്ടിന്റെ നഗരം
കാഞ്ചീപുരത്തെ പട്ടിന്റെ ഉൽപ്പാദനം ലോകമെമ്പാടും പ്രശസ്തി നേടിയതാണ്. കാഞ്ചീപുരത്തിലൂടെ സഞ്ചരിക്കുമ്പോൾ നെയ്ത്തുശാലകളും നെയ്ത്തുകാരുടെ വീടുകളും മറ്റൊരു ആകർഷണം തന്നെയാണ്. പരമ്പരാഗത നെയ്ത്തുകാർ പുരാതന വിദ്യകൾ സംരക്ഷിക്കുന്നു, അതിമനോഹരമായ കാഞ്ചീപുരം സാരികൾ നെയ്യുന്നു. ഇന്ത്യയുടെ പട്ടിന്റെ തലസ്ഥാനം എന്നതാണ് കാഞ്ചീപുരത്തിന്റെ മേൽവിലാസം. എന്നാൽ എത്ര തരം പട്ടുകൾ ഉണ്ടെങ്കിലും സാരി എന്നു കേൾക്കുന്ന ഒരോ ഇന്ത്യക്കാരന്റെയും മനസ്സിൽ വരുന്ന് ചിത്രം കാഞ്ചീപുരത്തിന്റേതു തന്നെയാണ്, അതിൽ സംശയമില്ല.
കാഞ്ചീപുരത്തിന്റെ സിൽക്ക് റൂട്ടറിന് ഏറെ സവിശേഷതകൾ ഉണ്ട്. 4000 ഏറെ വരുന്ന നെയ്തുകുടുംബങ്ങൾ. ഒരു നഗരത്തിന്റെ തന്നെ അന്നമാണ് ഇവിടുത്തെ നെയ്യ്‌ത്. പട്ട് നെയ്യത് തുടങ്ങുന്നത് മുതൽ ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നത് വരെ നീളുന്നു കാഞ്ചീപുരത്തിന്റെ സിൽക്ക് റൂട്ട്.
പട്ടിലും ക്ഷേത്രങ്ങളിലും മാത്രം ഒതുങ്ങുന്നില്ല കാഞ്ചീപുരമെന്ന വിസ്മയം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ സാക്ഷ്യപത്രമായി കാഞ്ചീപുരം നിലകൊള്ളുന്നു. ഇതിൻ്റെ ഉത്ഭവം, പ്രത്യേകതകൾ, സവിശേഷതകൾ, വാസ്തുവിദ്യാ വിസ്മയങ്ങൾ എന്നിവ ഇതിനെ സമാനതകളില്ലാത്ത ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു. യുനെസ്കോ അംഗീകരിച്ച "പൈതൃക നഗരം" എന്ന നിലയിൽ കാഞ്ചീപുരം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിസ്മയമാണ്.