
ദൈവം ഭക്തരെ കാണുവാൻ ക്ഷേത്രത്തിൽ നിന്നും രഥത്തിലേറി ജനമധ്യത്തിലേക്ക് എത്തിയാലോ?, അതിമനോഹരമായി അലങ്കരിച്ച രഥത്തിലേറി ആരാധ്യദേവൻ ഭക്തരുടെ മുന്നിൽ കൂടെ സഞ്ചരിക്കുന്നു (Kalpathi Ratholsavam). ഈ മായകാഴ്ച്ച കൽപ്പാത്തിയിലെ രഥോത്സവത്തിൽ മാത്രമേ കാണുവാൻ സാധിക്കു. നഗരവീഥിയിലൂടെ രഥങ്ങൾ വലിച്ചു കൊണ്ടുപോകുന്ന ഭക്തർ, ഭക്തിയിൽ മുഴുകി ദൈവ ചൈതന്യത്താൽ നിറഞ്ഞ അഗ്രഹാരം. ഒരു ക്ഷേത്ര ആചാരമെന്നത്തിന് അപ്പുറം ഒരു നാടിന്റെ തന്നെ വിശ്വാസത്തിന്റെ അടിത്തറയാണ് കൽപ്പാത്തി രഥോത്സവം.
പാലക്കാടിന്റെ കെൽപ്പത്തി ഗ്രാമത്തിന്റെ പൈതൃകമാണ് രഥോത്സവം. നിരനിരരായി ഒത്തുചേർന്നിരിക്കുന്ന കാൽപ്പാത്തിയിലെ തമിഴ് അഗ്രഹാരങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും, ചരിത്രവുമായി ഏറെ ബന്ധമുണ്ട് ഈ രഥോത്സവത്തിന്. എല്ലാവർഷവും കൽപ്പാത്തിയിലെ ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന്റെ ഉത്സവ ആഘോഷത്തെ തുടർന്നാണ് രഥോത്സവം ആചരിക്കപ്പെടുന്നത്. ഏകദേശം 600 വർഷത്തെ പാരമ്പര്യമുണ്ട് ഈ ക്ഷേത്രത്തിനും ഇവിടുത്തെ പ്രധാന ആഘോഷമായ രഥയാത്രയ്ക്കും.
എല്ലാവർഷവും നവംബർ മാസത്തിലാണ് പത്തു ദിവസത്തെ കൽപ്പാത്തി രഥോത്സവം നടക്കുക. മലയാള മാസം തുലാത്തിലാണ് ഈ പത്തു ദിവസത്തെ ഉത്സവ ആഘോഷങ്ങൾ നടക്കുന്നത്. കൽപ്പാത്തിയിലെ രഥോത്സവത്തിന് സവിശേഷതകൾ ഏറെയാണ്. പാലക്കാടിന്റെ ഔദ്യോഗികമായി സാംസ്‌കാരിക ഉത്സവവും, കേരളത്തിന്റെ മറ്റൊരു ആകർഷണീയമായ ഉത്സാവങ്ങളിൽ ഒന്നുമാണിത്. ക്ഷേത്രോത്സവത്തിന്റെ ആദ്യത്തെ നാലു ദിവസം കല സാംസ്‌കാരിക പരിപാടികളും, വേദ പാരായണവുമാകും നടക്കുക. തുടർന്ന് അവസാനത്തെ മൂന്ന് ദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ രഥങ്ങൾ അഗ്രഹാരത്തിലെ വീഥികളിലൂടെ വലിച്ചു നീക്കിക്കൊണ്ടുപോകുന്നു. രഥം മുന്നോട്ടുവലിച്ചു കൊണ്ടുപോകുവാൻ മാത്രം ഏകദേശം ആയിരത്തിൽ അധികം വിശ്വാസികൾ എത്തുന്നു. ജില്ലയുടെ അകത്തും പുറത്തു നിന്നുമായി പ്രതിവർഷം പതിനായിരങ്ങളാണ് ഉത്സവസമത്ത് ഇവിടെ എത്താറുള്ളത്.
ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി) ആണ്. നിളാനദിയെന്ന അറിയപ്പെടുന്ന ഭാരതപുഴയുടെ തീരത്താണ് ഈ ക്ഷേത്രത്തെ സ്ഥതിചെയുന്നത്. 1425 എ.ഡി യിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു, അതായത് ഏകാദശം 600 വർഷങ്ങൾക്ക് മുൻപ്. ക്ഷേത്ര നിർമാണത്തെ ചുറ്റിപറ്റി ഒരു ഐതിഹ്യമുണ്ട്. വടക്കേ ഇന്ത്യയിലെ വാരണാസിയിലെ കാശി വിശ്വനാഥസ്വാമിക്ഷേത്രം സന്ദർശിച്ചു മടങ്ങിയ തമിഴ്നാട് മായാവരം സ്വദേശിനിയായ ഒരു തമിഴ് ബ്രാഹ്മണസ്ത്രീ കൊണ്ടു വന്ന ശിവന്റെ ജ്യോതിർലിംഗമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കാശി വിശ്വനാഥസ്വാമിക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പാതി കൽപ്പാത്തി എന്നും പറയപ്പെടുന്നു. ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം നിളാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് തുല്യമാണ്. ദക്ഷിണകാശി എന്നും തെക്കിന്റെ വാരണാസി എന്നും ഒക്കെ കല്പ്പാത്തിക്ക് പേരുകളുണ്ട്.
കല്‍പ്പാത്തി രഥോത്സവം ഇവിടെ കല്‍പ്പാത്തി തേര് എന്നും അറിയപ്പെടുന്നു. കൽപ്പാത്തിയിലെ പ്രധാനപ്പെട്ട നാലു ക്ഷേത്രങ്ങളില്‍ നിന്നുമെത്തുന്ന രഥങ്ങള്‍ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു. പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി മുന്നോട്ട് പോകുന്നു. പ്രധാന രഥത്തില്‍ ശിവനും ചെറിയ രഥങ്ങളില്‍ മുരുകനും ഗണപതിയും എഴുന്നള്ളുന്നു. രഥോത്സവത്തിന്റെ ഏറ്റവും വലിയ ആകർഷണം ആറ് വലിയ തേരുകളാണ്. ഇതിൽ മൂന്നു രഥങ്ങള്‍ വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ആദ്യത്തെ രഥം ശിവനും, രണ്ടാം രഥം ഗണപതിക്കും, മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള മൂന്ന് രഥങ്ങളോ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ഇങ്ങനെ ആറു രഥങ്ങള്‍ ഒറ്റത്തെരുവില്‍ ഒരുമിക്കുന്നതിനെ ദേവരഥ സംഗമം എന്നാണ് പറയുന്നത്. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കൽപ്പാത്തി രഥോത്സവത്തിലും കാണുക.
കൽപ്പാത്തിയിലെ തമിഴ് തനിമ
ഒരിക്കൽ വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ പൂജാരിയും ഭരണാധികാരികളുമായി തർക്കമുണ്ടാവുകയും, ഇതേതുടർന്ന് ക്ഷേത്രത്തിൽ പൂജകൾ ചെയുവാൻ ആരുമില്ലാതെയാകുകയുമാണ് ഉണ്ടായത്. ക്ഷേത്രത്തിലെ ദൈനംദിന പൂജകളും അനുഷ്ഠാനങ്ങളും ചെയ്യാൻ രാജാവിന് തഞ്ചാവൂരിലെ ബ്രാഹ്മണരുടെ സഹായം തേടേണ്ടിവന്നു. അങ്ങനെയാണ് തഞ്ചൂരിൽ നിന്നുള്ള ബ്രാഹ്മണർ കൽപ്പാത്തിയിൽ കുടുംബത്തോടൊപ്പം എത്തുന്നത്.
താമസിയാതെ തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരം എന്ന പേരിൽ ബ്രാഹ്മണ വാസസ്ഥലങ്ങൾ ഉണ്ടാക്കി, സമയം കടന്നുപോകുമ്പോൾ തിരക്കേറിയ തെരുവുകളായി മാറി. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽപ്പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്. പൂർവ്വികർ പുലർത്തിയിരുന്ന ജീവിത രീതികൾ തന്നെയാണ് ഇപ്പോഴും കൽപ്പാത്തിയിലെ ഓരോ വീടുകളിലും പാലിച്ചുപോകുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂർ തനിമ പാലിക്കാൻ അവർ ശ്രമിച്ചിരുന്നു.
കൽപ്പാത്തിയുടെ ഓരോ വീഥിയിലും ദൈവിക തേജസ് നിറഞ്ഞെരിക്കുന്നു. നൂറ്റാണ്ടുകളുടെ വിശ്വാസവും സംസ്കാരവും ഇപ്പോഴും അവിടെ തങ്ങി നിൽക്കുന്നു.