ഉയര്‍ന്നു നിൽക്കുന്ന ഗോപുരങ്ങള്‍, കരിങ്കല്ല് പാകി മനോഹരമാക്കിയ മുറ്റം, ക്ഷേത്രത്തിനു നടുവിലൂടെ കടന്നു പോകുന്ന കനാല്‍; ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം | Virupaksha Temple

വിരൂപാക്ഷ ക്ഷേത്രം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു, ശിവന്റെ ഭാര്യയായി ആരാധിക്കപ്പെടുന്ന പമ്പാ ദേവിയുടെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു ക്ഷേത്ര ഐതിഹ്യം.
ഉയര്‍ന്നു നിൽക്കുന്ന ഗോപുരങ്ങള്‍, കരിങ്കല്ല് പാകി മനോഹരമാക്കിയ മുറ്റം, ക്ഷേത്രത്തിനു നടുവിലൂടെ കടന്നു പോകുന്ന കനാല്‍; ചരിത്രനഗരത്തിലെ പുണ്യക്ഷേത്രം | Virupaksha Temple
Published on

തുംഗഭദ്ര നദിയുടെ തീരത്തെ വിജയനഗര സാമ്രാജ്യത്തെയും അവിടം ഭരിച്ചിരുന്ന സംഗമ രാജക്കന്മാരുടെ വീരകഥകൾ ഇന്ത്യയിൽ ഉടനീളം പ്രശസ്തമാണ് (Virupaksha Temple ). രാജാക്കന്മാരെ പോലെ തന്നെ വളരെ പ്രസിദ്ധമായിരുന്നു അവരുടെ വാസ്തുവിദ്യ വൈഭവവും. പുരാതന നഗരമായ ഹംപിയുടെ ഹൃദയഭാഗത്ത്, ഉയരത്തിലും കാലാതീതമായും നിലകൊള്ളുന്ന വിരൂപാക്ഷ ക്ഷേത്രം അതിമനോഹരമായ വാസ്തുവിദ്യാ വിസ്മയമാണ്, അതിൻ്റെ ഗാംഭീര്യവും സങ്കീർണ്ണമായ കൊത്തുപണികളും സമ്പന്നമായ ആത്മീയ പ്രാധാന്യവും വിജയനഗര സാമ്രാജ്യത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു.

ശിവ ഭഗവാന്റെ അവതാരമായ വിരൂപാക്ഷ ദേവനാണ് ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. ഏഴാംനൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ചാലൂക്യരുടെ ഭരണകാലത്താണ് യഥാർത്ഥ ക്ഷേത്രം നിർമ്മിച്ചതെങ്കിലും, പിന്നീട് വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രം കൂടുതൽ വിപുലീകരണങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഹംപിയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് വിരൂപാക്ഷ ക്ഷേത്രം.

ക്ഷേത്ര ഐതിഹ്യം

വിരൂപാക്ഷ ക്ഷേത്രം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ആഴത്തിൽ പതിഞ്ഞിരിക്കുന്നു, ശിവന്റെ ഭാര്യയായി ആരാധിക്കപ്പെടുന്ന പമ്പാ ദേവിയുടെ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു ക്ഷേത്ര ഐതിഹ്യം. പാർവതി ദേവിയുടെ അവതാരമായ പമ്പ, ശിവനെ തന്റെ ഭർത്താവ് ആകുവാൻ ധ്യാനിച്ചു . അവളുടെ ഭക്തിയാൽ പ്രചോദിതനായ ശിവൻ അവളെ വിവാഹം കഴിക്കാൻ സമ്മതിച്ചു, വിരൂപാക്ഷ ക്ഷേത്രം ശിവന്റെയും പമ്പാദേവിയുടെയും ഐക്യത്തെ അനുസ്മരിപ്പിക്കുന്നതായി പറയപ്പെടുന്നു. വിരൂപാക്ഷ ക്ഷേത്രത്തെ
ദിവ്യസ്നേഹത്തിന്റെയും പ്രപഞ്ച സന്തുലിതാവസ്ഥയുടെയും പ്രതീകമായി കണക്കാക്കുന്നു.

ക്ഷേത്ര വാസ്തുവിദ്യ: വിജയനഗര പ്രതാപത്തിൻ്റെ പ്രതീകം

വിരൂപാക്ഷ ക്ഷേത്ര സമുച്ചയത്തിന് ചുറ്റും മൂന്ന് ഗോപുരങ്ങൾ ഉണ്ട്. പ്രധാന ഗോപുരം കിഴക്ക് ദർശനമായി പണിതിരിക്കുന്നു, 9 നിലകളുള്ള ഈ ഗോപുരത്തിന് 50 മീറ്ററാണ് ഉയരം, പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ ഗോപുരം നിർമ്മിക്കപ്പെട്ടത്. വിരൂപാക്ഷ ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടമാണ് കിഴക്കൻ ഗോപുരം. കിഴക്കൻ ഗോപുരത്തിൻ്റെ ഓരോ നിലകളിലും നൂറുകണക്കിന് ദൈവങ്ങളെയും ദേവതകളെയും ഉൾക്കൊള്ളുന്ന വിപുലമായ കരകൗശലവിദ്യയാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഈ പ്രധാന ഗോപുരത്തിന്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ് ,ഗോപുരത്തിൻ്റെ വിപരീത നിഴൽ ക്ഷേത്രത്തിനുള്ളിലെ ഭിത്തിയിൽ പതിക്കുന്നത്. ക്ഷേത്രത്തിന്റെ പുഴയോടു തിരിഞ്ഞിരിക്കുന്ന ഭാഗത്തെ ചുമരിലെ വലിയ തുളയിലൂടെയാണ് ക്ഷേത്രത്തിന്റെ മുന്നിലുള്ള ഗോപുരത്തിന്റെ ചിത്രം പുറകിലെ ചുവരില്‍ തലതിരിഞ്ഞു കാണാന്‍ സാധിക്കുന്നത്.

വിരൂപാക്ഷ ക്ഷേത്രം ദ്രാവിഡ വാസ്തുവിദ്യയുടെ മാതൃകാപരമായ ഉദാഹരണമാണ്. ക്ഷേത്ര സമുച്ചയം ഏകദേശം 2 ഏക്കറിന് ഉള്ളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്ര മണ്ഡപം തൂണുകളാൽ സമ്പൂർണമാണ്. ക്ഷേത്രത്തിലെ നിത്യപൂജയ്ക്ക് ഉൾപ്പെടെ ഈ മണ്ഡപം ഉപയോഗിക്കുന്നു. ഹൈന്ദവ പുരാണ രംഗങ്ങൾ ചിത്രീകരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികൾ കൊണ്ട് മണ്ഡപം അലങ്കരിച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ ഹൃദയഭാഗത്ത് പ്രധാന ദേവനായ വിരൂപാക്ഷന്റെ ശ്രീകോവിൽ ഗർഭഗൃഹം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ കിഴക്കായി ഒരു നന്തി മണ്ഡപവും ഉണ്ട്. പ്രധാന ശ്രീ കോവിലിനെ ദർശനമാക്കിയാണ് നന്തി പ്രതിഷ്‌ഠയുടെ സ്ഥാനം. ഏകദേശം 15 അടി നീളമുള്ള ഒറ്റക്കൽ ശിലയാണ് ഇത്.

ക്ഷേത്രത്തിന്റെ പ്രധാന ആഘോഷമാണ് ശിവരാത്രി പൂജയും, രഥോത്സവവും. എല്ലാ വർഷവും ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് രഥോത്സവം ക്ഷേത്രത്തിൽ നടക്കുന്നത്. വിരൂപാക്ഷ ക്ഷേത്രത്തിനുള്ളിൽ 32 ഉപദേവതകളുടെ പ്രതിഷ്‌ഠയുമുണ്ട്.

ഒരു ഹൈന്ദവ ക്ഷേത്രമെന്നതിലുപരി കലയുടെയും വാസ്തുവിദ്യയുടെയും ഉദാത്തമായ ഉദാഹരണമാണ്. നാട്ടു രാജ്യങ്ങൾ തമ്മിലുള്ള നിരന്തര യുദ്ധത്തിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പല കെട്ടിടങ്ങളും ക്ഷേത്രങ്ങളും തകർന്നിരുന്നു .എന്നാൽ, കാലം ബാക്കി വച്ച അവശേഷിപ്പായി വിരൂപാക്ഷ ക്ഷേത്രം നിലകൊള്ളുന്നു. അവശിഷ്ടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഈ ക്ഷേത്രം വിജയനഗര രാജ്യത്തിൻ്റെ കഥ പറയുന്നു. ഇവിടം ഭക്തിയും കലയും വാസ്തുവിദ്യയും തികഞ്ഞ യോജിപ്പിൽ ഒത്തുചേരുന്നു. ഭാരതത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തിൻ്റെ ഒരു സുന്ദരമായ ഏടാണ് വിരൂപാക്ഷ ക്ഷേത്രം.

Related Stories

No stories found.
Times Kerala
timeskerala.com