
കർണാടകയുടെയും ആന്ധ്രാപ്രദേശിൻ്റെയും അതിർത്തിക്ക് ഇടയിലായി സ്ഥിതി ചെയ്യുന്ന അതി മനോഹരമായൊരു ക്ഷേത്രം ഉണ്ട്. അസാധാരണമായ വാസ്തുവിദ്യയുടെയും, മാസ്മരികമായ ശില്പങ്ങളുടെയും മായാലോകമായ ലേപാക്ഷി ക്ഷേത്രം. ആന്ധ്ര പ്രദേശിലെ അന്തപുരിലാണ് ലേപാക്ഷി ക്ഷേത്രം (Lepakshi Temple) സ്‌ഥിതിചെയ്യുന്നത്. ബംഗളൂരുവിൽ നിന്ന് 120 കിലോമീറ്റര്‍ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്ക് ഉള്ളത്.
1530-ൽ വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരായിരുന്ന വിരുപ്പണ്ണ നായകയും വിരണ്ണയും ചേർന്നാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ശിവന്റെ അവതാരമായ വീരഭദ്രന്റെ തികഞ്ഞ ഭക്തനായിരുന്നു ഇവർ എന്നും. ദേവന്റെ പ്രീതിക്കായിയാണ് ക്ഷേത്രം പണിതതെന്നും കരുതപ്പെടുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ തെളിവാണ് ക്ഷേത്രത്തിന്റെ ഓരോ കോണുകളും. ഏഴു തലയുള്ള സർപ്പവും, ഒറ്റക്കല്ലിൽ കൊത്തിയെടുത്ത നന്ദി പ്രതിമയും, തൂങ്ങിക്കിടക്കുന്ന തൂണും എന്നിങ്ങനെ ഏറെയാണ് ക്ഷേത്രത്തിന്റെ സവിശേഷതകൾ.
ശിവൻ, വിഷ്ണു, വീരഭദ്രൻ എന്നീ മൂന്ന് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉള്ളത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവന്റെ അവതാരമായ വീരഭദ്രന്റെതാണ് അതുകൊണ്ടു തന്നെ വീരഭദ്രക്ഷേത്രം എന്ന പേരിലും ലേപാക്ഷി അറിയപ്പെടുന്നു. വിജയനഗര, ദ്രാവിഡ വാസ്തുവിദ്യാ ശൈലികളെ സമുന്നയിപ്പിച്ചു കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത് എന്ന കാര്യം ഏറ്റവും ശ്രദ്ധേയമായ സവിശേഷതയാണ്.
ക്ഷേത്രത്തിനു ലേപാക്ഷി എന്ന് പേരിനു പിന്നിലും ഒരു ഐതിഹ്യം ഉണ്ട്. രാവണൻ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോയപ്പോൾ തടയുവാനായി എത്തിയ ജഡായുവിന്റെ ചിറകുകൾ അരിഞ്ഞു വീഴ്ത്തുകയും. വെട്ടേറ്റു ജഡായു ഇവിടെയാണ് വീണതെന്നും. ഹനുമാനുമായി ലങ്കയിലേക്ക് പോവുകയായിരുന്ന രാമൻ ഇവിടെ വച്ച് ജഡായുവിനെ കാണുകയും വെട്ടേറ്റു കിടക്കുന്ന ജഡായുവിനോട് "ലേ പക്ഷി" അഥവാ എഴുന്നേൽക്കു പക്ഷി എന്ന് പറഞ്ഞു എന്നുമാണ് ഐതിഹ്യം. ലേ പക്ഷി എന്ന് രണ്ടു വാക്കുകൾ ഒറ്റവാക്കായി മാറുകയും, ഈ പ്രേദേശത്തിന് ലേപാക്ഷിയെന്ന് പേര് ലഭിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.
ഏഴു തലയുള്ള നാഗലിംഗം
ലേപാക്ഷി ക്ഷേത്രത്തിന്റെ മുൻഭാഗത്തുകൂടി നടക്കുമ്പോൾ വടക്കുപടിഞ്ഞാറായി വിസ്മയിപ്പിക്കുന്ന ഏകശിലാ സർപ്പശിവലിംഗം ഉണ്ട്. ശിവലിംഗത്തിനെ ചുറ്റി അതിനു മുകളിലാണ് ഏഴു തലയുള്ള സർപ്പത്തിന്റെ സ്ഥാനം. 20 അടി ഉയരത്തിൽ നിൽക്കുന്നു ശില ഏകശിലാ ശില്പമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നാഗലിംഗമായി ഇതിനെ കണക്കാക്കുന്നു.
ലിംഗം അമ്പരപ്പിക്കുന്ന വേഗതയിൽ കൊത്തിയെടുത്തതാണ് എന്ന് പറയപ്പെടുന്നു. ലിംഗത്തിന്റെ നിർമ്മിതിക്കു പിന്നിൽ വളരെ രസകരമായൊരു കഥയുണ്ട്. ഉച്ചഭക്ഷണത്തിനായി തയ്യാറായി ചെന്നപ്പോൾ ഭക്ഷണം തയ്യാറായിരുന്നില്ല. ഭക്ഷണത്തിനായി കാത്തിരിക്കുന്നതിനു പകരം ശില്പിയും സംഘവും ഒരു കല്ലിൽ കൊത്തു പണി ചെയുവാൻ ആരംഭിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശിവലിംഗത്തിന് മുകളിലായി ചുറ്റിയിരിക്കുന്ന് നാഗലിംഗ ശില പണിതീർക്കുകയും ചെയ്യ്തു എന്നാണ് ഐതിഹ്യം.
നാഗ ലിംഗത്തിന് അരികിലായി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത അതിമനോഹരമായ ഗണപതിയുടെ ശില. ഗണപതിയുടെ ഉദരത്തിലൂടെ ചുറ്റി കിടക്കുന്ന സർപ്പം. ഗണപതിയുടെ ശില്പത്തിന് അരികിലായി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന് ഒരു യോദ്ധാവിനെ കാണുവാൻ സാധിക്കും. ലങ്കയിലേക്ക് പോകുന്നതിനു മുൻപ്പ് ഇവിടെ എത്തി പ്രാർത്ഥിക്കുന്ന് ശ്രീരാമനാണ് ഇത് എന്ന് അനുമാനിക്കുന്നു.
നന്ദി വിഗ്രഹം
വീർഭദ്ര ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ശ്രദ്ധേയമായ ശില്പമാണ് നന്ദി കാളയുടെത്. ഗ്രാനൈറ്റ് കല്ലിൽ നിർമ്മിച്ച നന്ദിയുടെ ഈ ഏകശിലാ ശിൽപത്തിന് 4.5 മീറ്റർ ഉയരവും 8.23 മീറ്റർ നീളവുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നന്ദിയുടെ പ്രതിമയെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതുകൂടാതെ, നാട്യ, കല്യാണ മണ്ഡപങ്ങളും ചുവരുകളിൽ ശിൽപങ്ങളുടെയും മ്യൂറൽ പെയിൻ്റിംഗുകളുടെയും രൂപത്തിലും മറ്റും മികച്ച കരകൗശലാത്തിന്റെ വിസ്മയവും ഇവിടെ കാണുവാൻ സാധിക്കുന്നതാണ്.
നന്ദി മണ്ഡപം
ലേപാക്ഷി ക്ഷേത്രത്തിലെ പ്രധാന ശ്രീകോവിലിന് പടിഞ്ഞാറാണ് നന്ദി മണ്ഡപം സ്ഥിതി ചെയ്യുന്നത്. നന്ദി വിഗ്രഹത്തിനു സമീപമാണ് നന്ദി മണ്ഡപം. നന്ദിമണ്ഡപത്തിൽ 70 സങ്കീർണ്ണമായ കൊത്തുപണികളുള്ള തൂണുകളൾ ഉണ്ട്. ഇവയിൽ ഒരു തൂണ് പിന്തുണയില്ലാതെ നിലത്തുതൊടാതെ മുകളിൽ നിന്ന് തൂക്കിയിട്ട രീതിയിലാണ് നിർമിച്ചിരിക്കുന്നത്. കട്ടികുറഞ്ഞ തുണിയോ കടലാസോ ഈ തൂണിന്റെ താഴത്തെ വശത്തുകൂടി കടത്തി വിടുവാൻ സാധിക്കുന്നു. വീരഭദ്രന്റെ കോപം നിമിത്തമാണ് തൂണ് നിലത്തു തട്ടാത്തത് എന്ന് വിശ്വസിക്കുന്നു.
ക്ഷേത്രത്തിന്റെ ഓരോ ചുമരുകളിലും അസാധാരണമായ കൊത്തുപണികളാൽ നിറഞ്ഞെരിക്കുന്നു, ദേവതകളും ദേവന്മാരും, ഐതിഹ്യങ്ങളും പുരാണങ്ങളും കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ മറ്റൊരു ശ്രദ്ദേയമായ ആകർഷണമാണ് മ്യൂറൽ പൈന്റിങ്ങുകൾ. മഹാഭാരതം, രാമായണം തുടങ്ങി മറ്റു ഗ്രന്ഥങ്ങളെ ,കഥകളെ ചിത്രീകരിക്കുന്ന മ്യൂറൽ പെയിന്റിങ്ങുകൾ. ചരിത്രവും ഇതിഹാസത്തെയും ചിത്രീകരിക്കുന്ന മറ്റു ചിത്രങ്ങളും ഏറെയാണ്.
ലേപാക്ഷി വെറും ആരാധനാലയം മാത്രമല്ല, അതിനപ്പുറം കലയുടെയും വാസ്തുവിദ്യയുടെയും കേന്ദ്രം കൂടിയാണ്. അതിൻ്റെ ചരിത്രപരമായ പ്രാധാന്യവും പുരാണ ബന്ധങ്ങളും സാംസ്കാരിക പ്രാധാന്യവും ഇതിനെ ഒരു അമൂല്യമായ ഇന്ത്യയുടെ പൈതൃക സ്ഥലമാക്കി മാറ്റുന്നു.