This Content Is Only For Subscribers
2004, ആഗസ്റ്റ് 13, നാഗ്പൂരിലെ കോടതി വളപ്പ്. ഇരുന്നൂറോളം വരുന്ന സ്ത്രീകൾ, അന്ന് വരെ നിലനിന്നിരുന്ന സ്ഥിതിഗതികളെ തന്നെ വെല്ലുവിളിച്ചു കൊണ്ട്, അക്കു യാദവെന്ന (Akku Yadav) കൊടുംകുറ്റവാളിയെ തങ്ങളുടെ കറിക്കത്തി കൊണ്ട് കീറി മുറിച്ചു. അവരുടെ ചേരിയെ ഉരുക്കുമുഷ്ടി കൊണ്ട് ഭരിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ ആ നിർഭയ സ്ത്രീകൾ കൊലപ്പെടുത്തി.
അക്കു യാദവെന്ന കുറ്റവാളി കൊല്ലപ്പെട്ട, അതെ ദിവസം ഒരു ജനത മുഴുവൻ ആനന്ദത്തിൽ ആർത്തുല്ലസിച്ചു. ആടിയും പാടിയും അവർ തങ്ങളുടെ സന്തോഷം പങ്കിട്ടു. അവർ സംഘം ചേർന്ന് വകവരുത്തിയ ആ കുറ്റവാളിയുടെ മരണത്തിൽ അവർ ഇത്രയും സന്തോഷിക്കണമെങ്കിൽ അതിനു പിന്നിൽ ഒരു കഥയുണ്ടാകും. അക്കു യാദവെന്ന കുറ്റവാളിയുടെ കഥ. അയാളെ കൊലപ്പെടുത്തിയ ആ മനുഷ്യരുടെ കഥ. കസ്തൂർബാ നഗറിന്റെ കഥ.
മഹാരാഷ്ട്രയിലെ നാഗ്പൂർ, അവിടെ സെൻട്രൽ സിറ്റിയുടെ ഒത്ത നടുവിലായി ഒരു ചെറു ചേരി. തീർത്തും അടിച്ചമർത്തപ്പെട്ട, പാർശ്വവൽക്കരണത്തിന്റെ ഇരകളായി മാറിയ ഒരുപറ്റം മനുഷ്യർ തിങ്ങി പാർക്കുന്ന കസ്തൂർബാ നഗർ. എന്നാൽ അവിടുത്തെ മനുഷ്യരുടെ ജീവിതത്തിലേക്ക് പെട്ടന്നായിരുന്നു ഒരു കൊടും കുറ്റവാളിയുടെ കടന്നു വരവ്. ഒരുകാലം വരെ അക്കു യാദവിന്റെ കാൽപ്പെരുമാറ്റം കേട്ടാൽ കസ്തൂർബാ നഗറിലെ സ്ത്രീകൾ തങ്ങളുടെ വീടുകൾക്കുള്ളിൽ തന്നെ ഒളിച്ചിരിക്കുമായിരുന്നു. കസ്തൂർബാ നഗറിലെ മനുഷ്യർക്ക് മരണത്തേക്കാൾ ഭയമായിരുന്നു അക്കു യാദവിനെ. സ്ത്രീകൾ ശരീരം ഒരു വിനോദമായി മാത്രം കണ്ടിരുന്ന അക്കു യാദവ്, 1990 കൾക്കും 2000 ത്തിനുമിടയിൽ ലൈംഗികമായി പീഡിപ്പിച്ചത് 40 ഓളം സ്ത്രീകളെയായിരുന്നു. അതിൽ ഗർഭിണിയെന്നോ, നവവധുവെന്നോ, ബാലികയെന്നോ ആ നീചൻ തരം തിരിച്ചിരുന്നില്ല. അക്കു യാദവിന്റെ കാമവെറിക്ക് ഇരയായവർ നിരവധിയാണ്.
ഉയർന്ന ജാതിക്കാരൻ എന്ന തലക്കെട്ട് ഒരു അലങ്കാരം പോലെ കൊണ്ട് നടന്നാണ് അക്കു യാദവ് മറ്റുള്ള മനുഷ്യരെ അക്രമിച്ചിരുന്നത്. അയിത്ത ജാതിയെന്ന് സമൂഹം മുദ്രക്കുത്തിയ മനുഷ്യരായിരുന്നു അക്കുവിന്റെ പ്രധാന ഇരകൾ. സ്വന്തമായി ഒരു ജോലി പോലും ഇല്ലാതിരുന്ന അക്കുവിന്റെ പ്രധാന ജീവിത മാർഗ്ഗം തന്നെ കസ്തൂർബാ നഗറിലെ മനുഷ്യരുടെ പണവും സമാധാനവും അപഹരിക്കുക എന്നതായിരുന്നു. താൻ ഉയർന്ന ജാതിക്കാരാണ്, അത് കൊണ്ട് തന്നെ ബാക്കിയുള്ള മനുഷ്യരെ തനിക്ക് എന്തും ചെയ്യുവാനുള്ള അധികാരം അയാൾക്കുണ്ടെന്ന അഹന്ത അക്കു യഥാവിൽ നിറഞ്ഞിരുന്നു.
കസ്തൂർബാ നഗറിലെ ഒരു പാൽക്കാരന്റെ മകനായാണ് ഭാരത് കാളിചരൺ യാദവ് (Bharat Kalicharan Yadhav) എന്ന അക്കു യാദവിന്റെ ജനനം. അക്കു യാദവിന്റെ ബാല്യകൗമാര കാലത്തെ കുറിച്ച് അത്ര കണ്ട് വ്യക്തമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. വളരെ അപ്രതീക്ഷിതമായാണ് ഒരു സാധാരണക്കാരൻ എന്ന നിലയിൽ നിന്നും ആരും ഭയക്കുന്ന ഗുണ്ടാ സംഘത്തിന്റെ തലവനായി അക്കുവിന്റെ വളർച്ച. ആയുധവും ആൾബലവും കൊണ്ട് ചേരിയിലെ സാധാരണക്കാരന്റെ പണം കൈക്കലാക്കുന്നു. ചേരിയിലെ ഓരോ ചെറു കടകളിൽ നിന്നായി ചുങ്കം പിരിക്കുന്നു. ഒരു ദിവസം ചുങ്കം കൊടുക്കുന്നത് മുടങ്ങിയാൽ അയാൾ ആ മനുഷ്യരെ പൊതിരെ തല്ലുന്നു. ചേരിയിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ പണം നൽകുന്ന പതിവ് അയാൾക്കും സംഘത്തിനും ഉണ്ടായിരുന്നില്ല. ഇനി എങ്ങാനും കടക്കാരൻ പൈസ ചോദിച്ചാലോ, കടയും വീടും തല്ലിത്തകർക്കുന്നു. പുരുഷന്മാരെ തല്ലും, അവരുടെ സ്ത്രീകളെ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു.
“കസ്തൂർബാ നഗറിലെ മനുഷ്യർ ഒരു കാലത്ത് വേദനയോടെ പറഞ്ഞിരുന്നത്, തങ്ങളുടെ വീടുകളിൽ അക്കു യാദവ് ബലാത്സംഗം ചെയ്ത ഒരു പെൺകുട്ടിയെങ്കിലും ഉണ്ടാകുമെന്നാണ്”
പോലീസിൽ നല്ലൊരു തുക മാസപ്പടിയായി കൊടുത്തിരുന്നത് കൊണ്ട് തന്നെ, അക്കുവിന്റെ നിരന്തരമുള്ള കുറ്റകൃത്യങ്ങൾ അവർ കണ്ടില്ല എന്ന് നടിച്ചു. അക്കു യാദവ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നത് അവരുടെ പുരുഷന്മാർക്ക് നേരെയുള്ള ഒരു ഭീഷണിയും മുന്നറിപ്പുമായിരുന്നു. ഇങ്ങനെ സ്ത്രീകളെ ഉപദ്രവിച്ചാൽ ചേരിയിലെ പുരുഷന്മാർക്കുളളിൽ ഭീതിയുടെ പരിവേഷം അയാൾക്ക് ഉറപ്പിക്കുവാൻ വേണ്ടിയായിരുന്നു.
1991, വെറും പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അക്കുവും സംഘവും പീഡിപ്പിക്കുന്നു, ഇതോടെ അയാളുടെ കുപ്രസിദ്ധി വർധിക്കുന്നു. ഏകദേശം 14 തവണയെങ്കിലും അക്കു യാദവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചുരുങ്ങിയ ദിവസത്തെ ശിക്ഷവിധി കഴിഞ്ഞ് പുറത്തിറങ്ങുന്ന അക്കു ആദ്യം പോകുന്നത് പരാതിക്കാരന്റെ അടുത്തേക്കാകും. പരാതിക്കാരനെ ആക്രമിച്ചും, അയാളുടെ വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തും, ഭീഷണിപ്പെടുത്തിയും അയാൾ വേട്ട തുടർന്നു.
ഒരിക്കൽ ആഷോ ബോർക്കർ എന്ന സ്ത്രീയെ അവരുടെ മക്കളും നാട്ടുകാരും കണ്ടുനിൽകെ ബലാത്സംഗം ചെയ്യുന്നു. തുടർന്ന് ആ സ്ത്രീയുടെ മാറിടം വെട്ടി മാറ്റിയതിന് ശേഷം, ശവശരീരം വെട്ടി നുറുക്കി. ഈ കൊലപാതകത്തിന്റെ ദൃക്സാക്ഷിയെയും അക്കു കൊലപ്പെടുത്തുന്നു. ഗർഭിണിയായിരുന്ന കൽമയായിരുന്നു മറ്റൊരു ഇര. പ്രസവം കഴിഞ്ഞ് പത്തു ദിവസം പോലും തികയാത്ത ചേരിയിലെ ഒരു സ്ത്രീയെ അക്കുവും സംഘവും ബലാത്സംഗത്തിന് ഇരയാകുന്നു. തുടർന്ന്, തൊട്ടടുത്ത ദിവസം തന്നെ സങ്കടവും, വേദനയും, നാണക്കേടും സഹിക്കുവാൻ കഴിയാതെ ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നു. ഇന്നും കസ്തൂർബായുടെ തെരുവുകളിൽ വേദനയായി മുഴങ്ങുന്നത് കല്യാണത്തലേന്ന് പിച്ചിച്ചീന്തപ്പെട്ട നവവധുവിന്റെ കണ്ണീരാണ്.
പലപ്പോഴായി സ്ത്രീകൾ അക്കു യാദവിനെതിരെ പോലീസിൽ പരാതിപെട്ടിരുന്നുവെങ്കിലും, അവരുടെ കണ്ണീരോ യാചനായോ അവർ വകവച്ചിരുന്നില്ല. ഇങ്ങനെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളെ വേശ്യ എന്ന് മുദ്രകുത്തി അപമാനിച്ചു വിടുന്നു. പരാതിക്കാരി സ്റ്റേഷനിൽ കേസ് കൊടുത്തു തിരികെ വീട്ടിൽ എത്തുന്നതിന് മുൻപ് തന്നെ അക്കുവും സംഘവും പരാതികാരിയുടെ വീട്ടിൽ എത്തിയിട്ടുണ്ടാകാം. അക്കു യാദവിന്റെ തോൽപ്പാവകളായ പോലീസുകർ പരാതിയുമായി വന്നവരുടെ വിവരങ്ങൾ അതിവേഗത്തിൽ തന്നെ അറിയിച്ചിട്ടുണ്ടാകാം. തനിക്കെതിരെ പരാതി കൊടുത്ത സ്ത്രീയെ അയാൾ പിന്നെയും ശാരീരികമായി പീഡിപ്പിക്കുന്നു. ഉച്ചത്തിൽ ഒന്ന് ശബ്ദിക്കുവാൻ പോലും കഴിയാതെ ആ പാവങ്ങൾ വേദന അടക്കിപിടിക്കുന്നു.
ഒരിക്കൽ കഥയാകെ മാറി. അക്കുവിന്റെ പീഡനങ്ങൾക്ക് ഇരയായ അയൽക്കാരിയെ സഹായിക്കുവാൻ ഉഷ നാരായൺ എന്ന പെൺകുട്ടി മുന്നിട്ടിറങ്ങന്നു. അക്കുവിനെതിരെയുള്ള പരാതി ഡി.സി.പിക്ക് നേരിട്ട് കൈമാറുന്നു. എന്നാൽ ഉഷ പരാതി നൽകിയ വിവരമറിഞ്ഞ അക്കുവും സംഘവും ഉഷയുടെ വിട്ടുമുറ്റത്ത് എത്തി. അവർ അതിക്രമിച്ച് ഉഷയുടെ വീടിനുള്ളിൽ കടക്കുവാൻ ശ്രമിച്ചു. പക്ഷെ ധൈര്യം ഒട്ടും കൈവിടാതെ ഉഷ അവരെ നേരിട്ടു. അങ്ങനെ അക്കുവും സംഘവും പതിയെ പിന്മാറി. ഉഷയുടെ ധൈര്യം ചേരിയിൽ മനുഷ്യർക്ക് പ്രചോദനമായി. പോലീസിനെ കൊണ്ട് ഒന്നും ചെയ്യുവാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലായി. തുടർന്ന് സംഘടിതമായി ഒത്തുചേർന്ന് അക്കു യാദവിന്റെ വീട് അവർ ആക്രമിച്ചു. ഒടുവിൽ അക്കു പോലീസ് പിടിയിലാകുന്നു. പോലീസിൽ വേണ്ടത്ര സ്വാധിനമുണ്ടായിരുന്ന അക്കു പഴയതു പോലെ തിരികെ വരുമെന്ന് ഓരോ ചേരി നിവാസിക്കും ഉറപ്പായിരുന്നു.
2004, ആഗസ്റ്റ് 7 ന്, വിചാരണക്കായി അക്കു യാദവിനെ കോടതിയിൽ എത്തിക്കുന്നു. അന്ന് 500 ഓളം വരുന്ന മനുഷ്യർ കോടതിയിൽ വിധി അറിയുവാൻ തടിച്ചു കൂടിയിരുന്നു. എന്നാൽ ആഗസ്റ്റ് 13 ന് വിചാരണ മാറ്റിവയ്ക്കുന്നു. ആഗസ്റ്റ് 13, വിചാരണക്കായി അക്കു യാദവിനെ പോലീസ് ബസിൽ നാഗ്പുർ കോടതി വളപ്പിൽ കൊണ്ടിറക്കി. അന്നും ഏകദേശം മുന്നൂറോളം കസ്തൂർബാ നഗറിലെ മനുഷ്യർ കോടതി മുറ്റത്ത് തടിച്ചു കൂടിയിരുന്നു. കോടതിയുടെ ഉള്ളിലേക്ക് പോലീസ് അകമ്പടിയോടെ നടന്നു നീങ്ങവെ അക്കു യദാവ് പിച്ചിച്ചീന്തിയ പല സ്ത്രീകളെയും കാണുന്നു. അതിൽ ഒരു സ്ത്രീയുടെ മുഖത്ത് നോക്കി അക്കു യദാവ് ചിരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു –
“എടി അഴിഞ്ഞാട്ടക്കാരി, ഇവിടത്തെ തിരക്കൊക്കെയൊന്ന് കഴിഞ്ഞോട്ടെ ഞാൻ ഇനിയും നിന്നെ ബലാത്സംഗം ചെയ്യും.”
അക്കു യാദവിന്റെ വിഷം പുരണ്ട ഈ വാക്കുകൾ കേട്ട് ചുറ്റും നിന്ന പോലീസുകാർ തല കുലുക്കി ചിരിച്ചു. എന്തോ വലിയ തമാശ കേട്ടതു പോലെയായിരുന്നു അവരുടെ മട്ട്.
“നമ്മൾ രണ്ടും കൂടി ഇനി ഭൂമിയിൽ വേണ്ട, ഒന്നുകിൽ നീ അല്ലെങ്കിൽ ഞാൻ” – അക്കു യദാവ് പരിഹസിച്ച ആ സ്ത്രീ ഉച്ചത്തിൽ അലറി. അവരുടെ കാലിൽ കിടന്ന ചെരിപ്പൂരി അയാളുടെ മുഖത്തടിച്ചു. കൈയ്യിൽ കരുതിയ മുളകുപൊടി അയാളുടെ കണ്ണിൽ വിതറി. അതോടെ ചുറ്റുമുണ്ടായിരുന്ന ഇരുന്നൂറോളം വരുന്ന മനുഷ്യർ അക്കുവിന് അടുത്തേക്ക് പാഞ്ഞെത്തി. അവരുടെ കൈയിൽ കരുതിയ ആയുധങ്ങൾ കൊണ്ട് അക്കു യദാവെന്ന നീച മനുഷ്യന്റെ ശരീരം അവർ കുത്തിക്കീറി. ജനരോഷം കണ്ടു ഭയന്ന പോലീസുകാർ നാലുപാടും ചിതറി ഓടി. ആ ചേരിയിലെ ജനങ്ങൾ അന്നോളം അയാളോടുള്ള വിരോധം തീർത്തപ്പോൾ അവിടം രക്തരൂക്ഷിതമായി. ഒരു 10 മിനിറ്റ് കൊണ്ട് ആ ശരീരത്തിൽ 70ലധികം മുറിവുകൾ കൊണ്ടു നിറഞ്ഞു. ഒടുവിൽ ആരോ ആ മനുഷ്യ മൃഗത്തിന്റെ ജനനേന്ദ്രിയം കറിക്കത്തി കൊണ്ട് വെട്ടി മുറിച്ചു. തങ്ങളുടെ ജീവിതം നശിപ്പിച്ച ആ മൃഗത്തെ വെട്ടിനുറുക്കിയ ശേഷം ആ സ്ത്രീകൾ കോടതി വിട്ട് തിരികെ പോയി. അന്ന് 2004 ആഗസ്റ്റ് 13, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദീപങ്ങൾ കസ്തൂർബാ നഗറിലെ ഓരോ വീടുകളിലും തെളിഞ്ഞു.
“തങ്ങൾ എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്. ഇനിയും അയാളെ പേടിച്ചു ജീവിക്കാൻ കഴിയില്ല”– എന്നതായിരുന്നു അന്ന് കൃത്യം നടത്തിയ ശേഷം ഓരോ സ്ത്രീക്കും പറയുവാൻ ഉണ്ടായിരുന്നത്. അക്കു യദാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു സ്ത്രീകളെ അറസ്റ്റ് ചെയ്യുവാൻ കോടതി ഉത്തരവിട്ടു. എന്നാൽ ചേരിയിലെ പല സ്ത്രീകളും തങ്ങളാണ് അക്കുവിനെ കൊന്നതെന്ന് അവകാശപ്പെട്ടു കൊണ്ട് മുന്നോട്ടു വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉഷാ നാരായൺ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് എതിരെ കേസ് ചുമത്തിയിരുന്നു. എന്നിരുന്നാലും 2012 ൽ തെളിവുകളുടെ അഭാവത്തിൽ അവരെല്ലാം കുറ്റവിമുക്തരായി.
കുറ്റവാളിയെ നിയമം സംരക്ഷിച്ചപ്പോൾ, ജനം സ്വയം വിധി നടപ്പിലാക്കി. അക്കുവിന്റെ മരണം ഒരിക്കലും അന്ന് കസ്തൂർബാ നഗറിലെ സ്ത്രീകൾ അനുഭവിച്ച വേദനയ്ക്ക് തുല്യമായില്ലെങ്കിലും, സ്ത്രീകൾക്കെതിരെയുള്ള ആക്രമങ്ങൾക്ക് എതിരെ അവർക്ക് തക്കതായ ഒരു മറുപടി കൊടുക്കാൻ സാധിച്ചു. നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച കൊടും കുറ്റവാളിയെ ജനം തന്നെ ശിക്ഷിച്ചു.
Summary: Akku Yadav was a notorious Indian gangster and serial rapist who terrorized a Nagpur slum for over a decade through extortion, murder, and sexual violence. Despite dozens of criminal cases against him, he avoided conviction for years by allegedly bribing local police and intimidating witnesses. His reign ended in 2004 when a mob of approximately 200 women lynched him inside a courtroom after he was once again expected to be released on bail.

