
പുലർച്ചെ വീട്ടുമുറ്റത്തെത്തിയ അതിഥിയെ കണ്ടതും നാടാകെ അമ്പരന്നു. അത്ര നിസാരക്കാരനായിരുന്നില്ല അതിഥി (Eagle found with GPS). ശരിരത്തിൽ ജിപിഎസ് ഘടിപ്പിച്ച ഒരു കഴുകൻ. സംഭവം നടന്നത് അങ്ങ് തമിഴ്നാട്ടിലാണ്. കടലൂർ ജില്ലയിലെ പണ്രുട്ടിക്ക് അടുത്ത ഗണിസപ്പാക്കം ഭാഗത്താണ് ജിപിഎസ് ഉപകരണവുമായി കറങ്ങിനടന്ന കഴുകനെ കണ്ട് പൊതുജനം അകെ അമ്പരന്നത്. ഇവയെ ചാരവൃത്തിക്ക് അയച്ചതാണോ എന്ന സംശയം പലരിലും ഉടലെടുത്തിട്ടുണ്ട്. അന്ന് വരെ സമീപ പ്രദേശങ്ങളിൽ കണ്ടിട്ടില്ലാത്ത കഴുകൻ എവിടെ നിന്ന് വന്നതാകും എന്ന ആശങ്കയിലാണ് ഒരു ഗ്രാമം മുഴുവനും.
ഡിസംബർ 24 ന് പുലർച്ചെ കടലൂർ ജില്ലയിലെ പൻരുട്ടിക്ക് സമീപം കണിശപ്പാക്കം പഞ്ചായത്തിലെ ചിത്തിരൈസവാടി ഗ്രാമത്തിലെ വീടുകളുടെ പരിസരത്താണ് കഴുകനെ ആദ്യം കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ഒരിനം കഴുകാനാണ് ഇവയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴുകൻ്റെ കാലിൽ ഒരു പ്ലാസ്റ്റിക് സ്ട്രാപ്പും പുറകിൽ ഒരു ചിപ്പും ഘടിപ്പിച്ച നിലയിലായിരുന്നു. കഴുകനെ നിരീക്ഷിക്കാൻ ജിപിഎസ് ഉപകരണം ഘടിപ്പിച്ചതായി പ്രദേശത്ത് അഭ്യൂഹം പരന്നു. പലരും കഴുകനെ പിടികൂടുവാൻ ശ്രമിച്ചിരുന്നു എങ്കിലും സാധിച്ചില്ല. പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ വനംവകുപ്പ് ജീവനക്കാർ എത്തിയിരുന്നില്ല. ഒടുവിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ കഴുകൻ അവിടെ നിന്ന് പറന്നുപോയിരുന്നു.
ഇത് സംബന്ധിച്ച പ്രദേശ വാസികളുടെ അനുമാനങ്ങൾ വ്യത്യസ്തമാണ്. കഴുകനെ നേരിട്ട് കണ്ടവരുടെ അഭിപ്രായത്തിൽ കഴുകൻ ഒരു പക്ഷെ സുഖമില്ലാത്തതു കൊണ്ടാവാം ഈ ഭാഗത്തേക്ക് വന്നത് എന്നും, വളരെ ക്ഷീണിതനായിയാണ് കഴുകനെ കാണപ്പെട്ടതെന്നും പറയുന്നു. കഴുകൻ്റെ ശരീരത്തിൽ നിരീക്ഷണത്തിനായി ജിപിഎസ് ഉപകരണം ഘടിപ്പിച്ചിട്ടുണ്ടോ അതോ ചാരവൃത്തിക്കായി വിദേശികൾ അയച്ചതാണോ എന്ന സംശയവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
സംഭവത്തെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ മറുപടി വ്യത്യസ്തവും ആശ്വാസജനകവുമാണ്. വിദേശ രാജ്യങ്ങളിൽ കഴുകൻ്റെ കാലുകളിലും പിൻഭാഗത്തും അവയുടെ ചലനം നിരീക്ഷിക്കാൻ ജിപിഎസ് ഉപകരണങ്ങൾ സ്ഥാപിക്കാറുണ്ട്. അതുകൊണ്ട് ഈ കഴുകൻ ഏതെങ്കിലും വിദേശ രാജ്യത്ത് നിന്നും പറന്നെത്തിയതാകാം. ഇതു സംബന്ധിച്ച് വനംവകുപ്പും പോലീസും അന്വേഷണം നടത്തിവരികയാണ്. ജിപിഎസ് ഉപകരണവുമായി നാട് ചുറ്റിയ കഴുകന്റെ വാർത്ത ഗ്രാമത്തെ അകെ ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്. ചാരനാണോ അതിഥിയാണോ എന്ന കണ്ടു തന്നെ അറിയാം.