
കൊച്ചി: ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയ നടൻ സിദ്ദിഖിൻ്റെ മകൻ്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തത് തന്നെയാണെന്ന് വ്യക്തമായി.(Siddique's son's friends were in SIT's custody)
നടൻ്റെ മകനായ ഷഹീൻ്റെ സുഹൃത്തുക്കളെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത് സിദ്ദിഖിൻ്റെ കേസ് അന്വേഷിക്കുന്ന എസ് ഐ ടിയാണ്. നീക്കം സമ്മർദ്ദ തന്ത്രത്തിൻ്റെ ഭാഗമായാണെന്നാണ് വിവരം.
തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ലാറ്റുകളിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത് നാഹി, പോൾ എന്നിവരെയാണ്. ഇന്ന് പുലർച്ചെ 4.15നും 5.15നുമിടയിലായിരുന്നു സംഭവം.
ശേഷം ഇരുവരെയും കോസ്റ്റൽ എസ് പിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. മൊഴിയെടുക്കാനാണ് ഇവരെ കൊണ്ടുവന്നതെന്ന് പറഞ്ഞ എസ് ഐ ടി, നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചെന്നും അറിയിച്ചു.
അതേസമയം, യുവാക്കളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരുവരുടെയും കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിട്ടുണ്ടായിരുന്നു. തങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവർ പ്രതികരിച്ചത്. അതിനാൽ, യുവാക്കളെ തട്ടിക്കൊണ്ടു പോയതായി പരാതി നൽകാൻ ഒരുങ്ങുകയായിരുന്നു കുടുംബം.
ഈയവസരത്തിലാണ് ഇവരെ വിട്ടയക്കുകയാണെന്ന് വ്യക്തമാക്കി എസ് ഐ ടി രംഗത്തെത്തിയത്.