
ഭക്തിയും പ്രകൃതിയും മനുഷ്യ ജീവന്റെ ഏറെ പ്രാധാന്യമേറിയ ഘടകങ്ങളാണ്. പ്രകൃതിയും മനുഷ്യനും സംഗമിക്കുമ്പോൾ ഭക്തി ഉടലെടുക്കുന്നു അവിടെ ദൈവ ചൈതന്യം വെളിപ്പെടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ ഒരു കാവുണ്ട് പ്രകൃതിയും മനുഷ്യനും ദേവിയും ഒരു പോലെ സംഗമിക്കുന്ന ഇരിങ്ങോൾ കാവ് (Iringole Kavu). സാംസ്കാരിക പരമായും ഐതിഹ്യ പരമായും ഏറെ പ്രാധന്യമുള്ള കാവുകൂടിയാണിത്. കാവിന്റെ പ്രസിദ്ധി വാനോളം ഉയർത്തുന്ന നിരവധി വ്യത്യസ്തമായ ആചാരങ്ങളും, ആരെയും ആശ്ചര്യപ്പെടുത്തുന്ന വിശ്വാസങ്ങളുടെയും ഒരു കലവറ കൂടിയാണ് ഈ കാവ്.
പെരുമ്പാവൂർ പട്ടണത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകലെയാണ് ഇരിങ്ങോൾ കാവ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ഈ കാവിനെ കണക്കാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്ന് എന്ന സവിശേഷതയും ഈ കാവിനുണ്ട്.
ഇരിങ്ങോൾ കാവിന്റെ ഏറ്റവും ആകർഷണീയമായ സവിഷശേഷത കാവിനു ചുറ്റും 50 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന കാടാണ്. വടവൃക്ഷങ്ങൾ കാവലായി നിൽക്കുന്ന കാടിന്റെ നടുവിലാണ് ക്ഷേത്രം, ക്ഷേത്രത്തിനുള്ളിൽ കാടിനു കാവലായി ദേവിയും കുടികൊള്ളുന്നു. ദേവഗണങ്ങൾ വടവൃക്ഷങ്ങളായി ദേവിയ്ക്ക് കാവലായി നിലകൊള്ളുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മരങ്ങളിൽ നിന്ന് ചില്ലകൾ ഒടിഞ്ഞു വീണാൽ പോലും ആരും തന്നെ അത് എടുക്കാറില്ല. മരങ്ങളുടെ ഇലകളും ചില്ലകളും മണ്ണിനോട് തന്നെ ചേർന്ന് ഇല്ലാതെയാവുകയാണ്, മണ്ണിൽ നിന്ന് മണ്ണിലേക്ക്…
നാഗഞ്ചേരി മനയ്ക്ക് കീഴിലുണ്ടായിരുന്ന നിരവധി കാവുകളിൽ ഒന്നായിരുന്നു ഇത്. ഒരാൾക്ക് 15 ഹെക്ടറിൽ കൂടുതൽ ഭൂമി പതിച്ചുനൽകാൻ പാടില്ലെന്ന വ്യവസ്ഥയിൽ കേരള സർക്കാർ 1963ൽ ഭൂപരിഷ്‌കരണ നിയമം പാസാക്കിയപ്പോൾ, മനയുടെ ചുമതല വഹിച്ചിരുന്ന വാസുദേവൻ നമ്പൂതിരിയാണ് 1980ൽ ഇരിങ്ങോൾ കാവ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയത്. നിലവിൽ ഇരിങ്ങോക്കാവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്.
കേരളത്തിലുള്ള മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വൈവിധ്യമാർന്ന ആചാരങ്ങൾ ഇവിടെ അനുഷ്ഠിക്കുന്നു. ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്‌ഠ ദേവിയാണ്. രാവിലെ സരസ്വതിയിൽ നിന്ന് ഉച്ചകഴിഞ്ഞ് വനദുർഗയിലേക്കും പിന്നീട് വൈകുന്നേരം ഭദ്രകാളിയിലേക്കും ദേവി ഭാവം മാറുന്നതായി വിശ്വസിക്കുന്നു. ശർക്കരയാണ് പ്രധാന നിവേദ്യം. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പിടിയാനകൾ മാത്രമാണ് ഉത്സവത്തിൽ പങ്കെടുക്കുന്നത്. മീനമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിലാണ് ആറാട്ട്. ഈ ക്ഷേത്രത്തിന്റെ ആറാട്ടിന് സവിശേഷമായ പ്രത്യേകതയുണ്ട്, സാധരണയായി ക്ഷേത്രങ്ങളിൽ ആറാട്ട് ഒരു ദിവസം മാത്രമാണ് എന്നാൽ ഇവിടെ ഉത്സവത്തിന് കൊടിയേറി കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ആറാട്ടാണ്. പുനപ്രതിഷ്ഠ ദിനവും ത്രിക്കാർത്തികയും വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളാണ്. ക്ഷേത്രത്തിലെ ദേവിയെ ബാലിക രൂപത്തിൽ സങ്കല്പിച്ചിരിക്കുന്നതുകൊണ്ട് ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താറില്ല. കൂടാതെ കെട്ടുനിറ, രാമായണ പാരായണവും ക്ഷേത്രത്തിൽ നടത്താറില്ല.
മണമില്ലാ പൂക്കൾ
50 ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന കാട്ടിൽ സുഗന്ധമുള്ള ഒരു പൂവ് പോലും പൂക്കാറില്ല എന്നതും അതിശയം തന്നെയാണ്. ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന കാട്ടിൽ മണമുള്ള പൂക്കൾ ഒന്നും തന്നെ ഇല്ല, ദേവിയ്ക്ക് ഗന്ധം ഇഷ്ട്ടമല്ല എന്നതുകൊണ്ടാണ് കാട്ടിലെ ഒരു ചെടിയിലോ മരത്തിലോ ഗന്ധമുള്ള പൂക്കൾ പൂക്കാത്തത് എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പൂജ കർമ്മങ്ങൾക്കും ഗന്ധമുള്ള പൂക്കൾ ഉപയോഗിക്കാറില്ലത്രേ. ഇത് കൊണ്ട് തന്നെ ക്ഷേത്രത്തിന്റെ മറ്റു പൂജ ആവശ്യങ്ങൾക്കു പോലും ഗന്ധമുള്ള ഒരു വസ്തുവും ഉപയോഗിയ്ക്കാറില്ല. ക്ഷേത്രത്തിൽ സുഗന്ധമുള്ള പൂക്കൾ ചൂടി ആരും വരാറുമില്ല.
ഉപദേവതകൾ ഇല്ലാത്ത ക്ഷേത്രം
ലോകത്തിലുള്ള ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉപദേവതകൾ ഉണ്ടാകാറുണ്ട്. ചില ക്ഷേത്രങ്ങളിൽ ഒന്നോ, മറ്റു ചില ക്ഷേത്രങ്ങളിൽ മൂന്നിലധികവും. എന്നാൽ ഇവിടെ ഇരിങ്ങൾ കാവിൽ ഉപദേവതകളോ മറ്റു പ്രതിഷ്‌ഠകളോ ഇല്ല. ഇവിടെ ഗണപതി പ്രതിഷ്ഠയില്ലാത്തതിനാൽ എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്ന ഗണേശപൂജയും ഇവിടെ നടത്താറില്ല.
കാവിന്റെ ഐതിഹ്യത്തിലൂടെ
കൃഷ്ണസോദരിയാണ് ഇവിടുത്തെ ദേവത എന്നാണ് വിശ്വാസം. ദേവകിയുടെ എട്ടാമത്തെ കുട്ടി കംസന്റെ അന്ധകനാണ് എന്ന് ഭയത്തിൽ കംസൻ വസുദേവനെയും ദേവകിയെയും തടവിലാക്കി. അവരുടെ കുഞ്ഞുങ്ങളെ നിഷ്കരുണം കംസൻ കൊലപ്പെടുത്തി കൊണ്ടിരുന്നു. ഒടുവിൽ രോഹിണി നാളിൽ കൃഷ്ണൻ എട്ടാമനായി ജനിച്ചു. ദേവഹിത പ്രകാരം വസുദേവൻ ശ്രീകൃഷ്ണനെ അമ്പാടിയിലെ നന്ദഗോപനും യശോദയ്ക്കും കൈമാറി. അവരുടെ പെൺകുഞ്ഞുമായി വസുദേവൻ മഥുരയിലേക്ക് മടങ്ങി.
അടുത്ത ദിവസം ദേവകി എട്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത് അറിഞ്ഞ കംസൻ തടവറയിൽ എത്തുകയും ,കുഞ്ഞിനെ കൊല്ലുവാൻ തീരുമാനിക്കുന്നു. ദേവകി ജന്മം നൽകിയത് പെൺകുഞ്ഞാണ് എന്ന വസ്തുത കംസനെ തടഞ്ഞില്ല. കാലിൽ പിടിച്ച് കുഞ്ഞിനെ നിലത്തു അടിച്ചു കൊല്ലുവാൻ കംസൻ ശ്രമിച്ചപ്പോൾ കുഞ്ഞ് കംസൻ്റെ കൈകളിൽ നിന്ന് വഴുതി ആകാശത്തേക്ക് ഉയർന്നു. ആ പെൺകുഞ്ഞ് ദേവി രൂപിയായി മാറി. ദേവി ചൈതന്യം ഒരു നക്ഷത്രം പോലെ തിളങ്ങി. ഈ വെളിച്ചം വീണ സ്ഥലത്താണ് ദേവി കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയം, ആകാശത്ത് നിന്ന് ഒരു പുഷ്പവൃഷ്ടി ഉണ്ടാവുകയും. ഈ പുഷ്പവൃഷ്ടി ഭൂമിയിൽ ഇവിടെയാണ് പതിച്ചത്, തുടർന്ന് ഇതിന്റെ ഫലമായിട്ടാണ് വടവൃക്ഷങ്ങൾ മുളച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ദേവി ഉത്ഭവിച്ച കാവ് "ഇരുന്നോൾ" കാവും പിന്നെ ഇരിങ്ങോൾക്കാവായും അറിയപ്പെടുവാൻ തുടങ്ങി.
ക്ഷേത്രത്തിലെ ഉത്ഭവത്തെ സംബന്ധിച്ച മറ്റൊരു ഐതിഹ്യവും പ്രചരാണത്തിലുണ്ട്. കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി ഈ കാവിനെ കണക്കാക്കുന്നു. ക്ഷേത്രം പരശുരാമൻ നിർമ്മിച്ചതാണ് എന്ന മറ്റൊരു വിശ്വാസവും ഉണ്ട്.
ഇത്രയും വൈവിധ്യമാർന്ന ക്ഷേത്രവും ആചാരങ്ങളും മറ്റൊരിടത്തും ഉണ്ടാകില്ല. പ്രകൃതി കാവൽ നിൽക്കുന്ന ക്ഷേത്രം, ക്ഷേത്രത്തിലെ ദേവി ലോകത്തെ കാക്കുന്നു. പ്രകൃതിയും ദൈവങ്ങളും തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ മനോഹരമായ തെളിവാണ് കാടിനു നടുവിൽ വസിക്കുന്ന ഇരിങ്ങോൾ ദേവിയും, ദേവിയുടെ കാടും.