
കൊച്ചി: പാലക്കാട്ടെ തോൽവിയുമായി ബന്ധപ്പെട്ട് ബി.ജെ.പിയിൽ ഉടലെടുത്ത പൊട്ടിത്തെറിയെക്കുറിച്ച വാർത്തകൾ സംബന്ധിച്ച് മാധ്യമങ്ങളോട് കയർത്ത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. 'ബി.ജെ.പിയും എൻ.ഡി.എയും എന്താണെന്ന് അറിയാത്ത വിധത്തിലാണ് മാധ്യമങ്ങൾ മൂന്നുദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നതെന്ന് സുരേദ്രൻ പറഞ്ഞു. ( K. Surendran)
അവർ നിരാശരാകേണ്ടിവരും. നിങ്ങൾ പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല. സജീവാംഗത്വത്തെക്കുറിച്ചും പ്രാഥമികാംഗത്വത്തെക്കുറിച്ചും മാത്രമാണ് യോഗം ചർച്ച ചെയ്യുന്നതെന്നും'' കൊച്ചിയിൽ സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മഹാരാഷ്ട്രയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയെക്കുറിച്ചും ചേലക്കരയിൽ കോൺഗ്രസ് തോറ്റമ്പിയതിനെക്കുറിച്ചും മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
15 വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി. മുരളീധരൻ രാജ്യസഭാംഗത്വം നഷ്ടമായതിനെത്തുടർന്ന് സംസ്ഥാന അധ്യക്ഷസ്ഥാനം പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? – അദ്ദേഹം ചോദിച്ചു