

പുരുഷാധിപത്യ സംവിധാനത്തിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി. പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് ലോകത്തെല്ലായിടത്തും പല നിയമങ്ങളുണ്ട്. ഇതൊക്കെ ആരാണ് തീരുമാനിക്കുന്നതെന്നാണ് താരം ചോദിക്കുന്നത്. 'വിവാഹ പ്രായം എന്നൊന്നില്ല. വിവാഹം കഴിക്കേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടികൾ തന്നെയായിരിക്കണം' എന്നും താരം പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പെൺകുട്ടികൾ മാത്രമല്ല നേരിടുന്നതെന്നും ആണ്‍കുട്ടികള്‍ക്കുമുണ്ടെന്നും എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നതു പോലുമില്ലെന്നും ജുവല്‍ മേരി പറയുന്നു. പെൺകുട്ടികളെ നായ്ക്കളെ പോലെ പെരുമാറാനാണ് വീടുകളിൽ പരിശീലിപ്പിക്കുന്നത്. എന്നാൽ അത് അല്ല വേണ്ടതെന്നും പൂച്ചയുടെ ആറ്റിറ്റിയൂഡ് ആയിരിക്കണമെന്നും ജുവൽ മേരി പറയുന്നു.
ഏത് പ്രായത്തിലാണ് പെൺകുട്ടികൾ വിവാഹ കഴിക്കണമെന്നത് സംബന്ധിച്ച് ലോകത്ത് എല്ലായിടത്തും പലവിധ നിയമങ്ങളാണുള്ളത്. ഏഴ് വയസ് മുതൽ വിവാഹ കഴിപ്പിക്കാമെന്ന് പറയുന്നവരുണ്ട്. ഒമ്പത് വയസ് നിയമപരമായി കല്യാണ പ്രായമാക്കണം എന്ന് പറയുന്ന രാജ്യങ്ങളുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. എപ്പോൾ വിവാഹ കഴിക്കണം എന്ന് പെൺകുട്ടികളാണ് തീരുമാനിക്കേണ്ടത്. വിവാഹം ഉള്ളിൽ നിന്നുള്ള തോന്നലാണെന്നാണ് താരം പറയുന്നത്.
"സ്ത്രീകൾ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. എന്നാൽ അവർ പോലും അറിയാതെ അവർ ഈ സിസ്റ്റത്തിന്റെ കുഴിയിൽ വീഴുകയാണ്. അവര്‍ ഒരു പ്രായമാകുമ്പോഴേക്കും ജോലി ചെയ്ത് സമ്പാദിച്ച് വിവാഹം കഴിക്കണം, ആ പെണ്ണിനെ നോക്കണം, കുട്ടികളെ നോക്കണം, അച്ഛനേയും അമ്മയേയും നോക്കണം, വീട് വെക്കണം, ലോണെടുക്കണം, കാറ് വാങ്ങിക്കണം, ഈ ചെലവും ബാധ്യതയുമൊക്കെ പുരുഷന്മാരുടെ തലയില്‍ കൊണ്ടിടുകയാണ്." - താരം പറയുന്നു.
സ്ത്രീധനം ഇല്ലെന്ന് പറയുന്നത് വെറുതെയാണെന്നും എല്ലായിടത്തും അത് ഉണ്ടെന്നും താരം പറയുന്നു. വളകാപ്പിന് മാത്രമാണ് കുപ്പിവളകൾ ഇടാൻ സമ്മതിക്കുന്നത്. അല്ലാത്തപ്പോഴെല്ലാം സ്വര്‍ണം വേണം. തനിക്ക് അറിയുന്ന പെൺകുട്ടികളോട് പറയുന്ന കാര്യമുണ്ട്. പെണ്‍കുട്ടികളെ വീട്ടിലെ പട്ടിയാകാനാണ് പരിശീലിപ്പിക്കുക. വാലാട്ടി നില്‍ക്കണം, യജമാനന്‍ വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം എന്നാണ് പരിശീലിപ്പിക്കുന്നത്. എന്നാൽ സ്ത്രീകൾ പൂച്ചയായിരിക്കണമെന്നാണ് താരം പറയുന്നത്. പൂച്ചയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ലെന്നും താരം പറയുന്നു.