

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ വരാനിരിക്കുന്ന ചിത്രം കങ്കുവ ഒക്ടോബർ 10 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ സംവിധായകനും എഴുത്തുകാരനുമായ ശിവയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.
ബോബി ഡിയോൾ, ദിഷ പടാനി, ജഗപതി ബാബു, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, കോവൈ സരള, ആനന്ദരാജ്, ജി മാരിമുത്തു, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ, രവി രാഘവേന്ദ്ര, ബി എസ് അവിനാഷ്, ദീപ വെങ്കട്ട് എന്നിവരും കങ്കുവയിൽ അഭിനയിക്കുന്നു. ദിഷ പടാനിയുടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
രണ്ട് ഭാഗങ്ങളായി നിർമ്മിക്കുന്ന ഫാൻ്റസി പീരിയഡ് ആക്ഷൻ ഫിലിം ഒന്നിലധികം കാലഘട്ടങ്ങളിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ ഒരു ടീസറിൽ, ബോബി ഡിയോൾ അവതരിപ്പിക്കുന്ന പ്രതിനായകനെതിരെ സൈന്യത്തെ നയിക്കുന്ന കങ്കുവ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.
സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന കങ്കുവയുടെ ഛായാഗ്രഹണം വെട്രി പളനിസാമിയും എഡിറ്റിംഗ് നിഷാദ് യൂസഫും നിർവഹിക്കും. 38 ഭാഷകളിൽ 3D, IMAX പതിപ്പുകളിൽ ചിത്രം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.