
ഹണി റോസ് ബോഡി ഷെയ്മിംഗ് കേസിൽ ബോബി ചെമ്മണ്ണൂർ ജയിലിലായതിൽ അതൃപ്തി അറിയിച്ച് റിയാലിറ്റി ഷോ താരം ഷിയാസ് കരീം. ബോഡി ഷെയ്മിങ്ങിൻ്റെ പേരിൽ ഒരാളെ ജയിലിലേക്ക് അയക്കണോ എന്ന് ചോദിച്ച ഷിയാസ്, അതിൻ്റെ ആവശ്യമില്ലെന്ന് തനിക്ക് തോന്നുന്നുവെന്നും കൂട്ടിച്ചേർത്തു. തൻ്റെ പ്രവൃത്തിയിൽ ബോബി ചെമ്മണ്ണൂർ ക്ഷമാപണം നടത്തിയെന്നും ഹണി റോസ് തന്നോട് ക്ഷമിക്കാൻ തയ്യാറാണെങ്കിൽ അനുരഞ്ജനത്തിന് ഇടം നൽകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും പോലെയുള്ള കൊടും കുറ്റവാളികൾ ജയിലിൽ കിടക്കാൻ അർഹരാണെന്നും അത്തരം വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നുവെന്നും ഷിയാസ് ഊന്നിപ്പറഞ്ഞു.
ബോബി ചെമ്മണ്ണൂരിനെ കൈകാര്യം ചെയ്ത രീതിയെയും ഷിയാസ് വിമർശിച്ചു, പ്രത്യേകിച്ച് കഴുത്തിൽ പിടിച്ച് തള്ളിയത് ഷിയാസിന് അസ്വസ്ഥത ഉണ്ടാക്കി. ബോബി ഗുരുതരമായ കുറ്റകൃത്യം ചെയ്തിട്ടില്ലെന്നും സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യങ്ങൾ ചിലപ്പോൾ മുതലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷിയാസിൻറെ വാക്കുകൾ :
'എനിക്ക് ഭയങ്കര വിഷമം തോന്നി. ഇതു വലിയ വിഷയം ആണോ എന്ന് ചോദിച്ചാൽ സ്ത്രീകളെ സംബന്ധിച്ച് അതൊരു വിഷയം തന്നെയാണ്. പക്ഷേ ഈ ലോകം സ്ത്രീകളും പുരുഷന്മാരും ഒക്കെ തിങ്ങി നിറഞ്ഞു ജീവിക്കുന്ന സ്ഥലമാണ്. രണ്ടുപേരും ഇക്വാലിറ്റിക്ക് വേണ്ടിയാണല്ലോ ഇവിടെ മത്സരിക്കുന്നത്. അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വിട്ടുവീഴ്ച ചെയ്യണം. ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്. ഒരു വ്യക്തിയെ വേറൊരു വ്യക്തിയെ കൊണ്ട് നന്നാക്കാൻ ഈ ലോകത്ത് പറ്റില്ല. പിന്നെ അയാൾ ജയിലിൽ പോയി. അതിനോടൊന്നും ഞാൻ യോജിക്കുന്നില്ല. കാര്യം ഇവിടെ കൊലപാതകം ചെയ്ത ആളുകൾ പോലും ജയിലിൽ പോകുന്നില്ല. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളെ പിടിച്ചാൽ പോലും ജയിലിൽ പോകുന്നില്ല. ഒരാളെ കൊല്ലുന്നതോ അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതോ ഇതൊക്കെയാണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ വിഷയം എന്ന് ഞാൻ വിശ്വസിക്കുന്നു.