
സ്കൂൾ വിദ്യാഭ്യാസ കാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും കഥപറഞ്ഞ ചിത്രമായിരുന്നു 'ദേശാടനക്കിളി കരയാറില്ല'. 1986ൽ പത്മരാജൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ സാലിയായി ശാരിയും നിമ്മിയായി കാർത്തികയുമാണ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ നാല് പതിറ്റാണ്ടിനിപ്പുറം സാലിയും നിമ്മിയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ചിത്രത്തിന്‍റെ തിരക്കഥയുടെ കവർ റിലീസിനാണ് ശാരി എത്തിയത്. തിരുവനന്തപുരത്ത് കാര്‍ത്തികയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ദേശാടനക്കിളികളുടെ കണ്ടുമുട്ടലിന് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മിയും സാക്ഷിയായി.
പത്മരാജന്റെ മകൻ അനന്ത പത്മനാഭനും ശാരിയ്ക്കും കാർത്തികയ്ക്കുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 1985 ന് ശേഷം ഇന്ന് അവർ ആദ്യമായി കണ്ടു. നിമ്മിയും സാലിയും, "ദേശാടനക്കിളി കരയാറില്ല" തിരക്കഥയുടെ കവർ റിലീസിന്- എന്നാണ് പത്മനാഭൻ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.