
നടൻ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം. രമ്യ മോഹൻ എന്ന യുവതിയാണ് സമൂഹമാധ്യമമായ എക്‌സിലൂടെ താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തന്റെ സുഹൃത്തായ യുവതിയെ വിജയ് സേതുപതി വർഷങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, യുവതി ഇപ്പോൾ മാനസിക നില വീണ്ടെടുക്കുകയാണെന്നും രമ്യ ആരോപിക്കുന്നു. എന്നാൽ, സംഭവം ചർച്ചയായതോടെ രമ്യ ഈ പോസ്റ്റ് പിൻവലിച്ചു.
”കോളിവുഡിലെ മയക്കുമരുന്ന് – കാസ്റ്റിങ് കൗച്ച് സംസ്‌കാരം തമാശയല്ല. എനിക്ക് അറിയാവുന്ന, മീഡിയയിൽ അറിയപ്പെടുന്നൊരു പെൺകുട്ടി അവൾക്ക് പരിചിതമില്ലാത്തൊരു ലോകത്തേക്ക് വലിച്ചിടപ്പെട്ടു. അവൾ ഇപ്പോൾ മാനസിക നില വീണ്ടെടുക്കുകയാണ്. മയക്കുമരുന്നും വഞ്ചനയും ചൂഷണവുമെല്ലാം ഈ ഇൻഡസ്ട്രിയിൽ സാധാരണയാണ്. വിജയ് സേതുപതി കാരവൻ ഫേവേഴ്‌സിനായി രണ്ട് ലക്ഷവും ഡ്രൈവർമാർക്ക് 50,000 രൂപയും വാഗ്ദാനം ചെയ്തു. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുകയാണ്. ഇയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥയല്ല. ഒരുപാടുണ്ട് പറയാൻ. എന്നിട്ടും ഇത്തരക്കാരെ മീഡിയ പുണ്യാളരായി ആരാധിക്കുകയാണ്. ഡ്രഗ് – സെക്‌സ് നെക്‌സസ് (മയക്കുമരുന്ന്-ലൈംഗിക ബന്ധം) യാഥാർത്ഥ്യമാണ്. തമാശയല്ല.” - എന്നായിരുന്നു രമ്യയുടെ ട്വീറ്റ്.
ട്വീറ്റ് പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ വൻ ചർച്ചയായി. രമ്യയുടെ ആരോപണത്തെ അനുകൂലിച്ചും എതിർത്തും നിരവധിപേർ രംഗത്തെത്തി. എതിർപ്പ് രേഖപ്പെടുത്തിയവരോട് ‘സത്യത്തെ അംഗീകരിക്കുന്നതിന് പകരം സോഴ്‌സിനെ ചോദ്യം ചെയ്യുകയും ഇരയെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്’ എന്ന് രമ്യ മറുപടിയും നൽകിയിരുന്നു. പെൺകുട്ടിയുടെ ഫോണിലെ ചാറ്റുകളും, ഡയറിയുമെല്ലാം പരിശോധിച്ചപ്പോഴാണ് കുടുംബം സംഭവം അറിയുന്നതെന്നും, ഇത് തമാശയല്ല ആ പെൺകുട്ടിയുടെ ജീവിതമാണെന്നും രമ്യ മറ്റൊരു ട്വീറ്റിൽ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ രമ്യ ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
ട്വീറ്റ് ഡിലീറ്റ് ചെയ്തതിനുള്ള കാരണവും രമ്യ തന്നെ പറയുന്നുണ്ട്. "തന്റെ ട്വീറ്റ് ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നില്ല. ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട്. പെൺകുട്ടിയുടെ ജീവിതത്തേയും സ്വകാര്യതയേയും മാനിച്ചുകൊണ്ടാണ് താൻ ട്വീറ്റ് ഡിലീറ്റ് ചെയ്തത്." രമ്യ പറഞ്ഞു. അതേസമയം, ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.