ന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹർജിയിൽ വാദം കേൾക്കുക.(Personality rights should be protected, Actor Mohanlal’s petition in Delhi High Court today)
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പെടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാണ് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് താരം കോടതിയെ സമീപിച്ചത്.
പരസ്യങ്ങൾ, ഉൽപ്പന്നങ്ങൾ, നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിൽ അനുമതിയില്ലാതെ താരത്തിന്റെ വ്യക്തിമുദ്രകൾ ഉപയോഗിക്കുന്നത് നിരോധിക്കണം എന്നാണ് ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, അനിൽ കപൂർ എന്നിവർ കോടതിയെ സമീപിക്കുകയും അവർക്ക് അനുകൂലമായ ഉത്തരവുകൾ ലഭിക്കുകയും ചെയ്തിരുന്നു.

