
ചെന്നൈ: തമിഴ് സിനിമാ മേഖലയിലും 'ഹേമ കമ്മറ്റി റിപ്പോർട്ട് ' ഇഫക്ട് . ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം (nadigar sangam)തീരുമാനിച്ചതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് (Tamil actors body to form panel to probe sexual harassment complaints). ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപവത്കരിക്കാനും സംഘടനാ തീരുമാനിച്ചു. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത് .
ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോണ്‍ നമ്പറും ഏര്‍പ്പെടുത്തും. ദുരനുഭവം നേരിടുന്നവർക്ക് ഇതിലൂടെ പരാതികള്‍ അറിയിക്കാം. പരാതികള്‍ സൈബര്‍ പോലീസിന് കൈമാറുകയും കൂടാതെ അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും നടികര്‍സംഘം ഉറപ്പാക്കുകയും ചെയ്യും.
അതേസമയം , പരാതികള്‍ ആദ്യംതന്നെ നടികര്‍സംഘത്തിന് നല്‍കാതെ മാധ്യമങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന മുന്നറിയിപ്പുമുണ്ട്. ബുധനാഴ്ച രാവിലെ 11-നാണ് നടികര്‍ സംഘത്തിന്റെ യോഗം ചെന്നൈയില്‍ ചേര്‍ന്നത്. നടന്മാരായ നാസര്‍ (പ്രസിഡന്റ്), വിശാല്‍ (സെക്രട്ടറി), കാര്‍ത്തി (ട്രഷറര്‍) എന്നിവരാണ് നടികര്‍ സംഘത്തിന്റെ തലപ്പത്തുള്ളത്.