മുംബൈ: ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയ ഗായിക ആശാ ഭോസ്ലെ (92) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ഞായറാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.(Music legend Asha Bhosle and the family legacy)
തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ലോവർ പാരലിലെ ‘കാസ ഗ്രാൻഡെ’ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്ന് മകൻ ആനന്ദ് ഭോസ്ലെ അറിയിച്ചു. നെഞ്ചിലെ അണുബാധയെയും കടുത്ത തളർച്ചയെയും തുടർന്ന് ശനിയാഴ്ചയാണ് അവരെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സംഗീതത്തിന്റെ ഗതി നിർണ്ണയിച്ച ഒരു വലിയ കുടുംബത്തിന്റെ കണ്ണിയായിരുന്നു ആശാ ഭോസ്ലെ. പ്രശസ്ത ക്ലാസിക്കൽ ഗായകനും നാടക കലാകാരനുമായിരുന്ന ദീനനാഥ് മങ്കേഷ്കറാണ് ഈ സംഗീത പാരമ്പര്യത്തിന്റെ അടിത്തറ പാകിയത്.
ലതാ മങ്കേഷ്കർ എന്ന സംഗീത ഇതിഹാസത്തിനൊപ്പം ഉഷാ മങ്കേഷ്കർ, മീനാ ഖാദികർ, സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ എന്നിവരായിരുന്നു ആശയുടെ സഹോദരങ്ങൾ. ഗണപത്റാവു ഭോസ്ലെയുമായുള്ള ആദ്യ വിവാഹത്തിൽ ഹേമന്ത്, ആനന്ദ്, വർഷ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. പിന്നീട് പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമ്മനുമായി അവർ വിവാഹിതയായി. ഇവരുടെ സംഗീത കൂട്ടുകെട്ട് ബോളിവുഡ് ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്.
മക്കളായ വർഷയുടെയും ഹേമന്തിന്റെയും വേർപാട് ആശയ്ക്ക് വലിയ ആഘാതമായിരുന്നു. എങ്കിലും പാരമ്പര്യം നിലനിർത്തിക്കൊണ്ട് കൊച്ചുമകൾ ജനായ് ഭോസ്ലെ ഇപ്പോൾ കലാരംഗത്ത് സജീവമാണ്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലൂടെ ആയിരക്കണക്കിന് ഗാനങ്ങൾ സമ്മാനിച്ച ആശാ ഭോസ്ലെയുടെ വിയോഗം ഇന്ത്യൻ സംഗീതത്തിന് നികത്താനാവാത്ത നഷ്ടമാണ്. ക്ലാസിക്കൽ സംഗീതത്തിന്റെ വേരുകളിൽ തുടങ്ങി സിനിമാ സംഗീതത്തിന്റെ നെറുകയിൽ എത്തിയ ആ ശബ്ദം ഇനി തലമുറകൾക്ക് പ്രചോദനമായി അവശേഷിക്കും.

