69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് സമ്മാനിച്ചു; മലയാളത്തില്‍ മമ്മൂട്ടി മികച്ച നടന്‍; 2018 മികച്ച ചിത്രം

69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ്‌സ് സൗത്ത് സമ്മാനിച്ചു; മലയാളത്തില്‍ മമ്മൂട്ടി മികച്ച നടന്‍; 2018 മികച്ച ചിത്രം
Published on

കമാര്‍ ഫിലിം ഫാക്ടറിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച 69-ാമത് ശോഭ ഫിലിംഫെയര്‍ അവാര്‍ഡ് സൌത്ത് 2024 അവാര്‍ഡ്‌സില്‍ മികച്ച മലയാള ചിത്രമായി 2018ഉം സംവിധായകനായി 2018ന്റെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായപ്പോല്‍ രേഖയിലെ നായികാവേഷത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായി. ഹൈദരാബാദിലെ ജെആര്‍സി കണ്‍വെന്‍ഷന്‍ ജൂബിലി ഹില്‍സില്‍ നടന്ന അവാര്‍ഡ്‌നിശയില്‍ മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമാ മേഖലയിലെ പ്രതിഭകള്‍ക്കും വിവിധ അവാര്‍ഡുകള്‍ സമ്മാനിച്ചു. ദസറയിലെ പ്രകടനത്തിന് നാനിയും പൊന്നിയിന്‍ സെല്‍വന്‍-ഭാഗം 2-ലെ പ്രകടനത്തിന് വിക്രമും സപ്ത സാഗരദാചെ എല്ലോയിലെ പ്രകടനത്തിന് രക്ഷിത് ഷെട്ടിയുമാണ് മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലെ അവാര്‍ഡുകള്‍ നേടിയത്. തന്റെ 15-ാമത്തെ ഫിലിംഫെയര്‍ പുരസ്‌കാരമാണിതെന്ന് അവാര്‍ഡ് സ്വീകരിച്ച് മമ്മൂട്ടി പറഞ്ഞു. തെലുങ്കിലെ മികച്ച പിന്നണിഗായികയ്ക്കുള്ള പുരസ്‌കാരം ശ്വേത മോഹന് സമ്മാനിച്ചത് അമ്മ സുജാത മോഹന്‍. താരകുടുംബത്തിലെ അഞ്ചാമത്തെ ഫിലിംഫെയര്‍ പുരസ്‌കാരമാണിത്.

പുരുഷപ്രേതത്തിലെ പ്രകടനത്തിന് ജഗദീഷ് മികച്ച മലയാളത്തിലെ സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നേരിലെ അഭിനയത്തിന് അനശ്വര രാജനും തുറമുഖത്തിലെ മികച്ച പ്രകടനത്തിന് പൂര്‍ണിമ ഇന്ദ്രജിത്തും മികച്ച സഹനടി അവാര്‍ഡ് പങ്കിട്ടു. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിച്ച ആര്‍ഡിഎക്‌സ് മികച്ച മ്യൂസിക് ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. കാതല്‍ എന്ന ചിത്രത്തിലെ എന്നും എന്‍ കാവല്‍ എന്ന ഗാനം രചിച്ച അന്‍വര്‍ അലിയാണ് മികച്ച ഗാനരചയിതാവ്. ആര്‍ഡിഎക്‌സിലെ നീല നിലാവേ എന്ന ഗാനമാലപിച്ച കപില്‍ കപിലന്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തെ മുല്ല എന്ന ഗാനമാലപിച്ച് കെ എസ് ചിത്ര മികച്ച ഗായികക്കുള്ള അവാര്‍ഡ് നേടി. അവാര്‍ഡ്‌നിശയ്ക്ക് മാറ്റുകൂട്ടി റാഷി ഖന്ന, അപര്‍ണ്ണ ബാലമുരളി, സാനിയ ഇയ്യപ്പന്‍, ഗായത്രി ഭരദ്വാജ് എന്നിവരുടെ നൃത്തപരിപാടിയും അരങ്ങേറി.

Related Stories

No stories found.
Times Kerala
timeskerala.com