
കങ്കുവ എന്ന സിനിമ നടൻ സൂര്യയെ സംബന്ധിച്ച് വലിയ പരാജയമായിരുന്നു. ഏകദേശം 350 കോടി ബഡ്ജറ്റ് ഉണ്ടായിരുന്നിട്ടും, ചിത്രം ബോക്സോഫീസിൽ കഷ്ടപ്പെട്ടു, അതിൻ്റെ നിക്ഷേപം വീണ്ടെടുക്കാൻ പോലും കഴിഞ്ഞില്ല, പ്രത്യേകിച്ച് രണ്ടാം ആഴ്ചയിൽ. അതേസമയം, സൂര്യയ്ക്ക് പുതിയ തിരിച്ചടി. സൂര്യയെ നായകനാക്കി പ്ലാൻ ചെയ്തിരുന്ന ഇതിഹാസ ചിത്രം കർണൻ താൽക്കാലികമായി റദ്ദാക്കിയതായി റിപ്പോർട്ട് ഉണ്ട്.
ഉയർന്ന ബജറ്റിൽ ഒരുങ്ങേണ്ടിയിരുന്ന ചിത്രം വലിയ ബജറ്റ് ആയതിനാൽ ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത ഈ ചിത്രം രണ്ട് ഭാഗങ്ങളുള്ള പ്രൊജക്റ്റ് ആയിരിക്കുമെന്നും സൂര്യയുടെ ഒരു പ്രധാന ബോളിവുഡ് പ്രവേശനമാകുമെന്നും പ്രതീക്ഷിച്ചിരുന്നു. ചിത്രത്തിൽ ജാൻവി കപൂറിനെ ദ്രൗപതിയായി അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നിരുന്നാലും, പ്രൊജക്റ്റ് ഉപേക്ഷിച്ചു, നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.
ഫർഹാൻ അക്തറിൻ്റെ നേതൃത്വത്തിലുള്ള എക്സൽ എൻ്റർടൈൻമെൻ്റ് ചിത്രം നിർമ്മിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഉയർന്ന ചിലവ് കാരണം അവർ പിന്മാറി. മെഹ്‌റ കണ്ടെത്തിയ പുതിയ നിർമ്മാതാക്കളും പിന്മാറി. കങ്കുവയുടെ മോശം പ്രകടനമാണ് പദ്ധതിയെ ബാധിച്ചതെന്നാണ് കരുതുന്നത്.
അടുത്തിടെ മുംബൈയിലേക്ക് താമസം മാറിയ സൂര്യ ബോളിവുഡിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്, ഈ പ്രോജക്റ്റ് ആ ശ്രമത്തിൻ്റെ ഭാഗമായിരുന്നു. കങ്കുവയുടെ നിർമ്മാതാക്കളായ ഗ്രീൻ സ്റ്റുഡിയോയും ചിത്രത്തോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി താൽക്കാലികമായി റദ്ദാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.