

ലൈംഗികാരോപണ വിവാദം കത്തി നിൽക്കെ അജ്മല്‍ അമീറിനെതിരെ ശക്തമായ ആരോപണവുമായി തമിഴ് യുവ നടി രംഗത്ത്. 'ഓഡിഷനെന്ന പേരില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി' എന്നാണ് നടി നര്‍വിനി ദേരിയുടെ ആരോപണം. പഠനവും ജീവിതവും ഓര്‍ത്താണ് പോലീസില്‍ പരാതി നല്‍കാതിരുന്നതെന്നും നടി വ്യക്തമാക്കി. നര്‍വിനി നേരത്തെ ഇതിനെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ആരോപണം ആവര്‍ത്തിച്ചത്.
‘2018-ല്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ചെന്നൈയിലെ മാളില്‍വെച്ചാണ് അജ്മല്‍ അമീറിനെ ആദ്യമായി കാണുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്താണ് അയാളെ പരിചയപ്പെടുത്തിയത്. ഒരു ദിവസം ഒരു ഒഡീഷന് വരണമെന്ന് പറഞ്ഞ് അജ്മല്‍ വിളിച്ചു. എവിടെയാണ് കാണേണ്ടതെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം ഒരു ഹോട്ടലോ കോഫി ഷോപ്പോ അങ്ങനെന്തോ ആണ് പറഞ്ഞത്. ഊബര്‍ താഴെ നിര്‍ത്തിയിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ മുകളിലേക്ക് പോയത്. പോകുമ്പോള്‍ത്തന്നെ എനിക്കൊരു പന്തികേട് തോന്നിയിരുന്നു. ആ സ്ഥലം കണ്ടപ്പോള്‍ത്തന്നെ എനിക്ക് വല്ലാത്തൊരു അസ്വാഭാവികത തോന്നി." - നര്‍വിനി ദേരി പറഞ്ഞു.
"അയാള്‍ സംസാരിച്ചുകൊണ്ട് വന്ന് എന്റെ കൈയില്‍നിന്ന് നിന്ന് ബാഗെടുത്ത് കുറച്ചപ്പുറം വെച്ചിട്ട്, സംസാരിക്കാനെന്നോണം എന്റെ തൊട്ടടുത്തേക്ക് വന്നിരുന്നു. എന്നിട്ട് എന്റെ കൈ പിടിച്ച് പറഞ്ഞു, ‘വരൂ, നമുക്ക് ഡാന്‍സ് ചെയ്യാം, അടിച്ചുപൊളിക്കാം’ എന്ന്. ‘ഇല്ല, എനിക്കറിയാം നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന്. ഞാന്‍ അതിനല്ല ഇവിടെ വന്നത്. എനിക്ക് താല്പര്യമില്ല’, എന്ന് മറുപടി നല്‍കി. അപ്പോള്‍ അയാള്‍ പറയാന്‍ തുടങ്ങി, ‘നീയെന്താ ഈ പറയുന്നത്? ഞാന്‍ ഇത്ര ഹാന്‍സമായ ആളല്ലേ? എന്റെ പിന്നാലെ എത്ര പേരുണ്ട്? പെണ്‍കുട്ടികള്‍ക്കൊക്കെ എന്നെ ഒരുപാട് ഇഷ്ടമാണ്.’ എനിക്ക് നിങ്ങളെ ഒട്ടും ഇഷ്ടമല്ല’ എന്ന് ഞാന്‍ പറഞ്ഞു. എന്നാലും അയാള്‍ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. നിനക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ’ എന്ന് ഞാന്‍ പറഞ്ഞു.അവന്‍ വാതില്‍ തുറന്നപ്പോള്‍ ഞാന്‍ ഓടി പുറത്തിറങ്ങി."- നര്‍വിനി കൂട്ടിച്ചേർത്തു.