
വിവാദങ്ങൾക്ക് നടുവിലും മലയാളികൾ ഇഷ്ടപ്പെടുന്ന നടനാണ് ഷൈൻ ടോം ചാക്കോ. പുതിയൊരു മനുഷ്യനാകാനുള്ള തയ്യാറെടുപ്പിലാണ് ഷൈൻ ഇപ്പോൾ. ഇതിന്റെ ഭാഗമായി ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടതും പിതാവ് ചാക്കോ മരണപ്പെടുകയും ചെയ്തത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിരുന്നു. ഇപ്പോൾ പിതാവിന്റെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. പിതാവിന്റെ മരണത്തോടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് അമ്മയ്ക്കാണെന്നാണ് ഷൈൻ പറയുന്നത്. പിതാവ് തങ്ങളെ വിട്ട് എങ്ങോട്ടും പോയിട്ടില്ലെന്നും കൂടെ തന്നെയുണ്ടെന്നും ഷൈൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈനിന്റെ തുറന്നു പറച്ചിൽ.
സിഗരറ്റ് വലിക്ക് പകരം ബിസ്‌ക്കറ്റോ മറ്റ് എന്തെങ്കിലും കഴിക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്. യാത്രയിൽ താൻ കാറിന്റെ ബാക്ക് സീറ്റിലാണ് കിടന്നത്. ഇടയ്ക്ക് എഴുന്നേറ്റ് ഡാഡിയുടെ കൈയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങി കഴിച്ചുവെന്നും പിന്നെ താൻ കണ്ണ് തുറന്നു നോക്കുമ്പോൾ വണ്ടി ഇടിച്ച് കിടക്കുന്നതാണ് കണ്ടതെന്നുമാണ് ഷൈൻ പറയുന്നത്.
അതിനു ശേഷം ഡാഡി തങ്ങളോട് മിണ്ടിയിട്ടില്ല. എന്തിനാണ് നമ്മൾ ഈ റോഡിൽ കിടക്കുന്നത് എന്നാണ് അമ്മ ചോദിച്ചത്. തനിക്ക് അതുവരെ ആക്സിഡന്റ് ഒരു കാഴ്ചയായിരുന്നു. ആദ്യമായാണ് തനിക്ക് അപകടം സംഭവിക്കുന്നതെന്നും ഷൈൻ പറഞ്ഞു. മറ്റുള്ളവരുടെ മാതാപിതാക്കൾ മരിക്കുന്നത് തനിക്ക് വെറും വാർത്തയായിരുന്നു. എന്നാൽ, താൻ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും ഒന്ന് രക്ഷിക്കണേയെന്ന് പറഞ്ഞ് റോഡിൽ നിന്ന് താൻ കരഞ്ഞുവെന്നും ഷൈൻ പറയുന്നു.
ലഹരിമുക്തിയ്ക്കുവേണ്ടിയുള്ള മരുന്ന് കഴിക്കുന്നത് കാരണം നേരത്തെ കിടന്നു ഉറങ്ങുന്ന ശീലം ഉണ്ടായിരുന്നു. താൻ ഉറങ്ങാൻ വേണ്ടി പിതാവ് തന്നെ കൊണ്ട് വാഹനം ഓടിപ്പിക്കാറില്ലെന്നും ഡ്രൈവറെ വെക്കുമെന്നും നടൻ പറയുന്നു. ഡാഡിക്ക് പകരം തങ്ങളായിരുന്നു പോയിരുന്നതെങ്കില്‍ അത് അവര്‍ക്ക് താങ്ങാവുന്നതിലും അധികമാകുമായിരുന്നുവെന്നാണ് ഷൈൻ പറയുന്നത്. അത് മാതാപിതാക്കൾക്ക് അതിജീവിക്കാൻ സാധിക്കില്ല.
അപകടം നടന്ന ദിവസം മുതൽ മമ്മി, ഡാഡിയെ കുറിച്ച് ചോദിച്ചിരുന്നു. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല എന്ന് താൻ ഇടയ്ക്ക് പറയും. സ്‌ട്രെക്ച്ചറില്‍ കിടക്കുന്ന അവസ്ഥയായതിനാല്‍ അവസാനമായിപോലും ഡാഡിയെ നേരെ കാണാൻ മമ്മിക്ക് കഴിഞ്ഞിട്ടില്ല. മമ്മിക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് എന്നാണ് നടൻ പറയുന്നത്