
മലയാള സിനിമയ്ക്കുണ്ടായ താങ്ങാനാകാത്ത നഷ്ടമാണ് നടി കവിയൂർ പൊന്നമ്മയുടെ വിയോഗം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളുടെ അമ്മയായി, വാത്സല്യം നിറഞ്ഞ മുഖത്തെ ആ ചിരി മലയാളികൾക്ക് മറക്കാനാകില്ല.(Actor Mammootty on Kaviyoor Ponnamma's death)
മമ്മൂട്ടിയെ കവിയൂർ പൊന്നമ്മ വിളിക്കുന്നത് 'മമ്മൂസ്' എന്നാണ്. ഇപ്പോഴിതാ നടിയുമായുള്ള ഓർമ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത് കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ്.
"പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ…" എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിട്ടുള്ളത്.
മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും 'തനിയാവർത്തനം', 'വാത്സല്യം', 'തിങ്കളാഴ്ച്ച നല്ല ദിവസം' തുടങ്ങി നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കകത്ത് മാത്രമല്ല, പുറത്തും ഹൃദ്യമായ ബന്ധം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു. പൊതുവേദികളിലടക്കം അദ്ദേഹത്തോടുള്ള സ്നേഹം അവർ പ്രകടമാക്കിയിട്ടുണ്ട്.