കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ: ഇത്തവണ VIP പരിഗണനയില്ല | Dileep

നടൻ ക്ഷേത്ര പരിപാടിയിൽ നിന്ന് പിന്മാറിയതിൽ വിശദീകരണം നൽകിയിരുന്നു
കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ നടൻ ദിലീപ് ശബരിമലയിൽ: ഇത്തവണ VIP പരിഗണനയില്ല | Dileep
Updated on

പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമല ദർശനത്തിനായി എത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. ഇത്തവണ വി.ഐ.പി. പരിഗണനകൾ ഇല്ലാതെയാണ് ദിലീപ് ശബരിമലയിലെത്തിയത്.(Actor Dileep at Sabarimala, No VIP treatment this time)

കഴിഞ്ഞ തവണ ദിലീപ് ശബരിമലയിലെത്തിയപ്പോൾ വി.ഐ.പി. പരിഗണന ലഭിച്ചതും 10 മിനിറ്റിലധികം ശ്രീകോവിലിന് മുന്നിൽ നിന്നതും ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ ഇത്തവണ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോ പോലീസ് സുരക്ഷയോ അദ്ദേഹത്തിനൊപ്പമില്ല. ദിലീപിന്റെ പരിചയക്കാരാണ് കൂടെയുണ്ടായിരുന്നത്. അദ്ദേഹം ഇരുമുടി കെട്ടില്ലാതെ, പതിനെട്ടാംപടി ചവിട്ടാതെ, ജീവനക്കാരുടെ ഗേറ്റ് വഴിയാണ് സോപാനത്തിലേക്ക് എത്തിയത്.

ഇന്ന് രാവിലെ പി.ആർ.ഒ. ഓഫീസിലെത്തിയ ശേഷം തന്ത്രിയുടെ ഓഫീസിലേക്ക് പോയ ദിലീപ് വഴിപാടുകളടക്കം നടത്തുമെന്നാണ് വിവരം. നേരത്തെ, നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് ശേഷമുള്ള വാദപ്രതിവാദങ്ങൾക്കിടെ എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ കൂപ്പൺ വിതരണോദ്ഘാടന പരിപാടിയിൽ നിന്ന് ദിലീപ് പിന്മാറിയത് വിവാദമായിരുന്നു.

ദിലീപിനെ ഉദ്ഘാടകനായി തീരുമാനിച്ചത് കൊച്ചിൻ ദേവസ്വം ബോർഡ് അല്ല, ക്ഷേത്ര ഉപദേശക സമിതിയാണെന്ന് പ്രസിഡന്റ് എസ്. അശോക് കുമാർ വ്യക്തമാക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ദിലീപിനെ എതിർത്തും അനുകൂലിച്ചും ചർച്ചകൾ സജീവമായതോടെ, പ്രശ്നം രമ്യമായി പരിഹരിക്കാൻ ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപ് ഇന്നലെ രാത്രി വിളിച്ച് പിന്മാറ്റം അറിയിക്കുകയായിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ത്രീകളടക്കമുള്ളവർ ദിലീപിന്റെ സാന്നിധ്യത്തിനെതിരെ എതിർപ്പ് ഉയർത്തിയതായും വിവരമുണ്ട്. ദിലീപ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങ് തന്ത്രി നിർവഹിക്കും.

Related Stories

No stories found.
Times Kerala
timeskerala.com