
പ്രശസ്ത ഗായകൻ ജി. വേണുഗോപാലിന്റെ മകനും പിന്നണി ഗായകനുമായ അരവിന്ദ് വേണുഗോപാൽ വിവാഹിതനാകുന്നു. നടിയും നർത്തകിയും മോഡലുമായ സ്നേഹ അജിത്ത് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ കഴിഞ്ഞ വിവരം ജി. വേണുഗോപാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
വേണുഗോപാലിന്റെ കുറിപ്പ് :
മകനും മരുമകൾക്കും ആശംസകൾ അറിയിച്ചുകൊണ്ട് വേണുഗോപാൽ കുറിച്ചു, "അരവിന്ദിൻ്റെ ജീവിതത്തിലേക്ക് ഒരു കൂട്ടുകാരി എത്തുന്നു. ഞങ്ങൾക്ക് ഒരു മകൾ കൂടി. സ്നേഹ. കല്യാണ തീയതിയും മറ്റ് കാര്യങ്ങളും വഴിയേ അറിയിക്കാം. ഇതേ ഇടത്തിലൂടെ." അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ സന്തോഷ വാർത്ത കുറിച്ചത്.
അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ് അരവിന്ദ് വേണുഗോപാൽ. 'ദി ട്രെയ്ൻ' എന്ന ചിത്രത്തിലൂടെയാണ് അരവിന്ദ് പിന്നണി ഗായകനായി അരങ്ങേറ്റം കുറിച്ചത്. കപ്പ ടിവിയിലെ 'മ്യൂസിക് മോജോ' എന്ന പരിപാടിയിലെ കവർ സോങ്ങുകളിലൂടെ അരവിന്ദ് ശ്രദ്ധ നേടിയിരുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ അരവിന്ദ് പാടി അഭിനയിച്ചിട്ടുണ്ട്.
കൂടാതെ, നത്തോലി ഒരു ചെറിയ മീനല്ല, ഏയ്ഞ്ചൽസ്, മൈ ലൈഫ് പാർട്ണർ, സൺഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം, എങ്കിലും ചന്ദ്രികേ തുടങ്ങിയ നിരവധി മലയാള സിനിമകളിലും അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. മൺസൂൺ രാഗ എന്ന ചിത്രത്തിലൂടെ അദ്ദേഹം കന്നഡയിലും അരങ്ങേറ്റം കുറിച്ചു.
അരവിന്ദിന്റെ പ്രതിശ്രുത വധുവായ സ്നേഹ അജിത്ത് ക്ലാസിക്കൽ ഡാൻസറും മോഡലുമാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചിട്ടുണ്ട്.