
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് ഉമ തോമസ് എം എൽ എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച് പരിപാടിയുടെ സംഘാടകർ.(Uma Thomas stage accident incident )
അതേസമയം, ഗിന്നസ് വേള്‍ഡ് റെക്കോർഡ് മുന്നിൽ കണ്ടുകൊണ്ട് നടത്തിയ നൃത്ത പരിപാടിക്ക് സ്റ്റേഡിയം വിട്ടുകൊടുത്തു കൊണ്ടുള്ള ജി സി ഡി എയുടെയും സംഘാടകരുടെയും കരാർ പുറത്തുവന്നു. സംഘാടകർ അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ്. അധികനിർമ്മാണത്തിന് അനുമതി തേടിയിരുന്നില്ല. സ്റ്റേജും ഇതിൽ ഉൾപ്പെടുന്നു. ഇതിനായി കൊച്ചി കോർപ്പറേഷൻ, ഫയർഫോഴ്‌സ് എന്നിവരിൽ നിന്നും അനുമതി തേടണമെന്ന് ജി സി ഡി എ അറിയിച്ചിരുന്നു.
സംഭവത്തിൽ 'മൃദംഗനാഥം' പരിപാടിയുടെ ഇവൻറ് മാനേജർ പോലീസ് കസ്റ്റഡിയിലായി. കഡസ്റ്റഡിയിലുള്ളത് ഓസ്‌കാര്‍ ഇവൻറ്സിൻ്റെ മാനേജര്‍ കൃഷ്ണകുമാറാണ്.
ഇയാളുമായി പോലീസ് കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പ് നടത്തുകയാണ്. പോലീസിൻ്റെ അന്വേഷണം നടക്കുന്നത് പി ഡബ്ല്യൂ ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് സംഭവത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ മനസിലാക്കിക്കൊണ്ടാണ്.
നൃത്തപരിപാടിക്കായുള്ള സ്റ്റേജ് നിർമ്മിച്ചത് അപകടകരമായ രീതിയിലാണ് എന്ന് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഉമ തോമസ് എം എൽ എയെ പരിപാടിയിലേക്ക് ക്ഷണിച്ച് കൊണ്ടുവന്നത് കൃഷ്ണകുമാർ തന്നെയാണ്.
സ്റ്റേജ് ക്രമീകരിച്ചിരുന്നത് കൃത്യമായ ബാരിക്കേഡുകൾ ഇല്ലാതെയും, ഒരാൾക്ക് പോലും നടന്നുപോകാൻ സ്ഥലമില്ലാത്ത രീതിയിലുമാണ്. അപകടത്തിലേക്ക് നയിച്ചത് ഇതാണെന്നാണ് വിലയിരുത്തുന്നത്.