

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു ഇന്ന് തിരശീലവീഴും. 249 ഇനങ്ങളില്‍ 235 ഇനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഹയര്‍ സെക്കൻഡറിയിലെ നാടോടിനൃത്തവും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗോത്രകലയായ ഇരുളനൃത്തവും ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. (Kerala State School Kalolsavam)
നിലവിൽ 955 പോയിന്റുമായി തൃശൂർ ആണ് മുന്നിൽ. 951 പോയിന്റുകൾ വീതം നേടി കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. 949 പോയിന്റുമായി കോഴിക്കോട് ആണ് തൊട്ടുപിന്നിൽ. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്സെക്കന്ഡറിയാണു മുന്നില്‍.
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ രണ്ടും വയനാട് മാനന്തവാടി എംജിഎം എച്ച്എസ്എസ് മൂന്നും സ്ഥാനത്തുണ്ട്. സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ അവസാന നിമിഷംവരെ കാത്തിരിക്കണം. ഫോട്ടോഫിനിഷിംഗില്‍ മാത്രമേ വിജയിയെ നിശ്ചയിക്കാന്‍ സാധിക്കൂ.