
കൊച്ചി: സിനിമാമേഖലയിലെ ലൈംഗിക ചൂഷണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകന്‍ രഞ്ജിത്തിനെതിരെ നല്‍കിയ പരാതിയില്‍ എടുത്ത കേസ് കൊച്ചി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
ഈ കേസിൻ്റെ അന്വേഷണച്ചുമതല പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട എസ് പി പൂങ്കുഴലിക്കാണ്. നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ്. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
നടി വെളിപ്പെടുത്തിയത് ലൈംഗികാതിക്രമം ഉണ്ടായത് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോഴാണ് എന്നാണ്. അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണെന്നും, സ്ത്രീത്വത്തെ അപമാനിച്ചുവെന്നും പറയുന്ന പരാതിയിൽ, ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാമർശിക്കുന്നു. രഞ്ജിത്ത് ആരോപണത്തെത്തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചിരുന്നു.
അതോടൊപ്പം ഇന്ന് യുവകഥാകാരി സംവിധായകന്‍ വി കെ പ്രകാശിനെതിരെ നൽകിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുന്നതായിരിക്കും. കഥ പറയാൻ 2022ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തിയ ഇയാൾ അതിക്രമം കാണിച്ചെന്നാണ് ആരോപണം. പരാതിപ്പെടാതിരിക്കാനായി തനിക്ക് ഡ്രൈവറുടെ അക്കൗണ്ടിൽ നിന്നും പതിനായിരം രൂപ അയച്ചുവെന്നും ഇവർ പറയുന്നു.
ഇന്ന് നടൻ സിദ്ദിഖിനെതിരെ പീഡന പരാതി നൽകിയ രേവതി സമ്പത്തിൻ്റെ മൊഴി രേഖപ്പെടുത്തും. അതോടൊപ്പം ഡി ജി പിക്ക് സിദ്ദിഖ് നൽകിയ പരാതിയും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
ഇന്ന് തിരുവനതപുരത്ത് സിനിമാമേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിൻ്റെ ആദ്യയോഗം ചേരും. യോഗം ചേരുന്നത് ക്രൈംബ്രാഞ്ച് മേധാവിയുടെ ഓഫീസിലാണ്.