
കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ അർജുന്റെ മൃതദേഹം കോഴിക്കോട്ട് എത്തിച്ചു. കോഴിക്കോട്ട് അഴിയൂർ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി എ.കെ. ശശീന്ദ്രൻ ഏറ്റുവാങ്ങി. (shirur arjun funeral today kannadikkal Kozhikode)
കാസർഗോട്ടുനിന്ന് കേരള-കർണാടക പോലീസിന്റെ അകമ്പടിയോടെയാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് കൊണ്ടുവരുന്നത്. കർണാടകയുടെ പ്രതിനിധിയായി കാർവാർ എംഎൽഎ സതീഷ് സെയിനും വാഹനത്തെ അനുഗമിക്കുന്നുണ്ട്.
കാസർഗോട്ട് സംസ്ഥാന അതിർത്തിയിൽ അർജുന്റെ മൃതദേഹം കേരളാ പോലീസ് ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരാണ് അർജുന് അന്ത്യാഞ്ജലി അർപ്പിക്കാൻ കാസർഗോട്ട് കാത്തുനിന്നത്. അർജുനുമായുള്ള ആംബുലൻസ് രാവിലെ 8.30 ഓടെ ജന്മനാടായ കണ്ണാടിക്കലിൽ എത്തും. തുടർന്ന് വിലാപയാത്രയായി വീട്ടിലെത്തിക്കും. ഒരു മണിക്കൂർ വീട്ടിൽ പൊതുദർശനം ഉണ്ടാകുമെന്നാണ് വിവരം. തുടർന്ന് വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും.