
തിരുവനന്തപുരം: ക്യാംപ് ഒഴിഞ്ഞാൽ സ്കൂൾ തുറക്കുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. കുട്ടികൾക്കായി പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ശിവൻകുട്ടി വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത് മേപ്പാടി സ്‌കൂളിലാണ്. വാടകവീട്ടിലേക്ക് ഇവിടെക്കഴിയുന്നവരെ മാറ്റുകയാണ്. കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും, സ്‌കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയാറായി കഴിഞ്ഞുവെന്ന് മന്ത്രി അറിയിച്ചു.
എത്രയും പെട്ടെന്ന് തന്നെ ക്ലാസുകൾ ആരംഭിക്കാനായി കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് പറഞ്ഞ വി ശിവൻകുട്ടി, ദുരിതമേഖലയിലെ വിദ്യാർത്ഥികൾക്ക് ഓണപ്പരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.