
ന്യൂഡൽഹി: കമ്യൂണിസ്റ്റ് പാർട്ടിയുടെ അമരക്കാരന് നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി രാജ്യതലസ്ഥാനം. സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഒടുവിലായി പാർട്ടി ആസ്ഥാനമായ എകെജി ഭവനിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി, പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ഇവിടെ അന്ത്യോപചാരം അർപ്പിക്കാൻ വന്നു. പ്രിയ സഖാവിനെ ഒരു നോക്കുകാണാനും വിപ്ലവാഭിവാദ്യം നേരാനുമായി നൂറുകണക്കിനു പ്രവർത്തകരും നേതാക്കളുമാണ് ഇവിടെ എത്തിയിട്ടുള്ളത്.
രാവിലെ ഒൻപതു മണിയോടെയാണ് വസന്ത്കുഞ്ചിലെ വീട്ടിൽനിന്ന് യെച്ചൂരിയുടെ ഭൗതികശരീരം എകെജി ഭവനിൽ കൊണ്ടുവന്നത്. വൈകീട്ട് മൂന്നു വരെ ഇവിടെ പൊതുദർശനം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് 14 അശോക റോഡ് വരെ വിലാപയാത്ര നടക്കും. തുടർന്ന് യെച്ചൂരിയുടെ ആഗ്രഹം പോലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹം ഡൽഹി എയിംസിനു കൈമാറും.